election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

നെടുങ്കണ്ടം: ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട സി.പി.ഐ.നേതാവ് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ചുറ്റിത്തിരിയുന്നതില്‍ വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി ഓഫീസില്‍ യോഗത്തിനെത്തിയ നേതാവിനെ വനിതാ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കൂട്ടാര്‍, നെടുങ്കണ്ടം ഓഫീസുകളില്‍ എത്തിയ നേതാവിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. കൂട്ടാര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ വനിതാ നേതാക്കള്‍ പ്രതിഷേധിച്ച് നേതാവിനെ ഇറക്കിവിട്ടതായാണ് വിവരം.

പിന്നീട് നെടുങ്കണ്ടത്ത് മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസിലുണ്ടായിരുന്ന വനിതാ പ്രവര്‍ത്തകര്‍ നേതാവിനെക്കണ്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് നേതാവിന്റെ സംസ്ഥാന കൗണ്‍സില്‍ സ്ഥാനവും ജില്ലാ കൗണ്‍സില്‍ സ്ഥാനവും നഷ്ടമായിരുന്നു.എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു.

ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് രംഗത്തെ നേതാവിന്റെ ഇടപെടല്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വനിത നേതാക്കളുടെ പരാതി. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളില്‍ നേതാവിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് സി.പി.എം.നേതാക്കള്‍ സി.പി.ഐ. ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

ബുധനാഴ്ച ജില്ലാ പഞ്ചായത്ത് പമ്പാടുംപാറ ഡിവിഷന്‍ സി.പി.ഐ. സ്ഥാനാര്‍ഥി ജിജി കെ.ഫിലിപ്പിന്റെ കൂട്ടാറില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേതാവ് പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ നേതാവിന് വിലക്ക് തുടരും എന്നാണ് സൂചന.

പാര്‍ട്ടി വനിതാ സംഘടനാ ഭരവാഹിയായ വീട്ടമ്മയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് നേതാവിനെതിരേ പരാതി. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച് തെളിവെടുപ്പ് നടത്തിയാണ് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവിനെതിരേ നടപടി എടുത്തത്.

content highlights: women party workers protests over presence of leader who faced action in sexual abuse complaint