ചെറുതോണി: ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ ചെറുതോണി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ആസ്ഥാനംകൂടിയാണ്. ഹൈറേഞ്ചിലെ മാത്രമല്ല ജില്ല മുഴുവനുമുള്ള രാഷ്ട്രീയം ചുറ്റിത്തിരിയിരുന്ന ഇടം.

സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്നത് ചെറുതോണിയില്‍. തൊട്ടടുത്ത ഇടുക്കി ടൗണില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്. സമീപത്ത് ആര്‍.എസ്.പി. ജില്ലാ കമ്മിറ്റി ഓഫീസ്, പൈനാവിലാകട്ടെ സി.പി.ഐ. ജില്ലാ കമ്മിറ്റി ഓഫീസും. ബി.ജെ.പി.യും നിലവില്‍ ജില്ലാ ഓഫീസ് നിര്‍മിക്കുന്നത് മറ്റെവിടെയുമല്ല. അതുകൊണ്ടുതന്നെ ഇന്നാടിന്റെ രാഷ്ട്രീയ മനസ്സു കണ്ടെത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ഇതിനായി ഒന്ന് തുനിഞ്ഞിറങ്ങിയെങ്കിലും ഇത്തവണ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് നേതാക്കള്‍വരെ അടക്കം പറയുന്നത്. കഴിഞ്ഞ തവണ ഒരുമിച്ചുനിന്നിരുന്ന കേരള കോണ്‍ഗ്രസുകള്‍ രണ്ടു വഴിക്കായതുതന്നെ ഒരു പ്രധാന കാരണം. കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയും ഇവിടെയുണ്ട്.

പുതു ജീവിതത്തിനുവേണ്ടി

പ്രളയത്തില്‍ തകര്‍ന്ന, പുതുജീവനുവേണ്ടി കാത്തിരിക്കുന്ന ചെറുതോണി പാലവും കണ്ട് ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രയിലുടനീളം പ്രചാരണ കാഴ്ചകള്‍ കൂട്ടുവന്നു. മഞ്ഞപ്പാറയിലും പൈനാവിലും മണിയാറന്‍കുടിയിലുമെല്ലാം സ്ഥാനാര്‍ഥികളുടെ ചിത്രമുള്ള ബോര്‍ഡുകളുടെയും നീണ്ടനിര. ഒരിടംപോലും വിടാതെ പോസ്റ്ററുകളും പതിച്ചിരിക്കുന്നു. ഇടയ്ക്ക് പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കംചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയും കണ്ടു.

താന്നിക്കണ്ടത്തെ ചായക്കടയിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ ഭരണകാര്യം മുതല്‍ വാര്‍ഡുതലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയംവരെ അവിടെ കൂലങ്കഷമായ ചര്‍ച്ച. പക്ഷേ, 2018-ലുണ്ടായ പ്രളയവും മണ്ണിടിച്ചിലും അതിന്റെ ഭീതിയുമൊന്നും ആരുടെയും മനസ്സില്‍നിന്ന് മാറിയിട്ടില്ലെന്ന് കരിമ്പനില്‍ കണ്ടുമുട്ടിയവരുടെ വാക്കുകളില്‍നിന്ന് തെളിഞ്ഞു. പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളും അതിന്റെ ഇരയായി തീര്‍ന്നിരുന്നു. അവരുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവയും ഗ്രാമീണ മേഖലകളിലെ ചര്‍ച്ചയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നതിനെ കുറിച്ചായിരുന്നു താന്നിക്കണ്ടത്ത് കണ്ടുമുട്ടിയ മാധവന് പറയാനുണ്ടായിരുന്നത്. പക്ഷേ, കളങ്കിതരായ ഉദ്യോഗസ്ഥരെ പുറത്താക്കാതെ കണ്ണടച്ചു വിശ്വസിച്ചത് സര്‍ക്കാരിനുപറ്റിയ തെറ്റാണെന്നും മാധവന്‍ നെടുവീര്‍പ്പോടെ പറഞ്ഞു. എങ്കിലും ഇത്തവണ വാഴത്തോപ്പിലെ പോരാട്ടം പൊടിപൊടിക്കുന്നുണ്ടെന്നും അഭിപ്രായം.

ഗ്രാമീണ മേഖലകളിലെ സ്ഥാനാര്‍ഥി നിര്‍ണയം അത്ര പോരെന്നായിരുന്നു തൊണ്ടിയില്‍ തങ്കപ്പന് പറയാനുള്ളത്. ഗ്രാമീണരുടെ പാര്‍ലമെന്റാണ് പഞ്ചായത്തുകള്‍. ഇവിടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കരുതലോടെ വേണമായിരുന്നു. വാര്‍ഡുതലങ്ങളിലെ ജനാഭിപ്രായം തേടണം. നേതാക്കന്‍മാര്‍ പറയുന്നവര്‍ക്ക് സീറ്റ് നല്‍കുമ്പോള്‍ അര്‍ഹരായവര്‍ തഴയപ്പെടുകയാണെന്നും തങ്കപ്പന്‍ പറഞ്ഞു.

content highlights: local self government election cheruthoni