image
പ്രതീകാത്മകചിത്രം

തൊടുപുഴ: നഗരസഭയില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെട്ടി റിബലുകള്‍ ജയിച്ചുകയറി. കീരികോട്, കാരൂപ്പാറ വാര്‍ഡുകളിലാണ് പാര്‍ട്ടിസ്ഥാനാര്‍ഥികളെ ഇവര്‍ തോല്പിച്ചത്.

തൊടുപുഴ നഗരസഭ 19-ാംവാര്‍ഡില്‍ കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കുപുറമേ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.എം.ഷാജഹാന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയുമുണ്ടായിരുന്നു.മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാര്‍ഥി നിസ സക്കീറാണ് ആദ്യം പ്രചാരണം ആരംഭിച്ചത്. എന്നാല്‍, ഔദ്യോഗികസ്ഥാനാര്‍ഥിയായി നറുക്കുവീണത് ജസീല ഹാരിസിനാണ്.

എന്നാല്‍, തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഷാജഹാന്‍ ഉറച്ചുനിന്നു.ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി സസ്‌പെന്‍ഡുചെയ്തു. എന്നാല്‍, ഫലം വന്നപ്പോള്‍ 562 വോട്ടിന് നിസ സക്കീര്‍ ജയിച്ചു. 544 വോട്ടുമായി എല്‍.ഡി.എഫ്. സ്വതന്ത്ര ഷാഹിന ഇബ്രാഹിമാണ് രണ്ടാംസ്ഥാനത്ത്. സജീല ഹാരിസിന് 204 വോട്ടുമാത്രമാണ് നേടാനായത്.

കാരൂപ്പാറയില്‍ യു.ഡി.എഫ്. തീരുമാനത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിലെ ജോസഫ് മാണിയായിരുന്നു ഔദ്യോഗികസ്ഥാനാര്‍ഥി. എന്നാല്‍, കോണ്‍ഗ്രസ് വിമതന്‍ സനീഷ് ജോര്‍ജും ഇവിടെ റിബലായി മത്സരത്തിനിറങ്ങി. സനീഷ് ജോര്‍ജിന് 609 വോട്ട് ലഭിച്ചപ്പോള്‍ ജോഷി മാണിക്ക് 308 വോട്ടാണ് ലഭിച്ചത്; ജോസ് വിഭാഗം സ്ഥാനാര്‍ഥി ലിപ്‌സണ് 208 വോട്ടും.

content highlights: thodupuzha municipality election result