കണ്ണൂര്‍: നിലവില്‍വന്നശേഷം ഇതേവരെയും എല്‍.ഡി.എഫിനൊപ്പംതന്നെ നിന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ പോരാട്ടത്തിന് വീറും വാശിയും കൂടുതലാണ്.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം പ്രതീക്ഷിച്ച് എല്‍.ഡി.എഫും അദ്ഭുതങ്ങള്‍ സംഭവിക്കാം എന്ന പ്രതീക്ഷയില്‍ യു.ഡി.എഫും ആവനാഴിയിലെ എല്ലാ അമ്പുകളും പ്രയോഗിക്കുകയാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് യു.ഡി.എഫ്. കഴിഞ്ഞതവണ കാഴ്ചവെച്ചത്.

സാധാരണമായി നാലിലൊന്ന് സീറ്റുപോലും തികയ്ക്കാനാവാത്ത മുന്നണി 2015-ല്‍ 24-ല്‍ ഒമ്പത് സീറ്റ് എന്ന നേട്ടമുണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ ഭാഗത്തും ഉണ്ടാക്കാന്‍ കഴിഞ്ഞ വന്‍ മുന്നേറ്റവും തങ്ങളുടെ നില വലിയതോതില്‍ മെച്ചപ്പെടുമെന്നതിന്റെ സൂചനയാണെന്ന് യു.ഡി.എഫ്. പറയുന്നു. ജില്ലാ പഞ്ചായത്തില്‍ ഇതേവരെ അക്കൗണ്ട് തുറക്കാനാവാത്ത ബി.ജെ.പി. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അവകാശപ്പെടുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളില്‍ യു.ഡി.എഫ്. കഴിഞ്ഞ തവണ വിജയിച്ച സ്ഥലങ്ങളില്‍ മാത്രമാണ് പറയത്തക്ക മത്സരമുള്ളതെന്നാണ് എല്‍.ഡി.എഫ്. വ്യക്തമാക്കുന്നത്. യു.ഡി. എഫിന് ലഭിച്ച സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്. നടത്തുന്ന ശക്തമായ പ്രവര്‍ത്തനമാണതിന് കാരണമെന്നും പറയുന്നു. കഴിഞ്ഞതവണ യു.ഡി.എഫിനോടൊപ്പമായിരുന്ന എല്‍.ജെ.ഡി. കൊളവല്ലൂരിലും കേരളാ കോണ്‍ഗ്രസ്-എം നടുവിലും ജയിച്ചിരുന്നു.

ഇപ്പോള്‍ രണ്ട് പാര്‍ട്ടിയും എല്‍.ഡി.എഫിലാണെന്നത് ആ ഡിവിഷനുകളില്‍ ഇത്തവണ എല്‍.ഡി.എഫ്. വിജയം ഉറപ്പാക്കുന്നതിനൊപ്പം മറ്റ് ഡിവിഷനുകളിലും അനുകൂല ഫലം ചെയ്യുമെന്ന് എല്‍.ഡി.എഫ്. പറയുന്നു.

കഴിഞ്ഞ തവണ ജയിച്ച 15 ഡിവിഷനില്‍ നാലില്‍ ഇരുപതിനായിരത്തിലേറെയും വേറെ നാലില്‍ പതിനയ്യായിരത്തിലധികവുമാണ് ഭൂരിപക്ഷം. കൂടാളി, കോളയാട്, അഴീക്കോട് ഡിവിഷനുകളില്‍ മാത്രമാണ് താരതമ്യേന കുറഞ്ഞ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്. ജയിച്ചത്. കഴിഞ്ഞതവണ യു.ഡി.എഫ്. 285 വോട്ടിന് വിജയിച്ച തില്ലങ്കേരി പിടിച്ചെടുക്കുക ലക്ഷ്യമാക്കി സി.പി.എം. ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യനെ സെക്രട്ടറി സ്ഥാനത്തുനിന്നൊഴിവാക്കിയാണ് രംഗത്തിറക്കിയത്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചതിനെതുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കിയ വികസനപ്രവര്‍ത്തനമാണ് എല്‍.ഡി.എഫ്. പ്രചാരണത്തിലെ തുറുപ്പുചീട്ട്. ദേശീയതലത്തില്‍ ബി.ജെ.പി.യെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസിന് പ്രാപ്തിയില്ലാതായെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജില്ലാ പഞ്ചായത്തിലടക്കം യു.ഡി.എഫ്. ധാരണയിലാണെന്നും എല്‍.ഡി.എഫ്. വിശദീകരിക്കുന്നു.

യു.ഡി.എഫാകട്ടെ സംസ്ഥാനഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്ന പ്രചാരണത്തിലാണ് ഊന്നുന്നത്.

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് പദ്ധതിയിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. എല്‍.ഡി.എഫിനെതിരേ എന്‍.ഡി.എ.യും ഇതേ ആരോപണം ശക്തമായി ഉന്നയിക്കുന്നു.

വലിയ പ്രകടനങ്ങളും റാലികളുമൊന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും തകര്‍പ്പന്‍ പ്രചാരണമാണ് നടക്കുന്നത്.