മറയൂര്‍: വെളുപ്പാന്‍കാലമായി. പല്ലുകൂട്ടിയിടിക്കുന്ന തണുപ്പ്. എന്നിട്ടും മറയൂര്‍ ടൗണില്‍ നല്ലതിരക്കായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ ഒരു കട്ടന്‍ ചായയടിച്ച് കമ്പിളിയും ജാക്കറ്റുമൊക്കെയിട്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്. ഇവിടെ നിന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആരംഭം.

ഏഴിലെ ചൂട്

ഏഴാം വാര്‍ഡിലേക്കാണ് ആദ്യം പോയത്. തീ കൂട്ടുന്നതിന് മുമ്പ് ശര്‍ക്കരപ്പാനി തിളച്ചുമറിഞ്ഞാല്‍ എങ്ങനെയിരിക്കും? അതേ പോലെയാണ് ഇവിടുത്തെ രാഷ്ട്രീയം. ആദ്യം മുതലേ വന്‍ ആവേശം. ഇവിടുത്തെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ടി.ടി.ജോസഫിന് ഒരു പ്രത്യേകതയുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചത് ഉള്‍പ്പെടെ 32 വര്‍ഷം മറയൂര്‍ പഞ്ചായത്ത് പ്രതിനിധിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ മാസം വരെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു.

മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസിന്റെ ജോമോന്‍ തോമസുമായാണ് മത്സരം. ഇരുകൂട്ടരും വാശിയേറിയ പ്രചാരണത്തിലാണ്. ഇവിടെ മാത്രമല്ല, കോണ്‍ഗ്രസിന് പലയിടത്തും വിമത ശല്യമുണ്ട്. എല്‍.ഡി.എഫിന് പത്താം വാര്‍ഡില്‍ വിമതനുണ്ട്.

വെള്ളത്തിന്റെ രാഷ്ട്രീയം

കാന്തല്ലൂര്‍ പഞ്ചായത്തിലേക്ക് പോകുംവഴിയാണ് കരിമ്പിന്‍തോട്ടത്തില്‍ പണി കഴിഞ്ഞുപോകുന്ന സ്ത്രീ വോട്ടര്‍മാരെ കണ്ടത്. നാച്ചിവയല്‍ സ്വദേശികളാണ്. വീടില്ലാത്തവരും സ്ഥലമില്ലാത്തവരുമൊക്കെയാണ് മിക്കവരും. വീടും സ്ഥലവും വെള്ളവുമൊക്കെ തരുന്നവര്‍ക്കേ വോട്ടുള്ളൂവെന്നാണ് കഠിനമായി അധ്വാനിക്കുന്നതിനിടയിലും അവര്‍ പറയുന്നത്. മുന്‍ പഞ്ചായത്തംഗങ്ങളായ സി.പി.എമ്മിലെ പി.കെ.ജിമ്മിയും കോണ്‍ഗ്രസിലെ ബി.മണികണ്ഠനും തമ്മിലാണ് നാച്ചിവയലില്‍ മത്സരം.

കരിമ്പില്‍ തോട്ടത്തില്‍ ജലസേചനത്തിനായി കനാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് പിന്നീട് കണ്ടത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് പത്തടിപാലം സ്വദേശികളാണ്.ഇവരുടെ ബന്ധുക്കളാണ് വാര്‍ഡില്‍ മത്സരിക്കുന്നത്.കോവില്‍ക്കടവ് വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗീതാമ്മ സത്യശീലന്‍ സി.പി.എം. വിമതയായി വന്നതോടുകൂടി രംഗം ചൂടുപിടിച്ചു. ഇവിടെ കുടിവെള്ളത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തിയതായി തൊഴിലാളികള്‍ പറഞ്ഞു. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച വാര്‍ഡാണിത്. തിരഞ്ഞെടുപ്പു സമയത്ത് കൈകൂപ്പി വോട്ട് ചോദിക്കുവാന്‍ എത്തുമെങ്കിലും ജയിച്ചുകഴിഞ്ഞാല്‍ അവരെ തൊഴുത് ചെന്നാലും ഒരു സഹായവും ലഭിക്കുകയില്ല എന്ന് ചില സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു. കോവില്‍ക്കടവ് ടൗണില്‍ കുടിവെള്ളമെത്തിക്കുന്നവര്‍ക്കാണ് ഇത്തവണ വോട്ട് എന്നതാണ് ഭൂരിഭാഗം തൊഴിലാളികളും ഒരേ സ്വരത്തില്‍ പറഞ്ഞത്.

നാലു മുന്നണികളാണ് ഇവിടെ മത്സര രംഗത്തുള്ളത്.കൂടാതെ കുറച്ചു സ്വതന്ത്രരും. കോണ്‍ഗ്രസ്, എല്‍.ഡി.എഫ്, എന്‍.ഡി.എ, അണ്ണാ ഡി.എം.കെ. എന്നിവയാണ് മത്സര രംഗത്തുള്ളത്.

പറയാനുണ്ട് കാര്യങ്ങള്‍

കര്‍ഷകരുടെ ദുരിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കാണ് ഇത്തവണത്തെ വോട്ടെന്ന് കോവില്‍ക്കടവിലെ ഈട്ടിക്കല്‍ സ്റ്റോഴ്‌സ് ഉടമ ഇ.എസ്.മോഹനന്‍ പറയുന്നു. കരിമ്പ് കൃഷി വ്യാപകമാണെങ്കിലും മറയൂര്‍ ശര്‍ക്കരയ്ക്ക് ന്യായവില ലഭിക്കാത്തതില്‍ കര്‍ഷകന്‍ ദുരിതത്തിലാണ്. പലപ്പോഴും ഉത്പാദന െചലവ് പോലും ലഭിക്കുന്നില്ലെന്ന് മോഹനന്‍ പറയുന്നു.

കോവില്‍ക്കടവിലെ നിര്‍മാണ തൊഴിലാളിയായ ചുരുളി കറുപ്പയ്യ ഓരോ ഇലക്ഷനിലും വോട്ട് ചെയ്യുന്നത് ഏറെ പ്രതീക്ഷയോടെയാണ്. ഒന്നും കിട്ടിയില്ലെങ്കിലും വീണ്ടും പ്രതീക്ഷയോടെ ഇത്തവണയും വോട്ടുചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ജയിക്കുന്നവര്‍ ആനയെയും കുതിരയെയും ഒന്നും തരേണ്ട ദുഃഖിതരുടെ കൂടെ ആശ്വാസമായിനിന്നാല്‍ മതിയെന്ന് അദ്ദേഹം പറയുന്നു.

content highlights: marayur local self government election