കണ്ണൂര്‍: നാടും നഗരവും തിരഞ്ഞെടുപ്പ് ലഹരിയിലാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നും ബാധിക്കാത്ത ഒരിടമുണ്ട് ജില്ലയുടെ ഹൃദയഭാഗത്ത്. കണ്ണൂര്‍ കന്റോണ്‍മെന്റ്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശമുണ്ടെങ്കിലും ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാറില്ല. ത്രിതല പഞ്ചായത്തിനോട് സാമ്യമുള്ള തിരഞ്ഞെടുപ്പ് കന്റോണ്‍മെന്റിലും നടക്കും. അതിന് ഇനി മൂന്നുമാസം കൂടി കാക്കണം.

ആറ് വാര്‍ഡുകളാണ് കന്റോണ്‍മെന്റിനകത്തുള്ളത്. 2020 ഫെബ്രുവരിയില്‍ കന്റോണ്‍മെന്റ് ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിരുന്നു. രാജ്യത്തെ മറ്റ് കന്റോണ്‍മെന്റ് പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ ഭരണസമിതിയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതിന്റെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് വ്യാപനത്താല്‍ തിരഞ്ഞെടുപ്പ് നീണ്ടു.

2021 ഫെബ്രുവരിയോടെ കന്റോണ്‍മെന്റില്‍ തിരഞ്ഞെടുപ്പ് നടക്കും. സാധാരണയായി അഞ്ചുവര്‍ഷം കൂടുമ്പോള്‍ തന്നെയാണ് കന്റോണ്‍മെന്റിലും തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ കോണ്‍ഗ്രസും ഒന്നില്‍ സി.പി.എമ്മുമാണ് വിജയിച്ചത്.

കന്റോണ്‍മെന്റ് ബോര്‍ഡ്

സേനയിലുള്ള അഞ്ചുപേരും തിരഞ്ഞെടുക്കപ്പെടുന്ന ആറുപേരും കണ്ണൂര്‍ കളക്ടറുടെ പ്രതിനിധിയും ഉള്‍പ്പെടെ 12 പേരടങ്ങുന്നതാണ് കന്റോണ്‍മെന്റ് ബോര്‍ഡ്. കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍ പ്രസിഡന്റും മോണിക്ക ദേവഗുഡി സെക്രട്ടറിയുമാണ്. കേണല്‍ കെ.ബി.ജയരാജ്, ലഫ്റ്റനന്റ് കേണല്‍ എ.കെ.ആത്രേ, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ അസി. എന്‍ജിനീയര്‍ എന്നിവരാണ് സേനയിലുള്ള മറ്റുള്ളവര്‍. റിട്ട. കേണല്‍ പി.പദ്മനാഭന്‍ (വൈ. പ്രസി.), രതീഷ് ആന്റണി, കെ.ജിഷാ കൃഷ്ണന്‍, ഷീബാ ഫെര്‍ണാണ്ടസ്, വി.സ്, ദീപാ ബൈജു (കൗണ്‍സിലര്‍മാര്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. കണ്ണൂര്‍ തഹസില്‍ദാര്‍ പി.വി.അശോകനാണ് കളക്ടറുടെ പ്രതിനിധിയായി ബോര്‍ഡിലുള്ളത്. ബോര്‍ഡ് യോഗത്തില്‍ കണ്ണൂര്‍ എം.പി.യും എം.എല്‍.എ.യും പ്രത്യേക ക്ഷണിതാക്കളാണെങ്കിലും ഇവര്‍ക്ക് വോട്ടവകാശമില്ല.

കണ്ണൂര്‍ കന്റോണ്‍മെന്റ്

കേരളത്തില്‍ ഇന്ന് നിലവിലുള്ള ഏക കന്റോണ്‍മെന്റ് കണ്ണൂരിലാണ്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ആസ്ഥാനമാണിവിടം. 500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് നൂറേക്കറില്‍ താമസിക്കുന്നത് മലയാളികളാണ്. 2001 കാനേഷുമാരി പ്രകാരം 4699 പേരാണ് ഇവിടെ അധിവസിക്കുന്നത്. കണ്ണൂരിലുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരും ഡച്ചുകാരും, പിന്നീട് വന്ന ബ്രിട്ടീഷുകാരും കന്റോണ്‍മെന്റ് പട്ടാള ക്യാമ്പായി ഉപയോഗിച്ചിരുന്നു.

1938 ജനുവരി ഒന്നിനാണ് കണ്ണൂര്‍ കന്റോണ്‍മെന്റ് രൂപവത്കരിച്ചത്. സ്വാതന്ത്ര്യത്തിനുശേഷമാണ് കന്റോണ്‍മെന്റ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. എക്‌സിക്യൂട്ടീവ് ഓഫീസറാണ് കന്റോണ്‍മെന്റിന്റെ ഭരണാധികാരി. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കും.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കണ്ണൂര്‍ സെയ്ന്റ് ആന്‍ജലോസ് കോട്ട (കണ്ണൂര്‍ കോട്ട) സ്ഥിതിചെയ്യുന്നത് കന്റോണ്‍മെന്റിന്റെ അധീനതയിലുള്ള പ്രദേശത്താണ്.