മാസങ്ങള്‍ക്കകം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് എല്ലാവരും വിശേഷിപ്പിച്ച തദ്ദേശതിരഞ്ഞെടുപ്പിന് ശനിയാഴ്ച കൊട്ടില്ലാത്ത കലാശം. നഗരത്തില്‍ ഒന്നും സംഭവിച്ചില്ല. അലര്‍ച്ചയും അട്ടഹാസവും വാടാപോടാവിളികളും മുദ്രാവാക്യങ്ങളും ഉന്തും തള്ളുമൊന്നുമില്ലാതെ ഒരു സങ്കീര്‍ത്തന സായാഹ്നം എന്നു വേണമെങ്കില്‍ പറയാം. ചില്ലറ മൈക്ക്സെറ്റ് വണ്ടികള്‍ ഓടിയത് മിച്ചം.

കാര്യം പഞ്ചായത്താണെങ്കിലും, കൊട്ടിക്കലാശമില്ലെങ്കിലും പ്രചാരണം കാര്യമായിത്തന്നെ നടന്നു ഈ തിരഞ്ഞെടുപ്പില്‍. ടെക്കികളും ഫ്രീക്കന്‍മാരും ഗൂഗിള്‍ക്കാരും എഫ്.ബി.ക്കാരും ഒക്കെ മൊബൈലില്‍ പ്രചാരണം തകര്‍ത്തു. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കാണിച്ചു എല്ലാവരും. 'കോവിഡല്ല ഓന്റെ ബല്യകാരണോര്‍ വന്നാലും ഒരു ചുക്കൂല്ലടാ' എന്നും പറഞ്ഞാണ് നേതാക്കളടക്കം രംഗത്തിറങ്ങിയത്. മുഖംമൂടിസ്ഥാനാര്‍ഥികള്‍ എല്ലാം വീട്ടിലും നാലും അഞ്ചും പ്രാവശ്യം കയറി. കൊച്ചുകുട്ടികള്‍ വരെ നിരന്തര മുഖംമൂടി സന്ദര്‍ശകരെ കണ്ട് അമ്പരന്നു.

തെക്കുനിന്നും ചെറുതും വലുതുമായ എല്ലാ ഭയങ്കര നേതാപ്പടകളും കണ്ണൂരെത്തി. മുഖ്യമന്ത്രി നാലഞ്ചുദിവസം കണ്ണൂരില്‍ തന്നെ. കെ.സി. വേണുഗോപാലും, ഉമ്മന്‍ ചാണ്ടിയുംമുതല്‍ ചാണ്ടി ഉമ്മന്‍വരെയും എ. വിജയരാഘവന്‍മുതല്‍ സുരേഷ്ഗോപിവരെയും സന്ദര്‍ശിച്ചു, സഞ്ചരിച്ചു, പ്രസംഗിച്ചു. എല്ലാ പ്രചാരണവും ഓണ്‍ലൈനില്‍ തരംഗമായി. സ്ഥാനാര്‍ഥികള്‍ സിനിമാതാരങ്ങളെ പോലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. സിനിമാക്കഥപോലെ ചില സ്ഥലത്ത് ഒരു വനിതാസ്ഥാനാര്‍ഥിയെ കാണാതായ വാര്‍ത്തയും വന്നു. ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പായാല്‍ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷപ്പെടലും ഒക്കെ ഉണ്ടാവുമെന്ന് സമാധാനിക്കാം.

പണ്ടൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു എടുപ്പില്ലായിരുന്നു. സ്ഥാനാര്‍ഥികളെ കിട്ടാന്‍ പെടാപ്പാടായിരുന്നു. വനിതാസ്ഥാനാര്‍ഥികളെ കിട്ടാനാ കഷ്ടം. പലരെയും കണ്ടംവരെ ഓടിച്ച് പിടിച്ചായിരുന്നു നിര്‍ത്തുക. ജയിച്ചാല്‍ ചിലപ്പോള്‍ മേയറോ പഞ്ചായത്ത് പ്രസിഡന്റോ ആയിപ്പോകാനും മതി. സംഗതി മാറി. പഞ്ചായത്ത് മെമ്പര്‍ക്കും ഇപ്പോ ഒരു എം.പി. ഗമയാണ്. സീറ്റിന് ശരിക്കും ലോക്സഭാ സീറ്റിന്റെ പിടിവലിയായിരുന്നു. കോര്‍പ്പറേഷന്‍ സീറ്റിലാണെങ്കില്‍ കൊല്ലും കൊലയും വരെ നടക്കുമെന്നായി. കിട്ടാത്ത നിര്‍ദയന്‍മാര്‍ വിമതന്‍മാരായി കച്ചകെട്ടി നിരന്നു. പത്തുവോട്ടെങ്കില്‍ അതില്‍ പിടിച്ച് സീറ്റ് തരാത്തവന്റെ സ്ഥാനാര്‍ഥിയെ ശരിക്കും ശരിയാക്കാനുള്ള നീക്കമാണ് പലരും നടത്തുന്നത്. ചില വിമതര്‍ക്ക് രക്ഷപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.

