മറയൂര്‍: നല്ല മഴ പെയ്യുന്നുണ്ട്. കീഴാന്തൂരില്‍ വേണുവിന്റെ കടയില്‍ കയറിയാല്‍ നല്ല ചൂടുചായ കുടിച്ച് തണുപ്പ് മാറ്റാം. അവിടെ കയറിയാല്‍ ഒരുപിടി സ്ഥാനാര്‍ഥികളെയും കാണാം.

അഞ്ച് സ്ഥാനാര്‍ഥികള്‍, അഞ്ചുപേരും അടുത്ത ബന്ധുക്കള്‍. കാന്തല്ലൂരിലെ കീഴാന്തൂര്‍ ഗ്രാമത്തിലാണ് അഞ്ച് ബന്ധുക്കളുടെ പോരാട്ടം നടക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായാകും ഒരുവാര്‍ഡില്‍ ഇത്രയും ബന്ധുക്കള്‍ മത്സരിക്കുന്നത്.

കോണ്‍ഗ്രസിലെ കെ.ആര്‍. സുബ്രഹ്മണ്യന്‍ (53), സി.പി.എമ്മിന്റെ സി.എം.സുബ്ബരാജ് (37), ബി.ജെ.പി.യുടെ എം.മണി (32), അണ്ണാ ഡി.എം.കെ.യുടെ ടി.എം.കെ.രാമസ്വാമി (59), സ്വതന്ത്രന്‍ എ.എസ്.കാമരാജ് (60) എന്നിവരാണ് സ്ഥാനാര്‍ഥി ബന്ധുക്കള്‍.

അടുപ്പക്കാരാണെങ്കിലും ഇവിടെ മത്സരാവേശത്തിന് ഒരുകുറവുമില്ല. ജയിക്കാനായി വാശിയേറിയ പ്രചാരണമാണ് അഞ്ചാളും നടത്തുന്നത്.

ഇപ്പോള്‍ കീഴാന്തൂരില്‍ കനത്ത മഴ പെയ്യുകയാണ്. വീടുകയറി വോട്ട് പിടിക്കല്‍ പ്രയാസമായിട്ടുണ്ട്. അതിനാല്‍ അഞ്ചുപേരും വേണുവിന്റെ ചായക്കടയില്‍ ഇരിക്കുകയാണ്. അവിടെത്തുന്നവരോടെല്ലാം വോട്ട് ചോദിക്കുന്നുണ്ട്. ഇടവേളകളില്‍ വിശേഷം പറഞ്ഞ് ഒരോ ചായയും.

അഞ്ചില്‍ ആര് ജയിക്കും എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ തവണ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മാണ് ഈ വാര്‍ഡില്‍ ജയിച്ചത്.

content highlights: relatives contesting in local body election kanthallur