കണ്ണൂര്‍: തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് 31,000-ത്തോളം പേര്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പോളിങ് ഉദ്യോഗസ്ഥരാണ്.
പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും ഉള്‍പ്പെടെ 12315 പേരാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇവര്‍ക്കൊപ്പം സ്‌പെഷ്യല്‍ പോളിങ് ഉദ്യോഗസ്ഥരായി 232 പേരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്ക്കായി എണ്ണായിരത്തോളം പോലിസ് ഉദ്യോഗസ്ഥരുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകരും ഡ്യൂട്ടിയിലുണ്ട്. കണ്ണൂര്‍ ജില്ലാപഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമപ്പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, എട്ട് നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് വരണാധികാരികളും ഉപവരണാധികാരകളുമായി 200-ഓളം പേരാണ് നിയുക്തരായിട്ടുള്ളത്. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിലായി ഇവരോടൊപ്പം 1500-ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനും വീഡിയോഗ്രാഫിക്കുമായി 1400-ലേറെ പേരാണ് ജോലിചെയ്യുന്നത്. ഇതിനുപുറമെ, പോളിങ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയുക്തരായ സെക്ടര്‍ ഓഫീസര്‍മാരും സെക്ടര്‍ അസിസ്റ്റന്റുമാരുമായി 200-ഓളം ഉദ്യോഗസ്ഥര്‍, വിവിധ നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 250-ലേറെ ഉദ്യോഗസ്ഥര്‍ എന്നിവരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ട്.
ശുചിത്വ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, റൂട്ട് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇതിനുപുറമെ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
- പോളിങ് ഉദ്യോഗസ്ഥര്‍-12315
- റിസര്‍വ്- 2463
- പോലീസ്-8000
- ആരോഗ്യപ്രവര്‍ത്തകര്‍-4000
Content Highlights: Kannur Local Body Election