കണ്ണൂര്‍: നഗരസഭകളില്‍ ആര് ഭരിക്കുമെന്നതിന് രണ്ടിടത്ത് ആദ്യമേ ഉത്തരം പറയാനാവും -ആന്തൂരിലും കൂത്തുപറമ്പിലും. പിന്നെയും ചോദിച്ചാല്‍ തലശ്ശേരിയും പയ്യന്നൂരുമെന്ന മറുപടിയാവും കിട്ടുക. പിന്നെയും ചോദിച്ചാല്‍ തളിപ്പറമ്പും പാനൂരും. എന്നാല്‍ പ്രവചനത്തിന് സാധ്യതയേയില്ല ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും. ആദ്യം പറഞ്ഞ നഗരസഭകളുടെ കാര്യത്തില്‍ ഊഹിച്ച് ഉത്തരംപറയുന്നവരും സമ്മതിക്കും, പൊടിപാറുന്ന മത്സരംതന്നെയാണ് എല്ലായിടത്തും.

മൊറാഴ സംഭവത്തിന്റെ നാടായ ആന്തൂര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവുംവലിയ കേന്ദ്രമായിത്തന്നെ തുടരുകയാണ്. കഴിഞ്ഞതവണ എതിരില്ലാതെ ജയിച്ച സീറ്റുകളുടെ എണ്ണവുമായി തട്ടിക്കുമ്പോള്‍ ഇത്തവണ എതിരില്ലാതെ ജയിച്ച സീറ്റ് കുറവാണ്. വസ്തുതാവിരുദ്ധമായി ആരോപണമുന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ശത്രുപക്ഷത്തിനെതിരേ ഇത്തവണ ആന്തൂര്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്നും അത് സമ്പൂര്‍ണവിജയം കൂടുതല്‍ തിളക്കമാര്‍ന്നതാക്കുമെന്നാണ് സി.പി.എം. അവകാശവാദം. എന്നാല്‍, ഭീഷണികളെയും ഏകാധിപത്യ സമീപനത്തിനെതിരേയും ജനങ്ങളുടെ നിശ്ശബ്ദ പ്രതികരണം യു.ഡി.എഫിന് അനുകൂലമായുണ്ടാകുമെന്നും അത് നല്ലനിലയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്നും യു.ഡി.എഫ്. പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ആന്തൂരില്‍ 28-ല്‍ 28-ഉം ജയിച്ചതുപോലെ കൂത്തുപറമ്പില്‍ സാധിക്കാതെ പോയത് ഒരു സീറ്റ് നഷ്ടപ്പെട്ടതിനാലാണെന്നും ഇത്തവണ ആ ന്യൂനത പരിഹരിക്കുമെന്നുമാണ് എല്‍.ഡി.എഫ്. അവകാശവാദം. കഴിഞ്ഞതവണ നാല് വോട്ടിനാണ് ബി.ജെ.പി. ഒരു സീറ്റില്‍ തോറ്റത്. ഇത്തവണ അവിടെ ഇഞ്ചോടിഞ്ചിന് മത്സരമാണ്. തൊട്ടടുത്തുള്ള വാര്‍ഡില്‍ യു.ഡി.എഫിന്റെ പത്രിക തള്ളിപ്പോയതാണ്. അവിടെ സി.പി.എമ്മും ബി.ജെ.പി.യും നേരിട്ടാണിപ്പോള്‍ മത്സരം. ഇത് തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി.യും സീറ്റ് വര്‍ധിപ്പിക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.

പയ്യന്നൂര്‍ പാരമ്പര്യം നിലനിര്‍ത്തി ഇടതുപക്ഷത്തിനൊപ്പംതന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും ആരും ഉന്നയിക്കുന്നില്ലെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തി വര്‍ധിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നു. കഴിഞ്ഞതവണ 44-ല്‍ 12 വാഡില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ജനവികാരം അനുകൂലമണ്, അത് വോട്ടിങ്ങില്‍ പ്രതിഫലിക്കും. അങ്ങിനെ പയ്യന്നൂരിലും മാറ്റമുണ്ടാവുമെന്ന് യു.ഡി.എഫ്. പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍, നഗരസഭാ ഭരണത്തിലെ മികവും നഗരസഭയും സര്‍ക്കാരും പ്രദേശത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ചില വാര്‍ഡുകള്‍ കൂടി നേടാന്‍ സഹായകമാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ബി.ജെ.പി.യും പ്രചാരണ രംഗത്ത് ശക്തമായ ചലനം സൃഷ്ടിക്കുന്നു.

തലശ്ശേരിയില്‍ കുറെ മുമ്പ് കൂട്ടിച്ചേര്‍ക്കപ്പെട്ട പഴയ കോടിയേരി പഞ്ചായത്ത് ഭാഗമാണ് സി.പി.എമ്മിന്റെ ശക്തികേന്ദ്രം. അതേവരെ നഗരസഭാഭരണത്തില്‍ മാറ്റംമറിച്ചലുകളുണ്ടായിരുന്നു. കോടിയേരി കൂട്ടിച്ചേര്‍ത്തതോടെ എല്‍.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കഴിഞ്ഞതവണ 52-ല്‍ 35 വാഡില്‍ വിജയിച്ചാണ് ഭരണം നേടിയത്. ബി.ജെ.പിയും ശക്തമായി പൊരുതുന്നുവെന്നത് ശരിക്കുള്ള ത്രികോണമത്സരം മിക്ക വാര്‍ഡിലുമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞതവണ ആറ് സീറ്റ് നേടിയ ബി.ജെ.പി.ക്ക് പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നഷ്ടമായി. ഭരണം നേടാനായില്ലെങ്കിലും സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു. മത്സരം ശക്തമാണെന്ന് സമ്മതിക്കുമ്പോഴും കഴിഞ്ഞതവണത്തേതുപോലുള്ള വിജയം ആവര്‍ത്തിക്കാനാവുമെന്നതില്‍ എല്‍.ഡി.എഫിന് സംശയമേയില്ല. എന്നാല്‍ ഇത്തവണ ഭാരണമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് യു.ഡി.എഫ്. പറയുന്നത്.

