cm pinarayi
മുഖ്യമന്ത്രി പിണറായി വിജയന്‍ പാറപ്രം-മേലൂര്‍ കടവ് പാലത്തിന്റെ
നിര്‍മാണപുരോഗതി കാണാനെത്തിയപ്പോള്‍
| ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

പിണറായി: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് ഇറങ്ങാത്തത് സംബന്ധിച്ച് ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വൈകിട്ട് ധര്‍മടം പഞ്ചായത്തിലെ അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.

രണ്ട് പഞ്ചായത്തിലെയും ബൂത്ത് കമ്മിറ്റി ഭാരവാഹികളടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി സംബന്ധിച്ചത്. ധര്‍മടം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും സി.പി.എം. തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും അടുത്തദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വികസനപദ്ധതി അവലോകനങ്ങളുമുണ്ടാവും.

പിണറായിയിലെ യോഗത്തിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.

അവലോകനയോഗത്തിനുശേഷം 12-ഓടെ പാറപ്രത്തെത്തിയ മുഖ്യമന്ത്രി പ്രവൃത്തി പുരോഗമിക്കുന്ന ബോട്ടുജെട്ടിയും പാറപ്രം-മേലൂര്‍ക്കടവ് അനുബന്ധ റോഡും സന്ദര്‍ശിച്ചു. മലനാട് റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് 2.94 കോടി രൂപ ചെലവില്‍ പാറപ്രത്ത് ബോട്ടുജെട്ടി നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സി. എന്‍ജിനീയര്‍ ജോളി സൂസന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സിന്ധു തൈവളപ്പില്‍, ഐ.വി.സുശീല്‍, എ.ഇ. വി.എം.ശ്യാംജിത്ത് എന്നിവരും കരാറുകാരനായ വി.സി.ജെയിംസും സ്ഥലത്തെത്തി. ഫെബ്രുവരി അവസാനത്തോടെ ബോട്ടുജെട്ടിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാവുമെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബോട്ടുജെട്ടിയുടെ സമീപത്തായി പ്രവൃത്തി നടക്കുന്ന പാറപ്രം -മേലൂര്‍ക്കടവ് പാലത്തിന്റെ അനുബന്ധ റോഡിന്റെ നിര്‍മാണപുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി. പിണറായി, ധര്‍മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം.

പ്രവൃത്തി പൂര്‍ത്തിയായി ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും അനുബന്ധ റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ഇതുവരെ പാലം നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കാനായിരുന്നില്ല. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി പ്രവൃത്തി പുനരാരംഭിച്ചത് സമീപകാലത്താണ്.

പൊതുമരാമത്ത് വിഭാഗം എ.ഇ. എം.ജഗദീഷ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലജീഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ഡിസംബര്‍ 31-ന് മുന്‍പ് അനുബന്ധ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.പ്രദീപന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ബ്രണ്ണന്‍ കോളേജില്‍ സായ് നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ ട്രാക്കിന്റെ നിര്‍മാണ വിശദാംശങ്ങള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നിപുണ്‍ ഗുപ്ത വിശദീകരിച്ചു. ജനുവരി അവസാനത്തോടെ സിന്തറ്റിക് ട്രാക്കിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, ഗവ. ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ജിസ ജോസ്, കായികവിഭാഗം മേധാവി ഡോ. കെ.പി.പ്രശോഭിത്ത് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാലയാട് ഡയറ്റ് കാമ്പസില്‍ നിര്‍മാണത്തിലിരിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 19.77 കോടി രൂപ മതിപ്പുചെലവില്‍ പ്രീ-ഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിട നിര്‍മാണം. 50 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഫെബ്രുവരി അവസാനത്തോടെ പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് ചീഫ് എന്‍ജിനീയര്‍ ബി.പദ്മകുമാര്‍ അറിയിച്ചു.