ഈ തിരഞ്ഞെടുപ്പ് മാസങ്ങള്‍ കഴിഞ്ഞുവരുന്ന ബല്യപരീക്ഷയ്ക്ക് മുന്‍പുള്ള ചെറിയ പരീക്ഷ. എല്ലാവര്‍ക്കും പേടിയുണ്ട്. നെഞ്ചില്‍ ശിവകാശിപ്പടക്കം വെച്ച സ്ഥിതി. ഒരു കൊല്ലം മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഗ്ലാമര്‍ വിജയമൊന്നും യു.ഡി.എഫ്. പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും കണ്ണൂരില്‍. വികസനം കൊണ്ട് പഞ്ചായത്ത് വോട്ടുവരുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. സ്വര്‍ണക്കടത്തും മയക്കുമരുന്നു കേസും ഒക്കെ ഒരു വല്ലാത്ത തലവേദനയായി എല്‍.ഡി.എഫിന്റെ തലയില്‍ ചെന്നിക്കുത്തായി കേറിയിരിപ്പുണ്ട്. പഞ്ചായത്ത് കാര്യം പറയുമ്പോ പഞ്ചാബിന്റെ കാര്യം പറയേണ്ട എന്നാണ് എല്‍.ഡി.എഫ്. പറയുന്നത്. പഞ്ചായത്തും പറയും പഞ്ചാബും പറയും എന്ന് യു.ഡി.എഫ്. ബി.ജെ.പി.ക്കാരും കണക്ക് കൂട്ടലിലാണ്. ഇക്കുറി രണ്ട് മുന്നണികളുടെ മടിക്കുത്തില്‍നിന്നും വോട്ടു വാരും എന്ന് അവര്‍ പറയുന്നു. ശബരിമല സീസണ്‍ കോവിഡ് വിഴുങ്ങിയതിനാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ അലക്കാന്‍ പറ്റിയില്ല എന്ന സങ്കടവും അവര്‍ക്കുണ്ട്.

പണ്ടത്തെപോലെ കള്ളവോട്ട്, കേന്ദ്രസേന, പട്ടാളം എന്ന മുറവിളികളൊന്നും അധികം കേട്ടില്ല. കോവിഡ് കാലത്ത് ഒരു വോട്ട് ചെയ്യാന്‍ തന്നെ വരുമോ എന്ന പേടിയിരിക്കെ കള്ളവോട്ട് ചെയ്യുന്നത് നടക്കില്ല. എങ്കിലും കൈക്ക് വല്ലാത്ത ഇരിച്ചലുള്ള ചില വിരുതര്‍ അതിന് തുനിഞ്ഞേക്കാം. പണ്ട് പര്‍ദധരിച്ച് കള്ളവോട്ട് ചെയ്ത സംഭവം പിടിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും മുഖംമൂടിയിട്ടാണ് എല്ലാ വോട്ടറുടെയും വരവ്. കള്ളവോട്ടേത് നല്ലവോട്ടേത് എന്ന് തിരിച്ചറിയാന്‍ ചില്ലറ പ്രശ്‌നം ഉണ്ടാകുമെന്ന് സംശയമുണ്ട്. പേടിക്കേണ്ട സംശയം ഉണ്ടെങ്കില്‍ മുഖംമൂടി നീക്കാന്‍ പറയാം. കോവിഡായതിനാല്‍ ബൂത്തില്‍ വലിയ ഉന്തും തള്ളുമുണ്ടാവില്ല. പിന്നെ സമയവും ഇച്ചിരി കൂട്ടിയിട്ടുണ്ട്.

അപൂര്‍വ കാലഘട്ടത്തിലെ ഈ തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ സമ്മതിദാനം വിനിയോഗിക്കാം. ജയിക്കേണ്ടവര്‍ ജയിക്കട്ടെ അത്രമാത്രം.