കണ്ണൂര്‍: സ്ഥാനാര്‍ഥിയാകാതിരിക്കാന്‍ ഭീഷണി, പിന്തുണയ്ക്കുന്നവരെ വിരട്ടല്‍, വിമതര്‍, പരസ്യമായ രഹസ്യസഖ്യം, സാമുദായിക പ്രീണനം തുടങ്ങി ജനാധിപത്യത്തിന്റെ സകല കുതന്ത്രങ്ങളും രാഷ്ട്രീയഭേദമെന്യേ പയറ്റുന്ന രണ്ടുജില്ലകള്‍-കണ്ണൂരും കാസര്‍കോടും. എല്ലാ അര്‍ഥത്തിലും രണ്ട് രാഷ്ട്രീയപരീക്ഷണശാലകള്‍.

തലശ്ശേരി നഗരസഭതന്നെ ഉദാഹരണം. കൊലക്കേസ് പ്രതിയെന്ന നിലയില്‍ നാട്ടിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി വിലക്കിയ പ്രതിയെ നഗരസഭാചെയര്‍മാനാക്കിയ 2015-ന്റെ ചിത്രം ഇപ്പോള്‍ ചരിത്രമാണ്. അധികാരത്തിനുവേണ്ടി ഇപ്പോള്‍നടന്ന കളികളും കെങ്കേമം. മാമ്പള്ളിക്കുന്നില്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ആളെ കിട്ടാഞ്ഞപ്പോള്‍ വ്യാജ ഒപ്പിട്ട് പത്രികനല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടി. ഒറിജിനല്‍ കക്ഷി പോലീസില്‍ പരാതി നല്‍കിയതോടെ യു.ഡി.എഫിന് ഇപ്പോള്‍ സ്ഥാനാര്‍ഥിയില്ല. ചേറ്റംകുന്നില്‍ മുസ്ലിംലീഗിലെ വിമതസ്ഥാനാര്‍ഥിയെ ഇടതുമുന്നണി ഏറ്റെടുത്തു. സഖ്യമില്ലെന്നാണ് മേനിപറച്ചിലെങ്കിലും വെല്‍ഫെയര്‍പാര്‍ട്ടിയുടെ മൂന്നുസ്ഥാനാര്‍ഥികള്‍ക്ക് യു.ഡി.എഫ്. പിന്തുണയുണ്ട്. 52 അംഗ നഗരസഭയില്‍ 35 സീറ്റ് ഇടതിനായിരുന്നു. യു.ഡി.എഫിന് 10, ബി. ജെ.പി.ക്ക് അഞ്ച്.

55 വാര്‍ഡുള്ള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരു കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ഏറെക്കാലം ഇടതുഭരണമായിരുന്നു. ഒടുവില്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങി യു.ഡി.എഫ്. ഭരണം തുടങ്ങി. ഇത്തവണയും കോണ്‍ഗ്രസിന് നാലുവാര്‍ഡില്‍ വിമതശല്യമുണ്ട്. ഇടതുപക്ഷത്തിന് അത്താഴക്കുന്ന് വാര്‍ഡിലും.

സ്ഥാനാര്‍ഥി മായ ജോലിയിലാണ്

ആന്തൂര്‍ നഗരസഭ. പ്രവാസിവ്യവസായിയായ സാജന്‍, ഓഡിറ്റോറിയത്തിന് ലൈസന്‍സ് കിട്ടാതെ ആത്മഹത്യചെയ്ത സ്ഥലം. കഴിഞ്ഞതവണ 14 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അത് ആറാണ്. ഒരു യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിന് ഫലംകണ്ടത് തളിപ്പറമ്പില്‍വെച്ചാണ്. പണ്ണേരി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മായ അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. വോട്ടുപിടിക്കുകയല്ല. ജോലിചെയ്യുന്ന തിരക്കിലാണ്. ''ഇടയ്ക്ക് ലീവെടുത്ത് പ്രചാരണത്തിനുപോകും'' -മായ പറഞ്ഞു.

ആന്തൂരിന്റെ അവസ്ഥയല്ല തൊട്ടടുത്ത തളിപ്പറമ്പില്‍. അവിടെ ഇത്തവണയും ഭരണംനേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 'വയല്‍ക്കിളികളു'ടെ എതിര്‍പ്പുപാട്ടുകേട്ട് പയ്യന്നൂരിലെത്തിയാല്‍ ഇടതുകോട്ടയിലെത്തിയ പ്രതീതി. കൂത്തുപറമ്പില്‍ നൂഞ്ഞമ്പായിയിലും മൂരിയാടുനോര്‍ത്തിലും മത്സരം സി.പി.എമ്മും ബി.ജെ.പി.യും തമ്മിലാണ്.

