കുഞ്ചിത്തണ്ണി: കാട്ടുപോത്തുകളുടെ താഴ്വരയായ ബൈസണ്‍വാലിയുടെ അതിര്‍ത്തി കാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ ചൊക്രമുടിയുടെ പരിസരം പുകയുന്നത് രണ്ടു അവസരങ്ങളിലാണ്. ഒന്ന് മഴ പെയ്യുന്നതിനു മുമ്പും മറ്റൊന്ന് തിരഞ്ഞെടുപ്പ് കാലത്തും. സമീപകാലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി മറ്റു പലയിടങ്ങളിലും തണുപ്പന്‍ സമീപനമാണെങ്കിലും ബൈസണ്‍വാലിയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം സജീവമാണ്. കൊച്ചു കൊച്ചു കവലകളിലെല്ലാം ചര്‍ച്ചാവിഷയം തിരഞ്ഞെടുപ്പും സ്ഥാനാര്‍ഥികളും തന്നെയാണ്.

മാറ്റത്തിന്റെ കാറ്റുവീശാന്‍

മന്ത്രി എം.എം.മണിയുടെ സ്വന്തം പഞ്ചായത്തായ ബൈസണ്‍വാലി എക്കാലത്തും യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്നു. കേരള കോണ്‍ഗ്രസ് ചുവടുമാറ്റിയപ്പോള്‍ മാത്രമാണ് ബൈസണ്‍വാലി എല്‍.ഡി.എഫിന് ഒപ്പം നിന്നിട്ടുള്ളത്. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍.ഡി.എഫിന് ഒപ്പമായതിനാല്‍ ആ തരംഗം ഇവിടെ വീശിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

ഔദ്യോഗിക വാഹനവും ജീവനക്കാരെയും ഉപേക്ഷിച്ച് പ്രദേശത്തെ ചെറിയ ഘടകങ്ങളില്‍ വരെ നേതൃത്വം നല്‍കി മന്ത്രി മണിയും ഓടിനടക്കുന്നു. ഇരുപതേക്കര്‍ വഴി പോയപ്പോള്‍ ഉച്ചഭാഷിണിയിലൂടെ പരിചിതമായ ശബ്ദം. അതെ രണ്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തനത് ശൈലിയില്‍ ആഞ്ഞടിക്കുകയാണ് മണിയാശാന്‍.

ഞങ്ങളും ഉറച്ചാണേ

kunchithanny
കുഞ്ചിത്തണ്ണി ടൗണ്‍

യു.ഡി.എഫിന്റെ ഉറച്ച കോട്ട ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ആവേശത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങുന്ന യു.ഡി.എഫ്. പ്രവര്‍ത്തകരെ രണ്ടാം വാര്‍ഡില്‍ കാണാനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും റോഡരികില്‍തന്നെ നില്‍ക്കുന്നു. അപ്പോഴാണ് അവരാ വിശേഷം പങ്കുവച്ചത്.

കഴിഞ്ഞ തവണ പതിമൂന്നാം വാര്‍ഡിലെ പഞ്ചായത്തംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന്. ആശംസകള്‍ നേര്‍ന്ന് ഒന്നാം വാര്‍ഡിലൂടെ പോയപ്പോള്‍ സുപരിചിതയായ എല്‍.ഡി.എഫ്. വനിതാ സ്ഥാനാര്‍ഥിയെയും കണ്ടു. തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലാണവര്‍. പഞ്ചായത്ത് രൂപവത്കരണത്തിനുശേഷം എല്‍.ഡി.എഫിനൊപ്പം മാത്രം നിന്നിട്ടുള്ള വാര്‍ഡാണ് ഇത്. മന്ത്രി മണിയുടെ സ്വന്തം വാര്‍ഡ്.

കര്‍ഷകരിലേക്ക്

തിരഞ്ഞെടുപ്പിന്റെ ചൂടൊന്നും ബാധിക്കാതെ സ്വന്തം മക്കളെ നോക്കുന്നപോലെ ഏലച്ചെടികളെ നോക്കുന്ന കര്‍ഷകരെയും കണ്ടു. ഗുണനിലവാരമുള്ള ഏലയ്ക്കയുടെ ഏറ്റവും വലിയ കൃഷിയിടമാണ് ബൈസണ്‍വാലി. ഏലയ്ക്കയുടെ വില അല്‍പ്പമുയരുമ്പോള്‍ കടയുടെ ഷട്ടര്‍ താഴ്ത്തുന്ന വ്യാപാരികളെക്കുറിച്ച് പലര്‍ക്കും പരാതി. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന് അതീതമായി വ്യക്തമായ കാഴ്ചപ്പാട് കര്‍ഷകമനസ്സുകളിലുണ്ട്. കഴിഞ്ഞ തവണ എന്തു സംഭവിച്ചു, ഓരോ സ്ഥാനാര്‍ഥികളും നാടിന് എന്തെല്ലാം സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നിങ്ങനെ അവര്‍ അക്കമിട്ടു നിരത്തുന്നു. കൂട്ടത്തില്‍ ഒരു ഉപദേശവും- തിരഞ്ഞെടുപ്പ് വരും പോകും നമ്മുടെ കാര്യം നാം തന്നെ നോക്കണം.

