ഉപ്പുതറ: ഏതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാലും ഏഴാം വാര്‍ഡില്‍ (മാട്ടുതാവളം) ജയിക്കുന്നയാള്‍ ഉപ്പുതറയില്‍ പഞ്ചായത്ത് പ്രസിഡന്റാകും. പ്രസിഡന്റ് പദം പട്ടികവര്‍ഗ വിഭാഗത്തിനാണ് സംവരണം ചെയ്തിരിക്കുന്നത്.

പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന മാട്ടുതാവളം ഒഴികെ മറ്റു വാര്‍ഡുകളില്‍ ഒരു മുന്നണിക്കും ഈ വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥികളില്ല. മുന്നണി സ്ഥാനാര്‍ഥികളായ മൂന്നുപേര്‍ക്കും വാര്‍ഡില്‍ വോട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.

ഇവിടെ വിജയമുറപ്പാണെന്നതുകൊണ്ടാണ് മറ്റ് വാര്‍ഡുകളില്‍ പട്ടികവര്‍ഗ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതെന്ന് മൂന്ന് മുന്നണികളും ആവര്‍ത്തിച്ചുപറയുന്നു. യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസിലെ ജോസഫ് എബ്രഹാം (മോനിച്ചന്‍) ആണ് മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍നിന്ന് സി.പി.എം. പ്രതിനിധി കരിങ്ങാട്ടില്‍ ജെയിംസും എന്‍.ഡി.എ.യുടെ ബി.ജെ.പി. പ്രതിനിധി സുഷമ സുജിത്തുമാണ് ജനവിധി തേടുന്നത്.

ജോസഫ് എബ്രഹാം മൂന്നാം തവണയാണ് മത്സരിക്കുന്നത്. 2005-ലും 2010-ലും പഞ്ചായത്തംഗമായിരുന്നു.

എല്‍.ഡി.എഫ്. ജെയിംസിന്റെ ഉന്നതവിദ്യാഭ്യാസം ആയുധമാക്കിയാണ് പ്രചാരണം നടത്തുന്നത്. കാര്യവട്ടം കാമ്പസില്‍നിന്ന് ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജെയിംസിന് ഐ.എം.കെ.യില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് സിസ്റ്റത്തില്‍ എം.ബി.എ.യും ഫിലിം പ്രൊഡക്ഷന്‍ മാനേജ്‌മെന്റില്‍ എം.ഫില്ലുമുണ്ട്. എന്നാല്‍ വാര്‍ഡിലെ താമസക്കാരിയെന്ന നിലയിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പ്രചാരണം.

content highlights: those who win from ward seven will become upputhara panchayath president ship