പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് എ.വി. ഷീജ. ഓട്ടോറിക്ഷാ ഡ്രൈവറായ ഷീജ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിനോടൊപ്പം ഓടിയെത്തുന്നത് ഓട്ടോറിക്ഷയിലാണ്.

ടാക്‌സിയായിട്ട് ഉപയോഗിക്കാനാണിത് വാങ്ങിയത്. പഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പദവി വഹിക്കുന്നത് കാരണം ഓട്ടത്തിന് സമയമില്ല. അതിനാല്‍ പഞ്ചായത്തിന്റെ ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും പോകുന്നതും വരുന്നതുമെല്ലാം ഓട്ടോ ഓടിച്ചാണ്. കോവിഡ് കാലമായതിനാല്‍ ഓട്ടോകൊണ്ട് വലിയ ഉപയോഗമുണ്ടായതായി ഷീജ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊന്നും ഓട്ടോ എടുക്കാറില്ല. വീട് വീടാന്തരം കയറേണ്ടതുകൊണ്ട് നടത്തംതന്നെ. ആറുവര്‍ഷമായി പെരളശ്ശേരി പഞ്ചായത്തിന്റെ സി.ഡി.എസ്. ചെയര്‍പേഴ്‌സണായി ജോലി ചെയ്യുന്നു.

ഇരുചക്രവാഹനത്തിന്റെയും നാലുചക്ര വാഹനത്തിന്റെയും ലൈസന്‍സ് കൂടി ഷീജയ്ക്കുണ്ട്. രണ്ടുവര്‍ഷം മുന്‍പാണ് ഓട്ടോറിക്ഷ വാങ്ങിയത്.