കണ്ണൂര്‍: വര്‍ഗീയതയും അഴിമതിയാരോപണവും കത്തിക്കയറി. കൊണ്ടും കൊടുത്തും നേതാക്കള്‍. ആരും ജയിച്ചില്ല, തോറ്റുമില്ല.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരുടെ സംവാദമായിരുന്നു വേദി.

ജയരാജന്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയതയിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി-ബി.ജെ.പി. ബന്ധത്തിലും ഊന്നിയപ്പോള്‍ സതീശന്‍ പാച്ചേനി സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലും രാജ്യത്തിന് കൈമോശം വരുന്ന മതനിരപേക്ഷതയിലും സാമ്പത്തിക തകര്‍ച്ചയിലും ഊന്നി. ഇരുകൂട്ടരും കണക്കാണെന്നും കേന്ദ്രത്തിലെ മോദിസര്‍ക്കാരിന് മാത്രമേ രാജ്യത്ത് ശരിയായ വികസനം കൊണ്ടുവരാന്‍ കഴിയൂവെന്ന് ജനം അംഗീകരിച്ചുകഴിഞ്ഞതായുമായിരുന്നു എന്‍. ഹരിദാസിന്റെ വാദം. പ്രാദേശിക തലത്തിലെ വഴിവിട്ട സഖ്യങ്ങളുടെ പേരില്‍ മൂന്നുകൂട്ടരും പരസ്പരം ആക്രമിച്ചു.

ബി.ജെ.പി.ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഏറ്റവുമൊടുവില്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലവും തെളിയിച്ചെന്ന് ജയരാജന്‍. എങ്കില്‍ ബംഗാളിലെന്തിന് കോണ്‍ഗ്രസ് കൂടെ വേണമെന്ന് സി.പി.എം. ശഠിക്കുന്നുവെന്ന് പാച്ചേനി. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് പോയതുകൊണ്ടാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ജയരാജന്‍. രാജ്യത്തിന് മതനിരപേക്ഷപാരമ്പര്യം സംഭാവന ചെയ്ത കോണ്‍ഗ്രസിനേ അത് സംരക്ഷിക്കാനും കഴിയൂവെന്ന് ജനത്തിന് അറിയാമെന്ന് പാച്ചേനി. വര്‍ഗീയതയെ മാറി മാറി താലോലിച്ചവരാണ് ഇപ്പോള്‍ വര്‍ഗീയതയെക്കുറിച്ച് പറയുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ച് പരസ്പരം പഴിചാരുന്നതെന്ന് പറഞ്ഞ് എന്‍. ഹരിദാസ് ഇടപെട്ടു. പത്തുമിനിറ്റുവീതം മൂന്നുപേരും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍.

സ്‌കൂളുകള്‍ ഹൈടെക് ആക്കി അഞ്ചുലക്ഷം വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചതും ഒന്നരലക്ഷം നിയമനങ്ങള്‍ പി.എസ്.സി. നടത്തിയതും ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1400 രൂപ ആക്കിയതും വിശദീകരിച്ച ജയരാജന്‍ നിലവില്‍ ജില്ലയലെ 71 പഞ്ചായത്തുകളില്‍ 53 എണ്ണവും എട്ട് നഗരസഭകളില്‍ അഞ്ചും 11 ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തോടൊപ്പമാണെന്നും കേരള കോണ്‍ഗ്രസ് ജോസ് മാണി വിഭാഗവും എല്‍.ജെ.ഡി.യും ഇടതുപക്ഷ സാധ്യത വര്‍ധിച്ചെന്നും അവകാശപ്പെട്ടു.

മോദിസര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ടാണ് നിലനില്‍ക്കുന്നതെന്ന് വിശദീകരിച്ച സതീശന്‍ പാച്ചേനി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. സ്വര്‍ണക്കടത്തില്‍ ആരാണ് കുറ്റക്കാരെന്ന് ജനം തീരുമാനിച്ചുകഴിഞ്ഞു. പത്താംക്ലാസ് കഴിഞ്ഞ സ്ത്രീക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളത്തില്‍ ജോലി കൊടുത്ത സംസ്ഥാനസര്‍ക്കാര്‍, പാവപ്പെട്ടവരുടെ ഭവനനിര്‍മാണത്തില്‍ 4.08 കോടി രൂപ കമ്മിഷന്‍ അടിക്കാന്‍ അവസരമുണ്ടാക്കി. ശരീരംകൊണ്ട് സി.പി.എമ്മില്‍ നില്‍ക്കുന്നവര്‍ മനസ്സുകൊണ്ടും വോട്ടുകൊണ്ടും ഇത്തവണ ഞങ്ങളോടൊപ്പം നില്‍ക്കും - അദ്ദേഹം പറഞ്ഞു.

സമൂഹിക മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ജനങ്ങളെ കൈയിലെടുത്ത ഇടതുപക്ഷവും കോണ്‍ഗ്രസും തിരിച്ചടി നേരിടുന്നത് സത്യം പുറത്തുവന്നുതുടങ്ങിയതോടെയാണെന്ന് ഹരിദാസ് അഭിപ്രായപ്പെട്ടു. വികസനം ഇല്ലാതാക്കിയ കോണ്‍ഗ്രസിനെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. രണ്ട് യു.പി.എ. സര്‍ക്കാരുകള്‍ ഇരുവരും ചേര്‍ന്ന് നടത്തിയിട്ടും കേരളത്തിന്റെ ദേശീയപാത വികസനത്തിന് ഒന്നും ചെയ്തില്ല. മോദിസര്‍ക്കാര്‍ 12000 കോടി രൂപയാണ് നല്‍കിയത്.

ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിന് മോദിയെ പിണറായി നേരിട്ട് അഭിനന്ദിച്ചത് കണ്ടതല്ലേ. ജില്ലയില്‍ ഇക്കുറി 1300-ലേറെ സ്ഥാനങ്ങളില്‍ ബി.ജെ.പി. മത്സരിക്കുന്നു. വലിയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എം. എത്രയിടത്തുണ്ട്. ഞങ്ങള്‍ ഇക്കുറി വന്‍മുന്നേറ്റം നടത്തും-അദ്ദേഹം അവകാശപ്പെട്ടു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.കെ. ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.