election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

നെടുങ്കണ്ടം: അഖിലേന്ത്യാ പണിമുടക്കിന്റെ ആലസ്യമൊക്കെവിട്ട് വെള്ളിയാഴ്ച നെടുങ്കണ്ടം ഉഷാറായാണ് ഉണര്‍ന്നത്. കടകളിലും ബാങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒന്നൊന്നര തിരക്ക്. കിഴക്കേകവല മുതല്‍ പടിഞ്ഞാറേക്കവല വരെ ആളുകളുടെയും വാഹനങ്ങളുടെയും ഒഴുക്ക്.

തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ വല്ലതുമാണോ എന്നറിയാന്‍ അവിടേക്കൊന്ന് എത്തിനോക്കി. അല്ല, തിരഞ്ഞെടുപ്പ് അടുത്തിട്ടും ഈ പട്ടണം അതൊന്നും അറിഞ്ഞമട്ടില്ല. ശബ്ദകോലാഹലങ്ങളില്ല, പ്രചാരണ പരിപാടികള്‍ കുറവ്. വോട്ടുചോദിക്കാന്‍ സ്ഥാനാര്‍ഥികളാരും വഴിവക്കിലില്ല. ആകെ അവിടവിടെ ഒന്നോ രണ്ടോ പോസ്റ്റര്‍ മാത്രം.

ഹൈറേഞ്ചില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പഞ്ചായത്തുകളിലൊന്നാണ് നെടുങ്കണ്ടം. അതുകൊണ്ട് പട്ടണംവിട്ട് തിരഞ്ഞെടുപ്പുകാഴ്ചകള്‍ തേടി പുറത്തേക്ക് പോകാമെന്ന് കരുതി. പട്ടണത്തോട് അടുത്തുകിടക്കുന്ന മൂന്ന്, നാല്, അഞ്ച്, ആറ്, 15, 16 എന്നീ വാര്‍ഡുകളിലെത്തിയപ്പോഴാണ് ടൗണ്‍ സമ്മാനിച്ച നിരാശയൊക്കെ പമ്പ കടന്നത്. ഇവിടെ വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് സ്ഥാനാര്‍ഥികളൊക്കെ ഉഷാറായി വോട്ട് ചോദിക്കാനിറങ്ങിയിട്ടുണ്ട്. പോസ്റ്ററുകളും ബാനറുകളുമൊക്കെ എല്ലായിടത്തും നിരന്നിട്ടുമുണ്ട്.

16-ാം വാര്‍ഡിലെ ചായക്കടയുടെ മുന്നിലെ മരത്തണലിലും കുരിശടിക്കു മുന്നിലും സ്ഥിരം സൗഹൃദ കൂട്ടങ്ങളുടെയും ചര്‍ച്ച ഇത്തവണ ആര് നെടുങ്കണ്ടം കടക്കുമെന്നതാണ്. മരത്തിനു ചുറ്റുമുണ്ട് കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും താമരയുമെല്ലാം പതിച്ച കട്ടൗട്ടുകള്‍. ഇവിടുത്തെ ബാര്‍ബര്‍ഷോപ്പുകളിലേക്കും മറ്റ് ചായക്കടകളിലേക്കും കൂടെ ഒന്ന് കാതോര്‍ത്തു. അതെ ചൂടേറിയ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഇവിടെ ഉയരുന്നുണ്ട്.

മറക്കാതിരുന്നാല്‍ മതി

കഴിഞ്ഞ പത്ത് വര്‍ഷമായി യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ ഇത്തവണത്തെ മത്സരം പഴയതിലും ഉശിരനാണെന്നാണ് വ്യാപാരഭവന് മുന്നില്‍ കണ്ടുമുട്ടിയ മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസിന്റെ പക്ഷം. ആര് ഭരിച്ചാലും പക്ഷേ ഞങ്ങള്‍ വ്യാപാരികളെ കൂടെ ഓര്‍ക്കണമെന്നും സാധാരക്കാരുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്നും അപേക്ഷയുണ്ട്. ഏത് കേരള കോണ്‍ഗ്രസാണ് ഇവിടെ ശക്തമെന്നറിയാനുള്ള ത്രില്ലില്‍ കൂടിയായിരുന്നു അദ്ദേഹം. മന്ത്രി എം.എം. മണി ഇടപെട്ട് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുണ്ടെങ്കിലും ഭൂപ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന് എത്രത്തോളം പ്രതിരോധം തീര്‍ക്കുമെന്നും കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ്‌ െജയിംസിന്റെ പക്ഷം.

ആര്‍ക്കും വേണ്ടന്നേ...!

