കണ്ണൂര്‍: കോവിഡിനെ കൂസാതെ കടുത്ത പോരാട്ടം നടന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒടുവിലത്തെ കണക്കനുസരിച്ച് 72.54 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. കഴിഞ്ഞതവണ 74.75 ശതമാനമായിരുന്നു. ഇത്തവണ ആകെ 1,87,256 വോട്ടര്‍മാരുള്ള കോര്‍പ്പറേഷനില്‍ 1,41,322 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് വോട്ടിങ് ശതമാനം കാണിക്കുന്നത്. ഒടുവിലത്തെ കണക്കില്‍ ഇതില്‍ മാറ്റം വന്നേക്കാം. വാര്‍ഡടിസ്ഥാനത്തിലുള്ള ശതമാനം ലഭ്യമായിട്ടില്ല.

കോവിഡ് ഭീതിയും യന്ത്രത്തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പലേടത്തും വോട്ടിങ് വൈകിച്ചു. രാത്രി എട്ടരയോടെയാണ് ഏതാനും ബൂത്തുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. രാവിലെ തന്നെ കോര്‍പ്പറേഷന്‍ പരിധിയിലെ ബൂത്തുകളില്‍ വോട്ടര്‍മാരുട നീണ്ടനിര ദൃശ്യമായിരുന്നു. ചൊവ്വ ധര്‍മസമാജം സ്‌കൂളില്‍ രാവിലെ തുടങ്ങിയ വോട്ടര്‍മാരുടെ ക്യൂ ഉച്ചവരെ നീണ്ടു. ഇടതുമുന്നണിക്ക് സ്വാധീനമുള്ള പഴയ പഞ്ചായത്ത് മേഖലകളില്‍ സാമാന്യം കനത്ത പോളിങ് നടന്നതായാണ് വിവരം.

യു.ഡി.എഫിന് സ്വാധീനമുള്ള സിറ്റി മേഖലയിലും സ്ത്രീകളുടെ നീണ്ട നിര കാണപ്പെട്ടു. രാവിലെ 8.30-ന് കോര്‍പ്പറേഷന്‍ പരിധിയില്‍ 5.78 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 9.30-ന് ഇത് 12.83 ആയി ഉയര്‍ന്നു. 10.30-19.94, 11.30-27.18, 12.30-34.33, 1.30-42.03, 2.30-49.11, 3.30-55.47, 4.30-62.07, 5.30-67.76, 6.00-68.31 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില. 6.30-ന് 70.47 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് ലഭ്യമായ കണക്ക്.

എടക്കാട് ബ്ലോക്കില്‍ 78.83 ശതമാനം

എടക്കാട് ബ്ലോക്കില്‍ 78.83 ശതമാനമാണ് വോട്ട്. ഇതിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെ: കൊളച്ചേരി-79.17, മുണ്ടേരി-77.01, ചെമ്പിലോട്-79.16, കടമ്പൂര്‍-78.71, പെരളശ്ശേരി-80.59.