കണ്ണൂര്‍: കോര്‍പ്പറേഷനിലേക്ക് അങ്കം കുറിക്കാന്‍ ഇക്കുറി പ്രമുഖരുടെ നിര തന്നെയാണുള്ളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ജോ. സെക്രട്ടറി മുതല്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് വരെ ഈ നിരയിലുണ്ട്.

കോണ്‍ഗ്രസിലാണ് നേതാക്കളുടെ നിര കൂടുതല്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പൊടിക്കുണ്ട് ഡിവിഷനില്‍ മത്സരിക്കുന്ന എന്‍. സുകന്യയെ പ്രത്യേക ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് എല്‍.ഡി.എഫ്. മത്സരിപ്പിക്കുന്നത്. ഭരണം കിട്ടിയാല്‍ മേയര്‍ പദവി അവര്‍ക്കാവും. സി.പി.എം. നേതാവ് ജയിംസ് മാത്യു എം.എല്‍.എ.യുടെ ഭാര്യയാണ് എന്‍.സുകന്യ.

എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുള്ള ഡിവിഷനാണ് പൊടിക്കുണ്ട്. 561 വോട്ടിനാണ് കഴിഞ്ഞതവണ എല്‍.ഡി.എഫ്. ഇവിടെ വിജയിച്ചത്. എങ്ങനെയെങ്കിലും ഭരണം പിടിച്ചെടുത്ത് സുകന്യയെ മേയര്‍പദവിയിലെത്തിക്കുക തന്നെയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം.

കോണ്‍ഗ്രസില്‍ കെ.പി.സി.സി. ജന. സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ഡി.സി.സി. സെക്രട്ടറിമാരായ അഡ്വ. ടി.ഒ.മോഹനന്‍, പി.മാധവന്‍, സുരേഷ്ബാബു എളയാവൂര്‍, ടി.ജയകൃഷ്ണന്‍, കൂക്കിരി രാഗേഷ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് എന്നീ നേതാക്കള്‍ മത്സരിക്കുന്നു. സി.പി.ഐ.യുടെ വെള്ളോറ രാജന്‍ ഇക്കുറി കടുത്തമത്സരം നേരിടുന്നു.

യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മേയര്‍ പദവിയിലേക്ക് ഒന്നിലധികം പേരുകള്‍ ഉയരും. മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, അഡ്വ. ടി.ഒ.മോഹനന്‍, കെ.പി.സി.സി. ജന. സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരൊക്കെ മേയര്‍ സാധ്യതാപട്ടികയിലുണ്ട്.

മുസ്ലിം ലീഗില്‍ പ്രമുഖ നേതാക്കള്‍ ആരും മത്സരിക്കുന്നില്ല. പലരും പുതുമുഖമാണ്. മൂന്നു ടേം കഴിഞ്ഞവര്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന സംസ്ഥാന നേതൃത്വ തീരുമാനം ലീഗ് കര്‍ശനമായി നടപ്പാക്കിയത് മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീറിനും മുന്‍ മേയര്‍ സി.സീനത്തിനും വിനയായി.

കോണ്‍ഗ്രസ് എസിന്റെ പ്രതിനിധിയായി പള്ളിയാംമൂലയില്‍ മത്സരിക്കുന്ന എം.ഉണ്ണികൃഷ്ണന്‍ ഐ.എന്‍.എല്‍.സി. സംസ്ഥാന പ്രസിഡന്റാണ്. തെങ്ങുകയറ്റത്തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമാണ്. കെ.പി.സി.സി. ജന. സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി.

എല്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പ്രേം പയ്യാമ്പലത്ത് സ്ഥാനാര്‍ഥിയാണ്. ബി.ജെ.പി. സംസ്ഥാനതല നേതാക്കളൊന്നും മത്സരത്തിനില്ല. ജില്ലാ സെക്രട്ടറിമാരായ അര്‍ച്ചന വണ്ടിച്ചാല്‍, പി.സെലീന എന്നിവര്‍ പയ്യാമ്പലത്തും താളിക്കാവിലുമായി മത്സരിക്കുന്നു. ഒ.ബി.സി. മോര്‍ച്ച വൈസ് പ്രസിഡന്റ് കെ.സുശീലും മത്സരരംഗത്തുണ്ട്.