കട്ടപ്പന: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫ്‌ലക്‌സും പോസ്റ്ററും അനൗണ്‍സ്‌മെന്റും ഒക്കെയായി ഉത്സവ പ്രതീതിയായിരുന്നു. സമൂഹമാധ്യമങ്ങളുടെ സാധ്യതകളും ട്രോളുകളുടെ ജനപ്രീതിയും വലിയൊരളവില്‍ പ്രയോജനപ്പെടുത്തി തുടങ്ങിയതും ആ തിരഞ്ഞെടുപ്പിലാണ്. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ 90 ശതമാനം പ്രചാരണ പ്രവര്‍ത്തനങ്ങളും നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ ചൂടുപിടിപ്പിക്കാന്‍ വിവിധ ഏജന്‍സികളും രംഗത്ത് എത്തിക്കഴിഞ്ഞു.

നെറ്റിസണ്‍മാരെ ആകര്‍ഷിക്കണോ?- മോഡേണാകണം

വെള്ളമുണ്ടും ഷര്‍ട്ടുമിട്ട സ്ഥാനാര്‍ഥി പാര്‍ട്ടിക്കൊടികളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന പരമ്പരാഗത ഡിസൈനുകളുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ട് അങ്ങനെ നില്‍ക്കും. തദേശ തിരഞ്ഞെടുപ്പില്‍ പോസ്റ്ററുകളില്‍ കണ്ടുവരുന്ന പ്രവണതയാണിത്. എന്നാല്‍ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ ഇവ പഴങ്കഥയായി മാറി. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് പകരം ആകര്‍ഷകമായ വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ സ്ഥാനാര്‍ഥികളും ഏജന്‍സികളും ശ്രദ്ധിക്കാറുണ്ട്. പ്രചാരണം ഏറ്റെടുക്കുന്ന ഏജന്‍സികള്‍ സ്ഥാനാര്‍ഥിക്ക് ഫോട്ടോ ഷൂട്ട്, പോസ്റ്റര്‍, പ്രസ്താവന, അനൗണ്‍സ്‌മെന്റ്, ഡിസൈനുകള്‍, പ്രചാരണ ഗാനങ്ങള്‍ എന്നിവയും തയ്യാറാക്കും.

കാഴ്ചക്കാര്‍ കൂടുതലെത്തണം

കോവിഡ് ഭയം നാല്‍ക്കവലകളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ ഇല്ലാതാക്കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് ചൂട് കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ അംഗങ്ങളിലേക്ക് പ്രചാരണം എത്തിക്കാനായി കൂടുതല്‍ അഗങ്ങള്‍ പിന്തുടരുന്ന അക്കൗണ്ടുകള്‍ സ്ഥാനാര്‍ഥിക്ക് സ്വന്തമായി ഉണ്ടാവണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ഏജന്‍സികളുമുണ്ട്. സ്വന്തമായി അക്കൗണ്ടുകള്‍ ഇല്ലെങ്കില്‍ ഫെയ്സ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് ഉണ്ടാക്കി നല്‍കുവാനും ഇവര്‍ തയ്യാറാണ്.

യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനുകളാണ് 'ഡിജിറ്റല്‍' ഇലക്ഷനില്‍ സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യം. പ്രചാരണത്തിനുള്ള വീഡിയോകളെല്ലാം സിനിമകളോടു കിടപിടിക്കുന്ന രീതിയിലാണ് അണിയറയില്‍ തയ്യാറാകുന്നത്. സ്ഥാനാര്‍ഥിയുടെ കടന്നുവരവുകളും വോട്ട് അഭ്യര്‍ഥനയും പ്രവര്‍ത്തന പരിചയം വിവരിച്ചുള്ള വീഡിയോകളുമെല്ലാം വിവിധ ഫ്രെയിമുകളില്‍ ചിത്രീകരിച്ച് മനോഹരമാക്കിയാണ് പ്രചാരണത്തിനായി നല്‍കുന്നത്.

വോട്ടര്‍മാരെ തേടി സ്ഥാനാര്‍ഥിയുടെ ശബ്ദസന്ദേശങ്ങളും

സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത വോട്ടര്‍മാരെ ലക്ഷ്യംവെച്ച് സ്ഥാനാര്‍ഥിയുടെ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം ഫോണ്‍കോളായി വോട്ടര്‍മാരിലെത്തുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സ്ഥാനാര്‍ഥി വാര്‍ഡിലുള്ളവരുടെ ഫോണ്‍ നമ്പര്‍ ഏജന്‍സികള്‍ക്ക് കൈമാറിയാല്‍ മതിയാകും. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് നിശബ്ദ പ്രചാരണ സമയങ്ങളില്‍ ശബ്ദസന്ദേശം വോട്ടര്‍മാരില്‍ എത്തിക്കാനാണ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ വീടുകള്‍ കയറിയുള്ള പ്രചാരണം കുറച്ച് സമൂഹമാധ്യമങ്ങളുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷിയാകുന്നത്.

content highlights: online election campaigning idukki local self government election