രാജാക്കാട്: 'നമത് വേട്പാളറൈ വെറ്റിപെറ സെയ്വീര്‍'... ഇടുക്കിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ പ്രത്യക്ഷപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ തമിഴില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകള്‍ നിങ്ങളോട് പറയുന്നു. 'നാടിന്റെ ഉയര്‍ച്ചയ്ക്ക് ഞങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കു'...

അതെ, മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പുകൂടി പടിവാതിലില്‍ നില്‍ക്കുമ്പോള്‍ മറയൂരും മൂന്നാറും കുമളിയും അടക്കമുള്ള ഇടങ്ങളില്‍ ഇത്തവണയും തമിഴ് വിട്ടൊരു കളിയില്ല. മലയാളനാട്ടിലെ തിരഞ്ഞെടുപ്പാണെങ്കിലും സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അച്ചടിക്കുന്ന പോസ്റ്ററുകളില്‍ 70 ശതമാനവും തമിഴിലാണ്.

ഇതു മാത്രമല്ല. വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ലഘുലേഖകളും കട്ടൗട്ടും ബാനറും എന്തിനേറെ കവല പ്രസംഗവും വോട്ടു ചോദിക്കലിലുംവരെ മൊത്തം തമിഴ്മയം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ടുതന്നെ മറയൂര്‍മുതല്‍ കുമളിവരെ ഒരു ഡസനോളം പഞ്ചായത്തുകളില്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് ചെന്നാല്‍ ഇത്തരം കാഴ്ചകളൊക്കെ കാണാം... തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ ചെറുപ്പത്തില്‍ പഠിച്ചുവന്നത് തമിഴായതുകൊണ്ട് അവര്‍ക്ക് വായിക്കാനിഷ്ടവും അതുതന്നെയാണ്.

ഇതറിയാവുന്നതുകൊണ്ടുതന്നെ കാലാകാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതുവിട്ടൊരു കളിയില്ല. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലടക്കം ഇത്തരം പോസ്റ്ററുകള്‍ നിരന്നുകഴിഞ്ഞു. തമിഴ് ഭാഷയില്‍ പോസ്റ്ററുകള്‍ അച്ചടിച്ചുകിട്ടാനും എളുപ്പമാണ്. നേരെ അതിര്‍ത്തികടന്ന് ശിവകാശിയിലെത്തിയാല്‍ നിമിഷങ്ങള്‍കൊണ്ട് എല്ലാം റെഡിയാകും. ഇതുമാത്രമല്ല കഴിഞ്ഞ തവണത്തെപ്പോലെ ഈ അതിത്തി പഞ്ചായത്തുകളിലെല്ലാം തമിഴ് 'കക്ഷികളായ' ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തമായ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

content highlights: tamil posters in kerala's local body election