ചെറുതോണി: ഒന്നര പതിറ്റാണ്ട് കാലമായി റോഡ് നന്നാക്കിയിട്ടില്ല. പ്രളയ ദുരിത സമയത്ത് ജനപ്രതിനിധി നാട്ടിലേ ഉണ്ടായിരുന്നില്ല. സഹിച്ചുമടുത്ത വാത്തിക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ തേക്കിന്‍തണ്ടിലെ യുവജന കൂട്ടായ്മ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരിക്കുകയാണ്. 'എന്റെ വോട്ട് റോഡിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വീട്ടമ്മയായ വിജി ബിജില്‍ തലച്ചിറയിലിനെ ജനങ്ങള്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനെയും ത്രിതല പഞ്ചായത്തുകളുടെയും കീഴിലുള്ള തേക്കിന്‍തണ്ടിലെ എല്ലാ റോഡുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. റോഡുകള്‍ നന്നാക്കുന്നതിന് വാര്‍ഡ് അംഗം താത്പര്യം കാണിച്ചില്ല എന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.

2018-ലെ പ്രളയത്തില്‍ തേക്കിന്‍തണ്ട് ഗ്രാമം മുഴുവന്‍ ദുരിതം അനുഭവിക്കുന്ന സമയത്ത് പഞ്ചായത്ത് അംഗം വിദേശയാത്രയില്‍ ആയിരുന്നുവെന്ന് യുവജന കൂട്ടായ്മ ആരോപിക്കുന്നു. ഇവിടുത്തുകാര്‍ സമാനതയില്ലാത്ത പ്രളയദുരിതമാണ് അനുഭവിച്ചത്. ദുരിതാശ്വാസ ക്യാമ്പും തുറന്നു.

ഒരു മാസത്തിനുശേഷം ക്യാമ്പ് പിരിച്ചുവിട്ടതിനു ശേഷം ആണ് പഞ്ചായത്ത് അംഗം വിദേശത്തുനിന്ന് തിരികെയെത്തിയത്. ഇതിനു ശേഷവും ഗ്രാമത്തിലെ ദുരിതബാധിതര്‍ക്ക് വേണ്ടി പഞ്ചായത്ത് അംഗം യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് യുവജന കൂട്ടായ്മ ഭാരവാഹികള്‍ പറയുന്നു.

എല്‍.ഡി.എഫ്. ഘടകകക്ഷിയായി മത്സരിച്ച് വിജയിച്ച പഞ്ചായത്ത് അംഗം പിന്നീട് യു.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നു. രാഷ്ട്രീയത്തിലെ പഞ്ചായത്ത് അംഗത്തിന്റെ സ്ഥിരതയില്ലായ്മ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു എന്ന് യുവാക്കള്‍ ആരോപിക്കുന്നു. യുവജന കൂട്ടായ്മയുടെ സ്ഥാനാര്‍ഥി വിജി സ്ഥാനാര്‍ഥിത്വം സ്വയം ഏറ്റെടുത്തു മുന്നോട്ടുവരികയായിരുന്നു.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരായിട്ടല്ല മത്സരിക്കുന്നത് നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ് നാട്ടുകാര്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടിവന്നത് എന്നാണ് യുവാക്കളുടെ നിലപാട്. യുവജന കൂട്ടായ്മയുടെ സ്ഥാനാര്‍ഥി നിര്‍ണയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

content highlights: thekkinthandu ward inroduces their own candidate