ഉപ്പുതറ: ഉപ്പുതറ, പീരുമേട് പഞ്ചായത്തുകളിലേക്ക് ജനവിധി തേടി സഹോദരങ്ങള്‍. ഉപ്പുതറ കൈതപ്പതാല്‍ (15) വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ഓമന സോദരന്‍. സഹോദരന്‍ ആര്‍.വിനോദ് പീരുമേട് കരടിക്കുഴി എട്ടാംവാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും.

ഓമന നാലാം തവണയും വിനോദ് രണ്ടാം തവണയുമാണ് ജനവിധി തേടുന്നത്. ഓമന ഒരുതവണ ജയിച്ചിരുന്നു. എല്‍.ഡി.എഫ്. സ്വതന്ത്ര മേഴ്‌സി റോയിയും ബി.ജെ.പി.യുടെ രാധാമണിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

രണ്ടാംതവണ മത്സരത്തിനിറങ്ങുന്ന വിനോദ് സി.പി.ഐ. നേതാവാണ്. 1995-ല്‍ കരടിക്കുഴിയില്‍ പരാജയപ്പെട്ട വിനോദിന് ഇത്തവണ റിബല്‍ ഉണ്ട്. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ഹരിഹരനും റിബല്‍ ഉണ്ടെന്ന ആശ്വാസത്തിലാണ് വിനോദ്.

ചേട്ടത്തി സി.പി.എം. സ്ഥാനാര്‍ഥി; അനുജത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഉപ്പുതറ: ചേട്ടത്തി പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായപ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ അനുജത്തി കോണ്‍ഗ്രസിന്റെ ബ്ലോക്ക് സ്ഥാനാര്‍ഥി. ഷീലാ രാജനും ഷൈലാ വിനോദുമാണ് ഇരുമുന്നണികള്‍ക്കുമായി ജനവിധി തേടുന്ന സഹോദരിമാര്‍.

മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചെമ്പന്‍കുളം രാജന്റെ ഭാര്യയാണ് ഷീല. രാജന്റെ അനുജന്‍ വിനോദിന്റെ ഭാര്യയാണ് ഷൈല. അങ്ങനെ ചേട്ടത്തി, അനുജത്തി ബന്ധം കൂടിയുണ്ട് ഈ സഹോദരിമാര്‍ക്ക്.

ഉപ്പുതറ പഞ്ചായത്ത് 12-ാംവാര്‍ഡില്‍ ഇടതുസ്ഥാനാര്‍ഥിയാണ് ഷീലാ രാജന്‍. സി.പി.എം. ഏലപ്പാറ ഏരിയാ കമ്മിറ്റിയംഗമായ ഷീല കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ആനവിലാസം ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ഷൈലാ വിനോദ്.

മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണായ ഷൈല അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡും ഷൈലയ്ക്ക് ലഭിച്ചിട്ടുണ്ട്.

content highlights: relatives contesting in local self government election upputhara peerumed