നെടുങ്കണ്ടം: ഇടത്, വലത് മുന്നണികള്‍ ഇത്തവണ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടത്തിയാല്‍ നിയമനടപടിക്കൊന്നും പോകാതെ പിടിച്ചുനിര്‍ത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

തദ്ദേശ തിരഞ്ഞെടുപ്പോടെ അഴിമതിയുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്ന ഇടത്, വലത് മുന്നണികള്‍ തകര്‍ന്നടിയും. കേരളത്തിലെ രാഷ്ട്രീയസാഹചര്യം ഇത്തരത്തിലാണ് പോകുന്നതെങ്കില്‍ ഇടതുമുന്നണി യോഗം അട്ടക്കുളങ്ങര, പൂജപ്പുര ജയിലുകളില്‍ വെച്ച് കൂടേണ്ട നിലയിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബി.ജെ.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് സി.ഡി.സജിവ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, കേന്ദ്രകമ്മിറ്റിയംഗം ശ്രീനഗരി രാജന്‍, കെ.കുമാര്‍, ഷാജി നെല്ലിപ്പറമ്പന്‍, സി.സന്തോഷ് കുമാര്‍, ബിനു അമ്പാടി, ജെ.ജയകുമാര്‍, ഗ്രീഷ്മ വിക്രമന്‍, പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

content highlights: Postal votes: BJP cadre will physically deal with wrongdoers, says K. Surendran