തളിപ്പറമ്പില്‍ 34-ല്‍ 22 സീറ്റ് നേടിയാണ് യു.ഡി.എഫ്. കഴിഞ്ഞതവണ ഭരണത്തിലെത്തിയത്. ചില മേഖലകളില്‍ ബി.ജെ.പി.ക്കും സ്വാധീനമുണ്ടെങ്കിലും ഭൂരിഭാഗം വാഡിലും ഏറെക്കുറെ നേരിട്ടുള്ള മത്സരമാണ്. യു.ഡി.എഫ്. വിജയം ആവര്‍ത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും മത്സരം കഴിഞ്ഞതവണത്തേതിനേക്കാള്‍ കടുത്തതാണെന്ന് സമ്മതിക്കുന്നു. കഴിഞ്ഞതവണ കോണ്‍ഗ്രസ് ജയിച്ച ഏഴ് വാര്‍ഡുകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന എല്‍.ഡി.എഫ്. ഫലം കഴിഞ്ഞതവണത്തേതിന്റെ ആവര്‍ത്തനമാവില്ലെന്ന് അവകാശപ്പെടുന്നു. കഴിഞ്ഞതവണ ഒരു വാര്‍ഡില്‍ വിജയിച്ച ബി.ജെ.പി. ഇത്തവണ കൂടുതല്‍ സീറ്റ് നേടാനാവുമെന്ന പ്രതീക്ഷയിലാണ്.

പാനൂരില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ട്. 40-ല്‍ 23 വാഡില്‍ വിജയിച്ചാണ് കഴിഞ്ഞതവണ ഭരണത്തിലെത്തിയത്. 23-ല്‍ 15-ഉം മുസ്ലിം ലീഗ് പ്രതിനിധികള്‍. കഴിഞ്ഞതവണ മറുപക്ഷത്തായിരുന്ന ലോക് താന്ത്രിക് ജനതാദള്‍ ഇത്തവണ എല്‍.ഡി.എഫിന്റെ ഭാഗമായത് അനുകൂലമായ മാറ്റമുണ്ടാക്കുമെന്ന അവകാശവാദമുണ്ട്.

ഇരിട്ടിയും ശ്രീകണ്ഠപുരവും ഏറെ ശ്രദ്ധേയം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ഇരിട്ടിയും ശ്രീകണ്ഠപുരവുമാണ് ഇത്തവണ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സ്ഥലങ്ങള്‍. ഇരിട്ടിയില്‍ കഴിഞ്ഞതവണ 33-ല്‍ 15 സീറ്റ് കിട്ടിയ യു.ഡി.എഫ്. പ്രതിപക്ഷത്തും 13 സീറ്റ് കിട്ടിയ എല്‍.ഡി.എഫ്. ഭരണത്തിലുമായത് മുസ്ലിം ലീഗിലെ മൂന്നംഗങ്ങളുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്. എന്നാലും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഭരണകാലാവധി തികയ്ക്കാനായി. അഞ്ച് സീറ്റ് നേടിയ ബി.ജെ.പി. ഇത്തവണ കുറേക്കൂടി മുന്നോട്ടുപോകുമെന്ന് അവകാശപ്പെടുന്നു. ബി.ജെ.പി. മുന്നേറ്റം കഴിഞ്ഞതവണ യു.ഡി.എഫിനാണ് വിനയായതെങ്കില്‍ ഇത്തവണ എല്‍.ഡി.എഫിനെയാണ് ബാധിക്കുകയെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറയുന്നു. ഇത്തവണ മുസ്ലിം ലീഗില്‍ പൂര്‍ണ ഐക്യമാണെന്നും അത് യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുമെന്നും അവകാശപ്പെടുന്നു. അതേസമയം കഴിഞ്ഞതവണത്തെപ്പോലെയല്ല, വ്യക്തമായ ഭൂരിപക്ഷത്തോടെതന്നെ ഇത്തവണയും ഭരണത്തിലെത്തുമെന്ന് എല്‍.ഡി.എഫും. ബി.ജെ.പി. ഇവിടെ നിര്‍ണായക ഘടകമാകുമെന്നതില്‍ സംശയമില്ല.

ശ്രീകണ്ഠപുരത്ത് തീപ്പൊരിചിതറുന്ന പോരാട്ടമാണ്. കഴിഞ്ഞതവണ 30-ല്‍ 14 സീറ്റ് ലഭിച്ച യു.ഡി.എഫ്. മൂന്ന് വിമതരുടെ പിന്‍ബലത്തിലാണ് ഭരണത്തിലെത്തിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍വരെ ജയിച്ചവരുണ്ട്. വിരലിലെണ്ണാവുന്നത്ര മാത്രം വോട്ടിന്റെ ഭൂരിപക്ഷമുള്ള വാഡുകളില്‍ ഇത്തവണ കടുത്ത മത്സരമാണ്. ഇരുമുന്നണിയും വന്‍ ഭൂരിപക്ഷം അവകാശപ്പെടുന്നില്ല, വിജയം ഉറപ്പാണെന്ന് മാത്രം പറയുമ്പോള്‍ മത്സരത്തിന്റെ കാഠിന്യം ഊഹിക്കാം.