തൊടുപുഴ: നേതാക്കളുടെയും പ്രമുഖരുടെയും പേരുള്ള സ്ഥലങ്ങളുണ്ട് ഇടുക്കിയില്‍. പ്രമുഖരുടെ പേരിലാണെങ്കിലും അവിടെയൊന്നും അവരുടെ രാഷ്ട്രീയമല്ല പിന്തുടരുന്നത്. ചില പ്രദേശങ്ങള്‍ മുന്നണികളെ മാറിമാറി പരീക്ഷിക്കും. അറിയാം, ആ പ്രദേശങ്ങളെയും അവിടത്തെ രാഷ്ട്രീയത്തെയും...

എ.കെ.ജി. പടി

കുമളി പഞ്ചായത്തിലെ ആറാംവാര്‍ഡായ അമരാവതിയിലാണ് എ.കെ.ജി. പടി. ഇവിടെ കര്‍ഷകരെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍നടപടിക്കെതിരേ 1961-ല്‍ എ.കെ.ഗോപാലന്‍ ദിവസങ്ങളോളം സത്യാഗ്രഹമനുഷ്ഠിച്ചു. ഈ സ്ഥലത്തിന് എ.കെ.ജി. പടിയെന്ന് പേരിട്ടു. പേര് അങ്ങനെയാണെങ്കിലും കഴിഞ്ഞ രണ്ടുതവണ യു.ഡി.എഫ്. നേരിയ ഭൂരിപക്ഷത്തില്‍ ഇവിടെനിന്ന് വിജയിച്ചു. ആര്‍ക്കും കാര്യമായ ഭൂരിപക്ഷം നല്‍കാറില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇത്തവണ യു.ഡി.എഫിനായി ജോബി ജോസും എല്‍.ഡി.എഫിനായി സണ്‍സി മാത്യുവും എന്‍.ഡി.എ.യ്ക്കായി സേവ്യര്‍ വളയത്തിലുമാണ് രംഗത്തുള്ളത്.

ഉമ്മന്‍ ചാണ്ടി കോളനി

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്‍പതാംവാര്‍ഡായ മഴുവടിയാണ് ഉമ്മന്‍ ചാണ്ടി കോളനി എന്നറിയപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലില്‍, പെരിയാര്‍തീരത്ത് താമസിച്ചിരുന്ന ആദിവാസികള്‍ക്ക് സ്ഥലവും വീടും നല്‍കി കുടിയിരുത്തുകയായിരുന്നു. പിന്നീടിത് ഉമ്മന്‍ ചാണ്ടി കോളനി എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. യു.ഡി.എഫ്. സ്ഥാനാര്‍ഥികളാണ് ഇവിടെ വിജയിക്കുന്നത്. ഇത്തവണ കോളനിയിലെ ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറത്ത് കൈപ്പത്തി അടയാളത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. എല്‍ഡി.എഫ്. സ്ഥാനാര്‍ഥി സേവ്യര്‍ ജോസഫാണ്. വാര്‍ഡില്‍ ആകെ 1300 വോട്ടര്‍മാരാണുള്ളത്. 85 ആദിവാസി കുടുംബങ്ങളുമുണ്ട്.

ബാബുനഗര്‍

1974-ല്‍ ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഡി.ബാബു പോളിന്റെ നേതൃത്വത്തില്‍ മറയൂരില്‍ ലക്ഷംവീട് കോളനി സ്ഥാപിച്ചു. 100 വീട് നിര്‍മിച്ച ഈ കോളനിക്ക് ബാബുനഗര്‍ എന്ന പേരും വന്നു. കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന മേഖലയായിരുെന്നങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഇവിടെ വിജയിച്ചു. ഇത്തവണ പട്ടികവര്‍ഗ സംവരണവാര്‍ഡാണിത്. മൂന്ന് മുന്‍ പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് പഴനിസ്വാമിയും സി.പി.എം. സ്ഥാനാര്‍ഥിയായി മുരുകവേലും ബി.ജെ.പി.സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിമതന്‍ ശെല്‍വം മാര്‍ക്കനുമാണ് മത്സരരംഗത്തുള്ളവര്‍.

ഇക്കാ നഗര്‍

മൂന്നാര്‍ ടൗണില്‍നിന്ന് 400 മീറ്റര്‍മാത്രം ദൂരത്താണ് ഇക്കാ നഗര്‍ എന്നപേരിലുള്ള സ്ഥലമുള്ളത്. മൂന്നാറിലെ ആദ്യകാല സി.പി.എം.നേതാവായിരുന്ന വി.ഇ.അബ്ദുള്‍ ഖാദറിന്റെ (ഇക്കാ) സ്മരണാര്‍ഥമാണ് നാട്ടുകാര്‍ ഈ പേര് നല്‍കിയത്. 20 വര്‍ഷം പഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ജനകീയനായ നേതാവായിരുന്നു. 1992-ല്‍ ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നാണ് കെ.എസ്.ഇ.ബി.കോളനി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് നാട്ടുകാര്‍ ഇക്കാ നഗര്‍ എന്ന് പേരിട്ടത്. സ്ഥിരമായി സി.പി.എം.പ്രതിനിധികളാണ് മൂന്നാര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡായ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. 2010-ല്‍മാത്രം കോണ്‍ഗ്രസ് പ്രതിനിധി വിജയിച്ചു. ഇത്തവണ വനിതാ സംവരണവാര്‍ഡായ ഇവിടെ കോണ്‍ഗ്രസിലെ മഹാലക്ഷ്മിയും സി.പി.എമ്മിലെ റീന മുത്തുകുമാറും ബി.ജെ.പി.യിലെ വിജയലക്ഷ്മിയും തമ്മിലാണ് പോരാട്ടം.

പട്ടം കോളനി

പേര് സൂചിപ്പിക്കുംപോലെതന്നെ പട്ടം താണുപിള്ളയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാന രൂപവത്കരണം ഭാഷാടിസ്ഥാനത്തിലായതിനാല്‍ ഈ പ്രദേശം തമിഴ്നാടിനോട് ചേരുമെന്ന അവസ്ഥ വന്നു. ഇതൊഴിവാക്കാന്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഒരു വഴി കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 200 കുടുംബങ്ങളെ അഞ്ചേക്കര്‍വീതം സ്ഥലം നല്‍കി അവിടെ കുടിയിരുത്തി. തിരു-കൊച്ചി മേഖലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായുള്ള ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെപേരിലായിരുന്നു ഇത്. അങ്ങനെ 1955 ജനവരി 20-ന് അവിടെ പട്ടം കോളനി നിലവില്‍വന്നു. നെടുങ്കണ്ടം പഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10, 11, 12, 13 വാര്‍ഡുകള്‍ പൂര്‍ണമായും 14, ഏഴ് വാര്‍ഡുകള്‍ ഭാഗികമായും, പാമ്പാടുംപാറ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ പൂര്‍ണമായും, രണ്ട്, മൂന്ന്, നാല്, 11 വാര്‍ഡുകള്‍ ഭാഗികമായും, കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ പൂര്‍ണമായും നാലാംവാര്‍ഡ് ഭാഗികമായും പട്ടംകോളനിയുടെ ഭാഗമാണ്. സ്ഥിരമായി ആരെയും പിന്തുണയ്ക്കാത്തതാണ് ഇവിടത്തെ രാഷ്ട്രീയം.

content highlights: oommen chandy colony, akg padi, place names and their politics connection