കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനത്തേക്കടുക്കുമ്പോള്‍ നിയമസഭാമണ്ഡലം പിടിക്കാനുള്ള വീറും വാശിയും കാണാം ഗ്രാമപ്പഞ്ചായത്തുകളില്‍. കോവിഡും പ്രളയവും സവിശേഷസ്ഥാനം നേടിക്കൊടുത്ത ഗ്രാമപ്പഞ്ചായത്ത് ഭരണസംവിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ മുന്നണികള്‍ ഏതറ്റംവരെയും പോകാന്‍ തയ്യാര്‍. ജനങ്ങളോട് ഏറ്റവും അടത്തുനില്‍ക്കുന്ന സംവിധാനമെന്ന നിലയില്‍ ജനമനസ്സില്‍ ബ്ലോക്ക് പഞ്ചായത്തുകേളക്കാള്‍ പ്രാധാന്യം ഗ്രാമപ്പഞ്ചായത്തുകള്‍ക്കുണ്ട്. പോരാട്ടം കനക്കുക സ്വാഭാവികം.

ഇടതുമേല്‍ക്കോയ്മ

നിലവില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യമുണ്ട് ഗ്രാമപ്പഞ്ചായത്തുകളില്‍. 71 പഞ്ചായത്തകളില്‍ 52-ഇടങ്ങളില്‍ ഭരണം അവര്‍ക്കാണ്, 18-ഇടങ്ങളില്‍ യു.ഡി.എഫ്. ലോക് താന്ത്രിക് ജനതാദള്‍ ഇടതുമുന്നണിയിലേക്ക് മാറിയതോടെ കുന്നോത്തുപറമ്പും ഇടത്തായി എന്നു പറയാം. ആകെയുള്ള 1166 വാര്‍ഡുകളില്‍ 771 എണ്ണം ഇടതുപക്ഷത്താണ്. യു.ഡി.എഫിന് 363. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ബി.ജെ.പി.ക്ക് 16 വാര്‍ഡുകള്‍. ഇതുവരെ ഒരു പഞ്ചായത്തിലും ഭരണം പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുമുന്നണി ഭരിക്കുന്ന പത്ത് പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ല. ഏഴിടത്ത് ഒരു പ്രതിപക്ഷാംഗമേ ഉള്ളൂ. യു.ഡി.എഫിലാകട്ടെ മാട്ടൂല്‍ പഞ്ചായത്തിന് ഏതാണ്ട് ഈ സ്വഭാവമാണ്. അവിടെ ഇടതുപക്ഷത്തിന് സീറ്റില്ല. എസ്.ഡി.പി .െഎക്ക് ഒന്നുണ്ട്. ഇത്തവണ പത്രികാസമര്‍പ്പണം കഴിഞ്ഞപ്പോള്‍ മലപ്പട്ടത്ത് അഞ്ചും കാങ്കോല്‍ ആലപ്പടമ്പില്‍ മൂന്നും അടക്കം പത്ത് പഞ്ചായത്തുവാര്‍ഡില്‍ സി.പി.എം. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, പെരിങ്ങോം വയക്കര പോലുള്ള ഇടതുശക്തികേന്ദ്രത്തില്‍ വിമതര്‍ രംഗത്തുവന്നത് അവര്‍ക്ക് ആഘാതമായിട്ടുണ്ട്. ഉളിക്കല്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ സി.പി.ഐ.യുടെ ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരേ സി.പി.എം. അനുഭാവി മത്സരിക്കുന്നു. 'മലയോരത്ത് ഞങ്ങള്‍ ഇക്കുറി അത്ഭുതം സൃഷ്ടിക്കും. ദേശീയതലത്തിലെ കര്‍ഷകപ്രക്ഷോഭവും ജോസ് മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശവും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് തറവില നിശ്ചയിച്ചതും ഞങ്ങള്‍ക്ക് ഗുണമാകും. വിശ്വാസിസമൂഹവും അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്ര പഞ്ചായത്ത് നേടും എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ, ഒട്ടും ആശങ്കയില്ല' -സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറയുന്നു.

മലനാടും യു.ഡി.എഫും

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് തിരിച്ചാല്‍ മലനാടും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന പഞ്ചായത്തുകളുമാണ് യു.ഡി.എഫ്. ശക്തികേന്ദ്രം. വടക്കേയറ്റത്തെ ചെറുപുഴ മുതല്‍ തെക്കേയറ്റത്തെ കൊട്ടിയൂര്‍ വരെ ഈ പ്രവണത കാണാം. ഇടനാടും തീരപ്രദേശവും ഇടത് ആഭിമുഖ്യത്തിലാണ്. ഇടനാട്ടിലും തീരപ്രദേശത്തുമാണ് ബി.ജെ.പി. സാന്നിധ്യമെന്ന് പൊതുവേ പറയാമെങ്കിലും മലനാട്ടിലും അവര്‍ക്ക് വളര്‍ച്ചയുണ്ട്. ജയിക്കാന്‍ പ്രയാസം, പക്ഷേ, സ്വാധീനിക്കാനാകും.

