ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും തൊടുപുഴ നഗരസഭയില്‍ ഒരു തീരുമാനവുമായിട്ടില്ല. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഒറ്റ സീറ്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ യു.ഡി.എഫ്. വിമതരായി മത്സരിച്ച് ജയിച്ചവരുടെ പിന്തുണയുണ്ടെങ്കില്‍ ഇരുമുന്നണികള്‍ക്കും ഭരണം പിടിക്കാം. അതിനായുള്ള ശ്രമം ഇരുകൂട്ടരും തുടങ്ങിക്കഴിഞ്ഞു.

തൊടുപുഴ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ആര് ഭരണചക്രം തിരിക്കുമെന്ന് വിമതസ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ച രണ്ട് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കും. പന്ത്രണ്ടാം വാര്‍ഡ് കാരൂപ്പാറയില്‍ നിന്ന് ജയിച്ച സനീഷ് ജോര്‍ജും 19-ാം വാര്‍ഡ് കീരികോടിലെ വിജയി നിസ സക്കീറുമാണ് ആ കൗണ്‍സിലര്‍മാര്‍. ഇതുവരെയും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

മിന്നും ജയം

കാരൂപ്പാറയില്‍ സ്വതന്ത്രനായി മത്സരിച്ച സനീഷ് 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വാര്‍ഡ് കോണ്‍ഗ്രസിന് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബൂത്ത് പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം വിമതനായി മത്സരിച്ചത്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തായി. ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സനീഷ് പറയുന്നു. പിന്തുണ സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

മധുരപ്രതികാരം

നിസ സക്കീറിന്റെ വിജയം ഒരു മധുരപ്രതികാരം കൂടിയാണ്. കീരികോടില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍. ചിഹ്നം അനുവദിച്ചുകൊണ്ട് കെ.പി.സി.സി.യില്‍നിന്ന് കത്തും ലഭിച്ചു. എന്നാല്‍ ചിഹ്നത്തിനായി ഡി.സി.സി. ഓഫീസില്‍ എത്തിയപ്പോഴാണ് വിമതയായി പത്രിക കൊടുത്ത സ്ഥാനാര്‍ഥിയെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് അറിഞ്ഞത്.

ഇതോടെ നിസ വിമതയായി. എങ്കിലും വാശിയോടെ പ്രചാരണം നടത്തി. 18 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനായി. പിന്തുണച്ചവരുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നാണ് നിസ സക്കീറും പറയുന്നത്.

content highlights: thodupuzha municipality election result