അടിമാലി: ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സനിത ഇത്തവണ കന്നിവോട്ട് ചെയ്യും. അതും തനിക്ക് തന്നെ. ഓഗസ്റ്റിലാണ് സനിത സജിക്ക് 21 വയസ്സ് തികഞ്ഞത്.

രണ്ട് മാസങ്ങള്‍ക്കിപ്പുറം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടിമാലി പഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാനായതിന്റെ ആവേശത്തിലാണ് മൂന്നാര്‍ സര്‍ക്കാര്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി കൂടിയായ സനിത.

കന്നിവോട്ടിതുവരെ രേഖപ്പെടുത്തിയിട്ടില്ല. തനിക്കായി തന്നെ തന്റെ കന്നിവോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിന്റെ സന്തോഷവും സനിതക്കുണ്ട്. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സനിത.

പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സനിത രാവിലെ മുതല്‍ സജീവമാണ്. ചൊവ്വാഴ്ച മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം സനിതയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ആദ്യം വട്ടം ഭൂരിഭാഗം വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കന്നിവോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം വിജയവും സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് സനിതക്കുള്ളത്.

content highlights: sanitha youngest candidate contesting in adimali panchayath