കുടിയേറ്റ കര്‍ഷകസമൂഹം നിര്‍ണായക സ്വാധീനം ചെലുത്തുന്ന മലയോരത്ത് പരമ്പരാഗതമായി യു.ഡി.എഫിന് മേല്‍ക്കോയ്മയുണ്ട്. ജോസ് മാണി വിഭാഗത്തിന്റെ മുന്നണിമാറ്റവും കാര്‍ഷികപ്രശ്‌നങ്ങള്‍ക്ക് കൈവന്ന രാഷ്ട്രീയപ്രാമുഖ്യവും ഇതില്‍ എത്ര മാറ്റം വരുത്തിയെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാനാകൂ. ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളില്‍ ശക്തി തെളിയിക്കാന്‍ ജോസ് മാണി വിഭാഗം ആഞ്ഞ്ശ്രമിക്കുന്നു.

ഉദയഗിരിയില്‍ നാലുവാര്‍ഡിലാണ് അവര്‍ മത്സരിക്കുന്നത്. മൂന്നിടത്ത് വിജയപ്രതീക്ഷ പുലര്‍ത്തുന്നു. പക്ഷേ, പാര്‍ട്ടി മുന്നണിമാറിയാലും അണികള്‍ മാറുക പ്രയാസമാണെന്ന് ഒരു വിഭാഗമെങ്കിലും കരുതുന്നു. വിമതശല്യമാണ് യു.ഡി.എഫിന്റെ മറ്റൊരു തലവേദന. പയ്യാവൂര്‍, ചെറുപുഴ, കണിച്ചാര്‍, കൊട്ടിയൂര്‍, കേളകം, എരുവേശി തുടങ്ങിയ പഞ്ചായത്തുകളില്‍ ഒന്നോ ഏറെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ കോണ്‍ഗ്രസ് വിമതരോ ഘടകകക്ഷിവിമതരോ രംഗത്തുണ്ട്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഉളിക്കലില്‍ അഞ്ചിടത്താണ് വിമതശല്യം. സണ്ണി ജോസഫ് എം.എല്‍.എ.യുടെ സഹോദരനും വിമതരോടൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിനുണ്ടാക്കുന്ന വിഷമം ചില്ലറയല്ല. അവര്‍ ഭരണത്തിലുള്ള തൃപ്രങ്ങോട്ട്, അടക്കമുള്ള ചില പഞ്ചായത്തുകളില്‍ മുസ്ലിം ലീഗുമായും അസ്വാരസ്യമുണ്ട്.

വളപട്ടണത്ത് എട്ടിടത്തെങ്കിലും ലീഗും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. എന്നാലും, കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇക്കുറി വിമതശല്യം കുറവാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ആശ്വസിക്കുന്നു. '15 പഞ്ചായത്തെങ്കിലും കൂടുതലായി യു.ഡി.എഫ്. നേടും. നാറാത്ത്, രാമന്തളി, ചെങ്ങളായി, കടമ്പൂര്‍, കേളകം തുടങ്ങിയവ യു.ഡി.എഫ്. കൂടുതലായി പ്രതീക്ഷിക്കുന്നു. നിലവിലുള്ളതൊന്നും നഷ്ടപ്പെടാന്‍ സാധ്യത കാണുന്നുമില്ല' -അദ്ദേഹം പറയുന്നു. ആകെ 886 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ഇക്കുറി മത്സരിക്കുന്നുണ്ട്.

ബി.ജെ.പി. പ്രതീക്ഷകള്‍

മൂന്നുപഞ്ചായത്തിലെങ്കിലും ഭരണം പിടിക്കുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. അവ ഏതൊക്കെ എന്ന് പുറത്തുപറയാന്‍ അവര്‍ തയ്യാറല്ല. 'അത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാം. മൂന്നുമാസം മുന്‍പേ അവിടെ ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.' -ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് വെളിപ്പെടുത്തുന്നു. ബി.ജെ.പി. മുന്നേറ്റം കാണുന്ന പഞ്ചായത്തുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് മറിക്കുന്ന പ്രവണത കാണാറുണ്ടെന്നും അതൊഴിവാക്കാനാണ് രഹസ്യമാക്കിവെക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. താഴേത്തട്ടില്‍ ആര്‍.എസ്.എസ്. സജീവമാണ്. നേതാവ് വല്‍സന്‍ തില്ലങ്കേരി പലയിടത്തും കുടുംബയോഗങ്ങളില്‍ സംസാരിക്കുന്നുണ്ട്. കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മേഖലകളിലാണ് അവര്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കുന്നോത്തുപറമ്പില്‍ മൂന്നും തൃപ്രങ്ങോട്ടൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളില്‍ രണ്ടുവീതവും വാര്‍ഡുകള്‍ അവര്‍ നേടിയിരുന്നു. ഇക്കുറി ആകെ 1315 വാര്‍ഡുകളില്‍ അവര്‍ മത്സരിക്കുന്നു. 150 വാര്‍ഡിലാണ് വിജയപ്രതീക്ഷ വെക്കുന്നത്.

വോട്ടുകുറഞ്ഞത് ആര്‍ക്ക് ?

ഈ തിരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ആകെ 259117 വോട്ട് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 1746987 വോട്ട് ആയിരുന്നെങ്കില്‍ ഇത്തവണ 1487870 മാത്രം. ജില്ലയിലെ മൊത്തം വോട്ട് കൂടിയെങ്കിലും ഗ്രാമങ്ങളില്‍ കുറഞ്ഞത് നഗരപ്രദേശത്തേക്ക് ആളുകള്‍ കുടിയേറിയതുകൊണ്ടാണെന്ന് കരുതപ്പെടുന്നു. ഓരോ വോട്ടും അതിനിര്‍ണായകമാകുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ ഇത് ആര്‍ക്ക് ഗുണംചെയ്യുമെന്ന് കാത്തിരുന്നുകാണണം.