കണ്ണൂര്‍: യുഡിഎഫിന് സംഘടനാ ദൗര്‍ബല്യം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. 

സിപിഎമ്മിന്റേയും ബിജെപിയുടേയും സംഘടനാരീതി അവര്‍ക്ക് ഗുണം ചെയ്തു. അങ്ങനെയൊരു മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന സംഘടനയല്ല കോണ്‍ഗ്രസ്. ഏറ്റവും മോശപ്പെട്ട ഭരണമാണ് കേരളത്തില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായുള്ളത്. എന്നാല്‍ ഭരണത്തിന്റെ പോരായ്മകള്‍ ജനസമക്ഷം എത്തിക്കുന്ന കാര്യത്തില്‍ യുഡിഎഫിന് പരിമിതകളുണ്ട്. അത് താന്‍ തുറന്നുസമ്മതിക്കുന്നു. 

ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ്. കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത നേതാക്കളെ ഉള്‍പ്പെടുത്തി പുനഃസംഘടന നടത്തിയപ്പോള്‍ അതിന്റെ ഗുണമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അത് നേതാക്കളുടെ കുറ്റമല്ല, പാര്‍ട്ടിയിലെ സംഘടനാ സംവിധാനത്തിന്റെ കുറ്റമാണ്. ആ സംവിധാനം പുനഃപരിശോധിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. 

വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫ് നേടിയ വിജയമാണ് ഇത്. പിണറായിയുടെ നിയോജകമണ്ഡലത്തിലെ മുഴുപ്പിലങ്ങാട് എസ്ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് സിപിഎം. അങ്ങനെ നേടിയ വിജയമാണിതെന്നും സുധാകരന്‍ ആരോപിച്ചു. 

Content Highlights: K Sudhakaran Kannur Kerala Local Body Election Result