
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും. ഇതിന്റെ ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ജില്ലയിലാകെ പത്ത് കേന്ദ്രങ്ങളാണ് ഉണ്ടാവുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം നല്‍കുക. ഇതിനായി തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു തുടങ്ങി.
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ഏകദേശ ഫലം ഉച്ചയോടെ തന്നെ അറിയാനാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലൂടെയും, മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കും. വിജയാഘോഷങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് നിര്‍ദേശമുണ്ട്.
വീറും വാശിയും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിന്റെ ഫലം മുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഫലമറിയാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ സ്ഥാനാര്‍ഥികള്‍ക്കും ചങ്കിടിപ്പാണ്. ശക്തി തെളിയിക്കാന്‍ ഇരുകരകളിലായി മത്സരിച്ച കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കും ഫലം നിര്‍ണായകമാണ്. ജില്ലയിലെ അവരുടെ നിലനില്‍പ്പിനെയും, ഭാവിയെയുമെല്ലാം ഫലം സ്വാധീനിച്ചേക്കാം. എന്‍.ഡി.എയും മികച്ച ഫലം പ്രതീക്ഷിക്കുന്നുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
മുനിസിപ്പാലിറ്റി
- തൊടുപുഴ-സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തൊടുപുഴ
- കട്ടപ്പന-ഇ.എം.എച്ച്.എസ്.എസ്. കട്ടപ്പന
ബ്ലോക്ക് പഞ്ചായത്ത്
- അടിമാലി-ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി
- ദേവികുളം-ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍
- നെടുങ്കണ്ടം-സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്. നെടുങ്കണ്ടം,
- ഇളംദേശം-സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍
- ഇടുക്കി-മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി, പൈനാവ്
- കട്ടപ്പന-പാരിഷ് ഹാള്‍ സെന്റ് ജോര്‍ജ് ഫെറോന ചര്‍ച്ച് കട്ടപ്പന
- തൊടുപുഴ-സെന്റ് സെബാസ്റ്റ്യന്‍ യു.പി. സ്‌കൂള്‍ തൊടുപുഴ
- അഴുത-മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടിക്കാനം.
content highlights: local self government election counting day