election
പ്രതീകാത്മകചിത്രം

കട്ടപ്പന: ഹൈറേഞ്ചിലെ ഏക നഗരസഭ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികളെല്ലാം. മികച്ച പോളിങ് ശതമാനവും നഗരസഭയായി ഉയര്‍ത്തിയശേഷം നഗരത്തിന്റെ മുഖച്ഛായ മാറ്റിയതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ്. ക്യാമ്പ് വിലയിരുത്തുന്നു.

എന്നാല്‍, യു.ഡി.എഫിനുള്ളിലെ തര്‍ക്കവും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് സീറ്റ് നിഷേധിച്ചതും ഇടതുമുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനവും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. മുന്‍ എം.പി.ജോയ്സ് ജോര്‍ജ്, മന്ത്രി എം.എം.മണി എന്നിവര്‍ പ്രചാരണം നയിച്ചതും തങ്ങള്‍ക്ക് അനുകൂല ഘടകമാകുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു.

കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ്‌നില മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ.

നഗരസഭയിലെ 34 വാര്‍ഡുകളില്‍നിന്ന് 22മുതല്‍ 26വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് യു.ഡി.എഫ്. അവകാശപ്പെടുമ്പോള്‍ 20മുതല്‍ 24വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നു.

ജോസിന്റെ വരവും സമിതിയുടെ നിലപാടും

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍.ഡി.എഫിലെത്തിയത് യു.ഡി.എഫ്. വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കമെന്നാണ് എല്‍.ഡി.എഫ്. കണക്കുകൂട്ടല്‍. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായിനിന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ മൗനംപാലിച്ചത് തിരിച്ചടിയാകുമോയെന്ന് കണ്ടറിയണം.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ. രാത്രിയില്‍ നടത്തിയ പ്രചാരണം വിവാദമായിരുന്നു. രാത്രിയില്‍ എം.എല്‍.എ. വോട്ടര്‍മാരെ കണ്ടത് പണംനല്‍കി സ്വാധീനിക്കാനാണെന്ന് യു.ഡി.എഫ്. ക്യാമ്പ് ആരോപണം ഉന്നയിക്കുന്നു. എന്നാല്‍, സംഭവം തെറ്റാണെന്നും പ്രചാരണത്തിന്റെ ഭാഗം മാത്രമാണെന്നും എല്‍.ഡി.എഫ്. പറയുന്നു.

കോട്ടവിട്ടവര്‍ അകത്തോ, പുറത്തോ...

അടുത്ത അഞ്ചുവര്‍ഷത്തെ ഭരണത്തിനായി വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ രാവുംപകലും പ്രവര്‍ത്തിച്ചവര്‍ വനിതാ സംവരണത്തിന്റെ പേരില്‍ വാര്‍ഡ് മാറി മത്സരിക്കേണ്ടിവന്നതോടെ ആശങ്കയിലായി.

തങ്ങളുടെ തട്ടകത്തിലെ ചെറിയ പ്രശ്നങ്ങള്‍പോലും സൈബറിടങ്ങളില്‍ എതിര്‍പക്ഷം ചര്‍ച്ചയാക്കിയതും സ്ഥാനാര്‍ഥികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമായി നഗരസഭയുടെ വിവിധ മേഖലകളില്‍ ഓടിയെത്തിയിരുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇത്തരം ആശങ്കകളില്ല.

content highlights: local self government election kattappana municipality