തണുത്തുറഞ്ഞ കുഞ്ചിത്തണ്ണി

ബൈസന്‍വാലിയില്‍ നിന്ന് മുതിരപ്പുഴയാര്‍ കടന്ന് കുഞ്ചിത്തണ്ണിയില്‍ എത്തിയപ്പോള്‍ ഒരു തണുപ്പന്‍ പ്രതികരണം. ശൈത്യകാലത്തിന്റെ ആരംഭമെന്ന നിലയില്‍ കുഞ്ചിത്തണ്ണിയില്‍ കാര്യങ്ങള്‍ തണുത്ത മട്ടാണ്. പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നിങ്ങനെ മൂന്നു പഞ്ചായത്തുകളുടെ അതിര്‍ത്തിഗ്രാമമാണ് കുഞ്ചിത്തണ്ണി. അതിനാല്‍തന്നെ തിരഞ്ഞെടുപ്പ് ചൂടും കുറവാണ്. ചൂടാക്കാനായി ഒരു ചായ കുടിക്കാന്‍ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ കയറി കുശലം ചോദിച്ചു. ഇത്തവണയും കുഞ്ചിത്തണ്ണി പഞ്ചായത്തുണ്ടായില്ലല്ലോ എന്ന പരാതിയും കേട്ടു.

ബന്ധുക്കള്‍ തമ്മിലുള്ള അങ്കം

ബൈസണ്‍വാലി പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഏതു മുന്നണിയുടെ സ്ഥാനാര്‍ഥി വിജയിച്ചാലും ഇറകുത്തി കുടുംബത്തില്‍നിന്ന് ഒരു പഞ്ചായത്തംഗം ഉണ്ടാകും. എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത് പന്ത്രണ്ടാം വാര്‍ഡാണ്. ഇവിടെ എസ്.ടി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ ഇറകുത്തി കുടുംബത്തിലെ മൗജന്റെ ഭാര്യ ഗിരിജ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയും മൗജന്റെ സഹോദരന്‍ ഷൗജന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയുമാണ്. വാര്‍ഡ് സംവരണമായതിനാല്‍ അപ്രതീക്ഷിതമായി ഉണ്ടായതാണ് കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ മത്സരം. ആരു ജയിക്കണമെന്ന് നാട്ടുകാര്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഇറക്കുത്തി കുടുംബാംഗങ്ങള്‍. അതുപോലെതന്നെ അഞ്ചാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സുരേന്ദ്രനും യു.ഡി.എഫ്. സ്ഥാനാര്‍ഥി സന്തോഷ് ഭാസ്‌കരനും മന്ത്രി മണിയുടെ ബന്ധുക്കളാണ്.

എല്ലക്കല്‍ പാലം കടക്കാന്‍

കേരളത്തിലെ മറ്റു പാലങ്ങള്‍ക്ക് ഒന്നുമില്ലാത്ത ഒരു പ്രത്യേകത എല്ലക്കല്‍ പാലത്തിനുണ്ട്. ഈ പാലത്തിന്റെ നാലു മൂലകളിലെ തൂണുകള്‍ നാലു പഞ്ചായത്തിലാണ്. പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി, രാജാക്കാട് എന്നീ നാലു പഞ്ചായത്തുകളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് എല്ലക്കല്‍ പാലമാണ്. അതിനാല്‍തന്നെ ഈ പഞ്ചായത്തുകളില്‍ ജയിച്ച് എല്ലക്കല്‍ പാലം കടന്നുവരാന്‍ പോകുന്നത് ആരാണെന്ന് കാത്തിരുന്ന് കാണുകതന്നെ വേണം.

ellakkal
എല്ലക്കല്‍ പാലം

വൈകിയും പരിപാടികള്‍

ബൈസണ്‍വാലി പഞ്ചായത്തിലെ വാര്‍ഡുകളിലൂടെ നടത്തിയ കറക്കം നിര്‍ത്തി വൈകി ഇരുപതേക്കറിലെത്തിയപ്പോഴും പ്രചാരണപരിപാടികള്‍ തീര്‍ന്നിട്ടില്ല. പതിമൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കണ്‍െവന്‍ഷന്‍ നടക്കുന്നു. അവിടെയുമുണ്ട് മന്ത്രി മണി.

content highlights: local body election kunchithanny