കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനെക്കാള്‍ 15 വാര്‍ഡുകള്‍ യു.ഡി.എഫ്. അധികം നേടിയെങ്കിലും ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 2253 മാത്രം. യു.ഡി.എഫ്. 55 വാര്‍ഡുകളില്‍നിന്നായി 57118 വോട്ട് നേടിയപ്പോള്‍ എല്‍.ഡി.എഫ്. 54865 വോട്ടാണ് നേടിയത്. ബി.ജെ.പി. അടങ്ങുന്ന എന്‍.ഡി.എ. 15184 വോട്ട് പിടിച്ചു. കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. 34-ഉം എല്‍.ഡി.എഫ് .19-ഉം ബി.ജെ.പി. ഒന്നും വാര്‍ഡാണ് നേടിയത്.
187256 വോട്ടുള്ള കോര്‍പ്പറേഷനില്‍ 72.49 ശതമാനം ആയിരുന്നു പോളിങ്. 1.38 ലക്ഷത്തോളം വോട്ടുചെയ്തു. ഇവിടെയാണ് രണ്ടായിരത്തിലേറെ വോട്ടിന് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടത്.
വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത മൂലമാണ് തങ്ങള്‍ക്ക് ഭരണം പോയതെന്ന് എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സമീപത്തെ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. പഴയ കണ്ണൂര്‍ മുനിസിപ്പല്‍ മേഖല യു.ഡി.എഫ്. ശക്തികേന്ദ്രമാണ്.
ഇടത് സ്വാധീനമേഖലയായ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് കോര്‍പ്പറേഷന്‍ രൂപവത്കരിച്ചപ്പോള്‍ എല്ലായിടത്തും ഏറെക്കുറെ തുല്യ ജനസംഖ്യ വരുന്ന തരത്തിലല്ല വിഭജനം നടന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന് തായത്തെരു വാര്‍ഡില്‍ 1992 വോട്ടാണ് ആകെ.
അറയ്ക്കല്‍ വാര്‍ഡില്‍ 5982 വോട്ടുണ്ട്. എടച്ചൊവ്വ, കപ്പച്ചേരി, മേലെ ചൊവ്വ, താഴെ ചൊവ്വ തുടങ്ങിയ വാര്‍ഡുകളില്‍ രണ്ടായിരത്തിലേറെയാണ് ആകെ വോട്ടെങ്കില്‍ ആദികടലായി, പടന്ന, കുറുവ തുടങ്ങിയ വാര്‍ഡുകളില്‍ നാലായിരത്തിലേറെയാണ്.
ഈ അശാസ്ത്രീയ വിഭജനം ശരിയാക്കിയെടുക്കാന്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണെന്നും കോവിഡ് കാരണം നടക്കാതെ പോയതാണെന്നും അവര്‍ പറയുന്നു.
യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഈ ആരോപണം പുച്ഛിച്ചുതള്ളി. കഴിഞ്ഞതവണ ഇതേ വാര്‍ഡുകളില്‍ മത്സരിച്ച് 27 വാര്‍ഡ് നേടിയവര്‍ ഇപ്പോള്‍ 19-ലേക്ക് ചുരുങ്ങിയതിന് ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നാലുവര്‍ഷം അവര്‍ ഭരിച്ചതിന്റെ ഫലമാണ് ഇപ്പോഴേറ്റുവാങ്ങേണ്ടി വന്ന തോല്‍വിയെന്നും അവര്‍ പറയുന്നു. മാത്രമല്ല കുടുതല്‍ വോട്ടുള്ള സ്ഥലങ്ങള്‍ മിക്കതും യു.ഡി.എഫ്.സ്വാധീനമേഖലയാണ്.
അവിടെ പലേടത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. തങ്ങള്‍ ഭരിച്ചിരുന്ന പല പഞ്ചായത്തുകളും ഇക്കുറി നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വാര്‍ഡ് വിഭജനമാണെന്ന് ഞങ്ങള്‍ എവിടെയും പറയുന്നില്ല-അവര്‍ വ്യക്തമാക്കുന്നു.