തപാലോഫീസിന് എതിര്‍വശത്ത് എഡിസന്റെ ഫോട്ടോസ്റ്റാറ്റ് കടയുടെ മുന്നില്‍ പരിചയക്കാരോട് സംസാരിച്ച് നില്‍ക്കുകയാണ് നെടുങ്കണ്ടത്തിന്റെ ആസ്ഥാന ചുവരെഴുത്തുകാരനും അനൗണ്‍സറുമായ കെ.സി.ടോമി. ഫ്‌ളക്‌സുകളുടെ അതിപ്രസരത്തില്‍ അന്യംനിന്നുപോയ ചുവരെഴുത്ത് കലാകാരന്‍മാരില്‍ ഇവിടെ അവശേഷിക്കുന്നവരില്‍ ഒരാള്‍. മോഷന്‍ പോസ്റ്ററുകളുടെ കാലത്ത് താന്‍ എഴുതിയ ചുവരുകളെക്കുറിച്ചും നടത്തിയ നെടുനീളന്‍ അനൗണ്‍സ്മെന്റുകളെക്കുറിച്ചും വാചാലനാവുകയാണ് അദ്ദേഹം.

തിരഞ്ഞെടുപ്പായിട്ടും പണിയില്ലേയെന്ന ചോദിച്ചപ്പോള്‍ മാസ്‌ക് ചെറുതായൊന്ന് താഴ്ത്തി പറഞ്ഞു 'ഓ...ചുവരെഴുത്തും അനൗസ്മെന്റും ആര്‍ക്കും വേണ്ടന്നേ...' ഈ തിരഞ്ഞെടുപ്പ് കാലത്ത് കുറയൊക്കെ സാധ്യത ഉണ്ടാകുമെന്ന് കരുതിയതാണ്. പക്ഷേ എഴുതാന്‍ പറ്റിയ മതില്‍ എവിടാ ഉള്ളത്? സങ്കടത്തോടെ ടോമി ചോദിക്കുന്നു. പ്രചാരണ രീതിയൊക്കെ മാറിയതോടെ അനൗസ്മെന്റിനും ആരും വിളിക്കുന്നില്ല. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പര്യടനത്തിലാണ് ഇനി ഇവരെ പോലെയുള്ളവരുടെ പ്രതീക്ഷ.

ഗ്രാമങ്ങളിലേക്ക്

നെടുങ്കണ്ടത്തിന് സമീപമുള്ള സമീപ ഗ്രാമങ്ങളിലേക്കായി അടുത്ത യാത്ര. ഗ്രാമീണ റോഡുകള്‍ക്ക് ഇരുവശത്തുമുള്ള മരങ്ങളിലും തൂണുകളിലുമെല്ലാം പ്രചാരണ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അടഞ്ഞുകിടക്കുന്ന മാടക്കടകളുടെ വശങ്ങളിലും സിറ്റികളിലെ കാത്തിരിപ്പുകേന്ദ്രങ്ങളുടെ ഉള്ളിലുമെല്ലാം പോസ്റ്ററുകളുടെ പ്രളയം. മൂന്ന് മുതല്‍ അഞ്ച് വരെ പേര്‍ വരെ അടങ്ങുന്നവര്‍ വോട്ടുപിടിക്കാനിറങ്ങിയവരെയും യാത്രയിലുടനീളം കണ്ടു. പര്യടനം നടത്തുന്ന സമയം വീട്ടിലില്ലാത്ത വോട്ടര്‍മാരെ വിളിക്കുന്നതിനാല്‍ അവരുടെ ഫോണുകളും സദാ സമയം ഫുള്‍ ഗിയറിലാണ്.

മുണ്ടിയെരുമ, കല്ലുമ്മേക്കല്ല്, കോമ്പയാര്‍, പുഷ്പക്കണ്ടം, തൂക്കുപാലം, രാമക്കല്‍മെട്ട് ഭാഗങ്ങളില്‍ വാശിയേറിയ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ഇതിനിടെ മുന്‍പഞ്ചായത്തംഗങ്ങളും പുതുമുഖങ്ങളും അടക്കം വോട്ടുറപ്പിക്കാനായി കുന്നും മലയും കയറിയിറങ്ങുന്ന കാഴ്ചയും കണ്ടു. തകര്‍ന്ന റോഡുകള്‍ ചാടിക്കടന്നെത്തുന്ന സ്ഥാനാര്‍ഥികളോട് തങ്ങള്‍ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന വോട്ടര്‍മാരെയും. അതെ പട്ടണങ്ങളുടെ ആലസ്യം വിട്ട് ഈ ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് ഉണരുകയാണ്.

content highlights: nedunkandam local body election