കണ്ണൂര്‍: കോവിഡ് രോഗവ്യാപനസാധ്യത ഒഴിവാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പ്രചാരണത്തിന്റെ കലാശക്കൊട്ട് ഒഴിവാക്കാന്‍ തീരുമാനം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ.ദേവപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

നേരത്തെ നടന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ യോഗത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണയായിരുന്നു.

വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി അനുമതിനല്‍കിയിട്ടുള്ള വാഹനങ്ങള്‍ വാര്‍ഡ് പരിധിയില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.

പ്രധാന ടൗണുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുകൊണ്ടുള്ള പ്രചാരണം അനുവദിക്കില്ല. പ്രചാരണത്തിന്റെ അവസാനസമയങ്ങളില്‍ എല്ലാ വാഹനങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നിച്ചെത്തുന്നതും പ്രവര്‍ത്തകര്‍ കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും കോവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കും. ഇക്കാര്യത്തില്‍ പ്രാദേശികതലത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായും സ്ഥാനാര്‍ഥികളുമായും ആശയവിനിമയം നടത്തി ആവശ്യമായ ക്രമീകരണങ്ങളും തീരുമാനങ്ങളുമെടുക്കാന്‍ പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രത്തില്‍ സുരക്ഷയും കോവിഡ് പ്രോട്ടോക്കോളും ഉറപ്പാക്കാനാവശ്യമായ പോലീസ് സംവിധാനം ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര യോഗത്തില്‍ അറിയിച്ചു.

20 കേന്ദ്രങ്ങളിലും ഒരു എസ്.ഐ.യും മൂന്ന് പൊലീസുകാരും അടങ്ങിയ സംഘമാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. പോളിങ് കഴിഞ്ഞ് ഇ.വി.എം. എത്തുന്നതോടെ 21 പേരടങ്ങിയ പോലീസ് സംഘം സുരക്ഷാചുമതല ഏറ്റെടുക്കും.

പോളിങ് സാമഗ്രികള്‍ ഒരു കിറ്റായി ഓരോ ടീമിന്റെയും വാഹനത്തില്‍ എത്തിച്ചുനല്‍കും. ഇ.വി.എം. ഏറ്റുവാങ്ങുന്നതിനായി ഓരോ ടീമില്‍നിന്ന് രണ്ടുപേര്‍ മാത്രം വിതരണ കൗണ്ടറില്‍ ചെന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ എ.ഡി.എം. ഇ.പി.മേഴ്സി, സബ് കളക്ടര്‍ അനുകുമാരി, അസി. കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ ( ഇലക്ഷന്‍) കെ.എം.അബ്ദുള്‍നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.