ഭൂരിപക്ഷം കിട്ടിയിട്ടും മുസ്ലിംലീഗിലെ ഭിന്നതമൂലം യു.ഡി.എഫിന് ഭരണം നഷ്ടമായ നഗരസഭയാണ് ഇരിട്ടി. ഇത്തവണ ഒറ്റക്കെട്ടായാണ് അവര്‍ രംഗത്തുള്ളത്. തിരഞ്ഞെടുപ്പില്ലാത്ത മട്ടന്നൂരില്‍നിന്ന് ഇരിട്ടിയിലെത്തിയപ്പോള്‍ ഇരട്ടി ആവേശം എന്ന അവസ്ഥ. ശ്രദ്ധേയമായത് ബി.ജെ.പി.യുടെ പ്രചാരണവീര്യമാണ്.

തളിപ്പറമ്പ് റോഡിലൂടെ ഇരിക്കൂര്‍ എത്തിയപ്പോള്‍ അവിടം ശാന്തം. അതിനപ്പുറമുള്ള ശ്രീകണ്ഠാപുരം മൂന്നുവിമതരുടെ പിന്തുണയില്‍ യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭയാണ്. കെ.പി.സി.സി. സ്ഥാനാര്‍ഥിക്കുപകരം ഡി.സി.സി. സ്ഥാനാര്‍ഥി, ലീഗിന് വിമത തുടങ്ങിയപ്രശ്‌നങ്ങളെല്ലാം ഇത്തവണയുമുണ്ട്. എന്നാല്‍, മുസ്ലിംലീഗിന് ആധിപത്യമുള്ള പാനൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് ഒട്ടും ഭയമില്ല.

ഇടതിന് ആത്മവിശ്വാസം

2015 പോലെ ഇത്തവണയും നേട്ടമുണ്ടാക്കാമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. പിണറായി, കല്യാശ്ശേരി, പാട്യം, കടന്നപ്പള്ളി, കതിരൂര്‍, വേങ്ങാട്, കരിവെള്ളൂര്‍, പരിയാരം, മയ്യില്‍ പോലുള്ള ഡിവിഷനുകള്‍ ഇടതുപക്ഷ കോട്ടകളാണ്. കൂടാതെ ലോക് താന്ത്രിക് ജനതാദള്‍ മുന്നണിയില്‍ തിരിച്ചെത്തിയതോടെ കൊളവല്ലൂര്‍ പിടിക്കാമെന്ന പ്രതീക്ഷയുമുണ്ട്. കേരള കോണ്‍ഗ്രസ് എം. മത്സരിക്കുന്ന നടുവിലില്‍ പോരാട്ടം കനക്കും.

കണ്ണൂരുകാരായ പാര്‍ട്ടി ഉന്നതരെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നത് വസ്തുത. എന്നാല്‍, നുണപ്രചാരണങ്ങളില്‍ വിശ്വസിക്കാതെ ജനവിധിയിലൂടെ തിരിച്ചടിക്കാനാണ് പാര്‍ട്ടി നല്‍കുന്ന ആഹ്വാനം. ശക്തമായ ജനപിന്തുണ സി.പി.എമ്മിന്റെ കരുത്തുതന്നെയാണ്.

യു.ഡി.എഫിന് പ്രതീക്ഷ

ചെറിയ വിമതശല്യമൊന്നും പ്രശ്‌നമല്ല. ഇടതുമുന്നണിക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നാണ് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞത്. നഗരസഭകളില്‍ വോട്ടുകൂടിയപ്പോള്‍ പഞ്ചായത്തുകളില്‍ വോട്ടുകുറഞ്ഞ സ്ഥിതിവിശേഷം കണ്ണൂരിലുണ്ട്.

2015-നെ അപേക്ഷിച്ച് 2.59 ലക്ഷം വോട്ടാണ് കുറഞ്ഞത്. അത് ആരെയാണ് ബാധിക്കുകയെന്ന് കണ്ടുതന്നെ അറിയണം.

കണ്ണൂര്‍ 2015

*കോര്‍പ്പറേഷന്‍

യു.ഡി.എഫ്. -28
എല്‍.ഡി.എഫ്. -27

*ജില്ലാ പഞ്ചായത്ത്

എല്‍.ഡി.എഫ്. -15
യു.ഡി.എഫ്. -9

*ബ്ലോക്ക് പഞ്ചായത്ത്

എല്‍.ഡി.എഫ്.-11
യു.ഡി.എഫ്. -0

*ഗ്രാമപ്പഞ്ചായത്ത്

എല്‍.ഡി.എഫ്. -53
യു.ഡി.എഫ്. -18

*നഗരസഭകള്‍

എല്‍.ഡി.എഫ്. -5
യു.ഡി.എഫ്. -3

Content Highlights: Kannur Local Body Election 2020