മൂന്നാര്‍: മൂടല്‍മഞ്ഞും കൊടുംതണുപ്പുമൊക്കെയാണ് മൂന്നാറിലെ ഇപ്പോഴത്തെ കാലാവസ്ഥ. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തതോടെ തേയിലക്കാടുകള്‍ക്കുള്ളില്‍ പുകയുന്ന രാഷ്ട്രീയം മറ്റൊന്നാണ്. ബര്‍ണറുകള്‍പോലെ പൊള്ളുന്ന, തേയിലയുടെ കടുപ്പമുള്ള നല്ല ഉശിരന്‍ രാഷ്ട്രീയം. ആ ചൂട് തട്ടിയതുകൊണ്ടാകാം ആകെയൊരു ഓട്ടത്തിലാണ് മൂന്നാര്‍ ടൗണ്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെല്ലാം.

ടൗണിലാണെങ്കിലും ഗ്രാമത്തിന്റെ വിശാലതകളുള്ള പഴയമൂന്നാറിലെത്തിയപ്പോള്‍ സമയം ഉച്ചയായി. രാഷ്ട്രീയ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമെല്ലാം വോട്ടുതേടാനിറങ്ങാതെ വഴിയരുകില്‍ നില്‍ക്കുന്നു. എന്തേ പ്രചാരണമൊന്നുമില്ലേ എന്ന ചോദ്യത്തിനൊടുവിലാണ് അവരത് പറഞ്ഞത്.

പകല്‍ വീടുകളില്‍ കയറിയിട്ട് കാര്യമില്ല. കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പണിക്കുപോകും. അതുകൊണ്ട് അതിരാവിലെയും വൈകീട്ടുമൊക്കെയാണ് വീടുകളിലെത്തിയുള്ള വോട്ടുതേടല്‍. രാവിലെയുള്ള വോട്ടുപിടിത്തം തനിച്ചാണ്. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ ശേഷമാണ് അണികളുമായെത്തിയുള്ള പോക്ക്. എല്ലായിടത്തും ഓടിയെത്തണമെങ്കില്‍ വാലിന് തീപിടിച്ചപോലെ ഓടണം. രാത്രി വൈകിയാലും ചിലപ്പോള്‍ പ്രിയപ്പെട്ട വോട്ടര്‍മാരെ കണ്ടുതീരില്ല.

തോട്ടംമേഖലയിലെ മൂടല്‍മഞ്ഞ്

തോട്ടംമേഖലയില്‍ കടന്നുചെന്നപ്പോള്‍ അവസ്ഥയൊക്കെ മാറി. കാലം മാറിയെത്തിയ മൂന്നാറിന്റെ തണുപ്പുപോലെ സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും ഒരു തണുപ്പന്‍ മട്ട്. പക്ഷേ, കവലകളിലും തോട്ടങ്ങള്‍ക്കു മുന്‍പിലെ കൊടിമരങ്ങള്‍ക്ക് താഴെയുമെല്ലാം പോസ്റ്ററുകളും ബോര്‍ഡുകളും നിരന്നിട്ടുണ്ട്. യൂണിയനുകളാണ് പ്രചാരണത്തിന്റെ നേതൃനിരയില്‍.

ചുവപ്പും വെളുപ്പും കാവിയുമെല്ലാം കലര്‍ന്ന കൊടികള്‍ തേയിലത്തോട്ടത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു കളര്‍ഫുള്‍ കാഴ്ചതന്നെയാണ്. ദേവികുളം എം.എല്‍.എ. എസ്.രാജേന്ദ്രനും മുന്‍ എം.എല്‍.എ. എ.കെ.മണിയുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലായിടത്തും ഓടിയെത്തുന്നുമുണ്ട്.

ടൗണില്‍ തിരിച്ചെത്തിയപ്പോള്‍കണ്ട മൂന്നാര്‍ സ്വദേശി

ജി.മോഹന്‍ കുമാറിനും മൂന്നാറിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് ചിലത് പറയാനുണ്ട്. പഴയകാലത്തെ ആവേശങ്ങളൊന്നും ഇത്തവണയില്ലെന്നാണ് മോഹന്‍ കുമാറിന്റെ അഭിപ്രായം. 1979 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ സജീവമാണ് അദ്ദേഹം. ഇന്നത്തെ അഞ്ച് വാര്‍ഡുകള്‍ചേര്‍ന്നതാണ് അന്നത്തെ ഒരു വാര്‍ഡ്. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനെത്തുമ്പോള്‍ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. ജാതി-മത രാഷ്ട്രീയത്തിനതീതമായി സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവമായിരുന്നു ജനങ്ങള്‍ക്കിഷ്ടം. എന്നാല്‍, കാലംമാറിയതോടെ ഇതിന് മാറ്റംവന്നു. പ്രചാരണങ്ങള്‍ക്ക് ആവേശമില്ല. ജനങ്ങള്‍ക്ക് താത്പര്യം തങ്ങള്‍ക്കു ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ച് മാത്രമായെന്നും ഒരു നെടുവീര്‍പ്പോടെ അദ്ദേഹം പറഞ്ഞുനിര്‍ത്തി.

വിദ്യാഭ്യാസവും പരിചയവുമുള്ള സ്ഥാനാര്‍ഥികളുടെ കുറവാണ് ആധുനിക കാലഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ കാഴ്ചയെന്നാണ് സജീവ് ഗ്രീന്‍ലാന്‍ഡിന് പറയാനുള്ളത്. എല്ലാം പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ മാത്രം. ഒന്നിനും പുതുമയില്ല. നാട്ടിന്‍പുറങ്ങളില്‍ നേരിട്ടുള്ള പ്രചാരണങ്ങളെക്കാള്‍ സമൂഹമാധ്യമങ്ങള്‍വഴിയാണ് പ്രചാരണം ഏറെയും. സമുഹമാധ്യമങ്ങള്‍വഴി നാട്ടുകാര്‍ക്ക് സ്ഥാനാര്‍ഥികളുമായി നേരിട്ട് സംവദിക്കാനും ആവശ്യങ്ങളുന്നയിക്കാനും കഴിയും. കാലംമാറുന്നതനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കും മാറ്റം വേണം. അത് നാടിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായവും സജീവിനുണ്ട്.

content highlights: local self government election munnar