idukki
പ്രതീകാത്മക ചിത്രം

തൊടുപുഴ: മൂന്നു മുന്നണികളും തമ്മില്‍ കടുത്ത പോരാട്ടം നടന്ന തൊടുപുഴ നഗരസഭയില്‍ ഇത്തവണ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

മുന്നണികളെല്ലാം ശക്തമായ പ്രചാരണം നടത്തിയതും അതിനൊപ്പം ഉയര്‍ന്ന പോളിങ് ശതമാനവുമാണ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. പോളിങ് ഉയരുന്നത് എപ്പോഴും തങ്ങള്‍ക്ക് ഗുണമാണെന്ന് യു.ഡി.എഫ് പറയുമ്പോള്‍, മാറ്റം കൊതിച്ചാണ് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയതെന്നാണ് എല്‍.ഡി.എഫിന്റെ അവകാശവാദം. എന്നാല്‍ തങ്ങള്‍ കാണിച്ചുകൊടുത്ത മാറ്റങ്ങള്‍ക്ക് തൊടുപുഴ അനുകൂലമായി വോട്ടിടുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്.

പോളിങ് - 82.11

ജില്ലയിലെ ആകെയുള്ള രണ്ട് നഗരസഭകളില്‍ ഒന്നായ തൊടുപുഴയില്‍ 82.11 ശതമാനം പേര്‍ വോട്ട് ചെയ്യാനെത്തി. എല്ലാ ബൂത്തുകളിലും കനത്ത തിരക്ക് ദൃശ്യമായിരുന്നു. 35 സീറ്റുള്ള നഗരസഭയില്‍ നിലവില്‍ യു.ഡി.എഫിന് 14, എല്‍.ഡി.എഫിന് 13 എന്‍.ഡി.എ.യ്ക്ക് എട്ട് എങ്ങിനെയാണ് സീറ്റുനില. ഇത്തവണ ഭൂരിപക്ഷം നിലനിര്‍ത്തുമെന്നും 20-ന് മുകളില്‍ സീറ്റ് ലഭിക്കുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ടുപോയ ഭരണം ഇത്തവണ പിടിക്കുമെന്ന് എല്‍.ഡി.എഫ്. ക്യാമ്പും ഉറച്ചു വിശ്വസിക്കുന്നു. നഗരസഭയില്‍ നിര്‍ണായക സ്വാധീനമുള്ള ജോസ് വിഭാഗം ഒപ്പമെത്തിയതാണ് ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റുകളും അതിനൊപ്പം മൂന്നു മുതല്‍ അഞ്ചു വരെ സീറ്റുകളും കൂടുതല്‍ നേടാമെന്നാണ് എന്‍.ഡി.എ.യുടെ പ്രതീക്ഷ. മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.

വികസന മുരടിപ്പ്

കഴിഞ്ഞ തവണ അഞ്ചുവര്‍ഷത്തിനിടെ അഞ്ച് നഗരസഭാ അധ്യക്ഷന്‍മാരാണ് തൊടുപുഴയിലുണ്ടായിരുന്നത്. ഇത് വികസനമുരടിപ്പിന് വഴിതെളിച്ചതായി ആക്ഷേപമുണ്ടായിരുന്നു. അതിനാല്‍ തൂക്കുഭരണം വീണ്ടുമുണ്ടാകരുതെന്ന ആഗ്രഹത്തിലാണ് ജനങ്ങളും. വോട്ടെടുപ്പിന് ശേഷം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ വോട്ടെടുപ്പ് ദിവസം കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പോലീസും തീരുമാനിച്ചിട്ടുണ്ട്.

content highlights: thodupuzha municipality