ധര്‍മശാല: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നഗരസഭയാണ് ആന്തൂര്‍. ഇവിടെ ഇക്കുറി പ്രതിപക്ഷം അക്കൗണ്ട് തുറക്കുമോ, അട്ടിമറി വിജയം നേടി ഭരണം പിടിക്കുമോ എന്നതൊക്കെ കാത്തിരുന്ന് കാണണം. സി.പി.എമ്മിന് മൃഗീയഭൂരിപക്ഷമുള്ള മേഖലകളില്‍ ഇക്കുറി യു.ഡി.എഫും ബി.ജെ.പി.യും സ്ഥാനാര്‍ഥികളെ നിര്‍ത്തി പോരാട്ടം കടുപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ചെയര്‍പേഴ്‌സണായ പി.കെ. ശ്യാമള വിജയിച്ച മൊറാഴയും അഞ്ചാംപീടിക, സിഎച്ച്. നഗര്‍, കാനൂല്‍, കോടല്ലൂര്‍, മുണ്ടപ്രം, മൈലാട്, പാളിയത്ത് വളപ്പ്, പറശ്ശിനി, പൊടിക്കുണ്ട്, പുന്നക്കുളങ്ങര, തളിവയല്‍, വെള്ളിക്കീല്‍, വേണിയില്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഒരു നഗരസഭയിലെ പകുതി വാര്‍ഡുകളില്‍ ഇടതുപക്ഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ മുതല്‍ നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടും ആറ് വാര്‍ഡുകളില്‍. ഇക്കുറിയും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും സാധിക്കാത്തത് യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. 19 വാര്‍ഡുകളിലും ബി.ജെ.പി. 12 വാര്‍ഡുകളിലുമാണ് മത്സരിക്കുന്നത്. മൂന്ന് വാര്‍ഡില്‍ സി.പി.എമ്മും ബി.ജ.പി.യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ 10 വാര്‍ഡുകളില്‍ സി.പി.എം. യു.ഡി.എഫുമായി നേര്‍ക്കുനേര്‍ പോരട്ടത്തിലാണ്. ഒന്‍പത് വാര്‍ഡുകളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്നണിസ്ഥാനാര്‍ഥികളല്ലാതെ ഒരു സ്വതന്ത്രസ്ഥാനാര്‍ഥി പോലും ആന്തൂരില്‍ മത്സരരംഗത്തില്ല.

കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരം നടന്ന 14 വാര്‍ഡുകളിലും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇടതുമുന്നണിയുടെ വിജയം. 12 വാര്‍ഡില്‍ യു.ഡി.എഫ്. രണ്ടാമതെത്തിയപ്പോള്‍ രണ്ടിടത്ത് ബി.ജെ.പി.യും രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ മിക്ക വാര്‍ഡുകളിലും നൂറില്‍ താഴെ വോട്ടു മാത്രമായിരുന്നു രണ്ടാമതെത്തിയവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇക്കുറി കളി മാറുമെന്നാണ് പ്രതിപക്ഷത്തെ യു.ഡി.എഫും ബി.ജെ.പി.യും പറയുന്നത്. മൂന്ന് വാര്‍ഡുകളിലെങ്കിലും തീ പാറുന്ന മത്സരമാണ് നടക്കുന്നത്. എന്നാല്‍ മുഴുവന്‍ സീറ്റിലും ജയിക്കുമെന്നാണ് എല്‍.ഡി.എഫ്. പറയുന്നത്.