നെടുങ്കണ്ടം: ഒരു വാര്‍ഡില്‍ പോസ്റ്ററും പ്രചാരണവുമായി യു.ഡി.എഫിന്റെ രണ്ട് സ്ഥാനാര്‍ഥികള്‍. പുലിവാലുപിടിച്ച് യു.ഡി.എഫ്. പ്രാദേശികനേതൃത്വം. നെടുങ്കണ്ടം പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലും പാമ്പാടുംപാറ പഞ്ചായത്തിലെ 11-ാംവാര്‍ഡിലുമാണ് രണ്ടുവീതം സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

നെടുങ്കണ്ടം മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാപ്പച്ചന്‍ മൂലേക്കുളത്തിന്റെയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഷിജു ജോസ് ആലപ്പൂത്രയുടെയും പോസ്റ്ററുകളാണ് പ്രചരിച്ചത്. ഇത് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പത്തിന് കാരണമായി.

പാമ്പാടുംപാറ 11-ാംവാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ഷാജി വട്ടോത്തിന്റെയും ബാലകൃഷ്ണന്‍ പ്ലാച്ചിക്കലിന്റെയും പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. മുന്നണിധാരണപ്രകാരം നെടുങ്കണ്ടത്ത് മൂന്നാംവാര്‍ഡ് ജില്ലാ നേതൃത്വം കേരള കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തതോടെയാണ് ഇരട്ടസ്ഥാനാര്‍ഥികളുണ്ടായത്. എന്നാല്‍, വാര്‍ഡ് വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. ഇതോടെ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് കോണ്‍ഗ്രസു തന്നെ വാര്‍ഡില്‍ മത്സരിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.

പാമ്പാടുംപാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ച നിലയിലായിരുന്നു. എന്നാല്‍, ഗ്രൂപ്പ് വീതംവെയ്പിനിടെ അവസാന നിമഷം ഷാജി വട്ടോത്ത് സീറ്റ് കരസ്ഥമാക്കുകയായിരുന്നു. രണ്ട് വാര്‍ഡിലും ആദ്യം പരിഗണിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ പോസ്റ്ററിന് വലിയ പ്രചാരം ലഭിച്ചിരുന്നെങ്കിലും ഔദ്യോഗികസ്ഥാനാര്‍ഥികള്‍ വന്നതോടെ ഇവ പിന്‍വലിച്ചതായാണ് വിവരം.

content highlights:two udf candidates in same ward; local leadership gets confused