കണ്ണൂര്‍: നാലാംതവണയും സ്വതന്ത്രനായി മത്സരിക്കുന്നതിന്റെ ത്രില്ലിലാണ് തൈക്കണ്ടി മുരളീധരന്‍. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേലെചൊവ്വ ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുന്ന മുരളീധരന്‍ നേരത്തെ രണ്ടുതവണ എളയാവൂര്‍ പഞ്ചായത്തിലും ഒരു തവണ കണ്ണൂര്‍ കോര്‍പ്പറേഷനിലും മത്സരിച്ച് വിജയിച്ചു.

തന്റെ രാഷ്ടീയം സാമൂഹികപ്രവര്‍ത്തനമാണെന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായ തനിക്ക് എല്‍.ഡി.എഫ്. തന്ന പിന്തുണയാണ് തുടര്‍ച്ചയായ വിജയത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു. 2005-ല്‍ എളയാവൂര്‍ പഞ്ചായത്തിലെ പാതിരിപ്പറമ്പില്‍നിന്ന് വിജയിച്ചു. തുടര്‍ന്ന് 2010-ല്‍ മേലെചൊവ്വ ഉള്‍പ്പടെയുള്ള 13-ാം വാര്‍ഡില്‍ വിജയിച്ചു. അതിനുശേഷമാണ് കോര്‍പ്പറേഷന്‍ അതിരകം ഡിവിഷനില്‍ മത്സരിക്കുന്നത്. ഇക്കുറിയും വിജയം തനിക്കുതന്നെയാവുമെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രനായി മൂന്നുതവണ വിജയിക്കുകയും നാലാംതവണ മത്സരിക്കുകയും ചെയ്യുന്ന അപൂര്‍വതയുണ്ട് തൈക്കണ്ടി മുരളീധരന്റെ കാര്യത്തില്‍. കഴിഞ്ഞതവണ മേയര്‍ ഇ.പി.ലത 27 വോട്ടിന് വിജയിച്ച ഡിവിഷനാണ് മേലെചൊവ്വ.

അതുപോലെ മറ്റൊരു അപൂര്‍വത മുണ്ടയാട് വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ഷാഹിനാമൊയ്തീനാണ്. വനിതാസംവരണമായപ്പോഴും ജനറല്‍ വാര്‍ഡായപ്പോഴും ഒരേസ്ഥലത്ത് മൂന്നാം തവണയാണ് ഷാഹിന മത്സരിക്കുന്നത്. ജനറല്‍ വാര്‍ഡായതിനാല്‍ മറ്റൊരു വനിതാസംവരണ വാര്‍ഡില്‍ മാറണമെന്ന് പാര്‍ട്ടി നിര്‍ബന്ധമുണ്ടായിട്ടും വാര്‍ഡിലെ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കുന്നെങ്കില്‍ ഇവിടെമാത്രം എന്നായിരുന്നു ഷാഹിനയുടെ നിര്‍ബന്ധം. ഏതായാലും അത് അംഗീകരിക്കപ്പെട്ടു. ഭൂരിപക്ഷം കൂട്ടുകതന്നെ ചെയ്യുമെന്ന് ഷാഹിന പറയുന്നു.

താണ വാര്‍ഡില്‍ മത്സരിക്കുന്ന വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്കുറി യു.ഡി.എഫ് പിന്തുണ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ലീഗ് തന്നെയാണ് മത്സരിച്ചത്. എങ്കിലും വെല്‍ഫയര്‍പാര്‍ട്ടി അധ്യാപികയും വെല്‍ഫയര്‍പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സി.പി.രഹനയെ രംഗത്തിറിക്കി. കഴിഞ്ഞ തവണ ഇവിടെ ഒറ്റയ്ക്ക് മത്സരിച്ച വെല്‍ഫയര്‍പാര്‍ട്ടിക്ക് 500-ലധികം വോട്ട് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി. രഹന മത്സരിക്കുന്നത്. ഇവിടെ ഞങ്ങളും ലീഗും തമ്മിലാണ് മത്സരമെന്ന് അവര്‍ പറയുന്നു. തികഞ്ഞ വിജയപ്രതീക്ഷയിലാണ് സി.പി.രഹന. മേലെചൊവ്വ ഡിവിഷനില്‍ സി.പി.എം. ലയനവിരുദ്ധരായ സി.എം.പി.യുടെ സി.ധീരജ് മത്സരിക്കുന്നുണ്ട്. എല്ലാവരെയുംപോലെ നല്ല പോരാട്ടം തന്നെയാണ് തങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. മൂന്നുവട്ടം വീടുകള്‍ മുഴുവന്‍ കയറിയിറങ്ങി. ശുഭപ്രതീക്ഷയുണ്ട്.

സ്വതന്ത്ര ഓട്ടോതൊഴിലാളി യൂണിയന്‍ നേതാവ് എന്‍.ലക്ഷ്മണന്‍ ഓട്ടോറിക്ഷാചിഹ്നത്തില്‍ മത്സരിക്കുന്നത് കാര്യമായിട്ടുതന്നെ. നഗരത്തിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് വിഷയം. വീടുകയറി വോട്ട് ചോദിക്കുന്നുണ്ട്.

തളാപ്പ്, എളയാവൂര്‍ നോര്‍ത്ത്, ആലിങ്കീല്‍, കിഴുന്ന, ആദികടലായി, പടന്ന, അറക്കല്‍, തായത്തെരു, ചാലാട്, പഞ്ഞീക്കീല്‍ എന്നിവിടങ്ങളില്‍ എസ്.ഡി.പി.ഐ. മത്സരിക്കുന്നുണ്ട്. പലസ്ഥലത്തും സ്വന്തമായ വോട്ട് ബാങ്ക് എസ്.ഡി.പി.ഐ.ക്കുണ്ട്. ചാലയില്‍ ഫോട്ടോഗ്രാഫറായ ടി.പി.വിപിന്‍ദാസ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പിന്തുണയോടെ മത്സരിക്കുന്നു. ക്യാമറയാണ് ചിഹ്നവും

കോണ്‍ഗ്രസിലെ ചില വിമതസ്ഥാനാര്‍ഥികളും വോട്ട് പിടിക്കുന്നണ്ട്, കാനത്തൂരില്‍ കെ.സുരേഷ് കോണ്‍ഗ്രസ് വിമതനാണെങ്കിലും വീടുകയറി പ്രചരണം ജോറാണ്. തായത്തെരുവില്‍ നൗഫലും വിമതസ്ഥാനാര്‍ഥിയാണ്. ഒരിക്കലും പിന്നോട്ടില്ലെന്ന് പറഞ്ഞുള്ള പ്രചാരണമാണ് നൗഫലും നടത്തുന്നത്. പള്ളിക്കുന്നില്‍ കോണ്‍ഗ്രസ് വിമതനായ കെ.പ്രേംപ്രകാശും പരമാവധി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്താഴക്കുന്നില്‍ ഐ.എന്‍.എല്‍. സ്ഥാനാര്‍ഥി അഷറഫ് പിടിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന് തന്നെയാണ് വിനയാവുക.