തൊടുപുഴ: ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ ഏഴും സി.പി.ഐ.യുടെ അഞ്ചും കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ രണ്ടും സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

ഇത്തവണ എല്‍.ഡി.എഫാണ് ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ ഇടതുപാളയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി.

എല്‍.ഡി.എഫില്‍ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് സീറ്റ് വിഭജനത്തിലും ധാരണയായിട്ടുണ്ട്. പലയിടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്തു. ചിലയിടങ്ങില്‍ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നു.

രണ്ടുദിവസം മുമ്പേ തീരുമാനം

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയപ്പോള്‍ മുതല്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയിരുന്നു. ജോസ് വിഭാഗം അഞ്ച് സീറ്റുകളാണ് ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ നാല് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി. സി.പി.എം. മത്സരിച്ചുകൊണ്ടിരുന്ന മൂന്ന് സീറ്റുകളും സി.പി.ഐ.യുടെ ഒരു സീറ്റുമാണ് ജോസ് വിഭാഗത്തിനായി വിട്ടുനല്‍കിയത്. സി.പി.ഐ.യുടെ സീറ്റില്‍ കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് മത്സരിച്ചത്.

രണ്ടുദിവസം മുമ്പ് സീറ്റ് വിഭജനത്തില്‍ ധാരണയായിരുന്നു. സ്ഥാനാര്‍ഥികളെയും നിശ്ചയിച്ചു. എന്നാല്‍, തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ ആറ് ഡിവിഷനുകളിലാണ് ഇടതുമുന്നണി ജയിച്ചത്. എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥി ജോസഫ് വിഭാഗത്തിലേക്ക് പോയതോടെ അഞ്ചായി കുറഞ്ഞു. ഇത്തവണ ജോസ് വിഭാഗത്തിന്റെ പിന്‍തുണയോടെ കൂടുതല്‍ ഡിവിഷനുകള്‍ നേടി ഭരണം പിടിച്ചെടുക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. ഇടതുസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. ഉപാധിരഹിത പട്ടയം നല്‍കിയതും തൊടുപുഴ മേഖലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചതും മരംമുറിക്കാനുള്ള തടസ്സം നീക്കിയതുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 1995-ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എല്‍.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തിയിട്ടുണ്ട്. അന്ന് ജോസഫ് വിഭാഗം കൂടെയുണ്ടായിരുന്നു.

സ്ഥാനാര്‍ഥികള്‍

സി.പി.എം.-പി.രാജേന്ദ്രന്‍ (ദേവികുളം), വി.എന്‍.മോഹനന്‍ (നെടുങ്കണ്ടം), കെ.ടി.ബിനു (വാഗമണ്‍), ലിസി ജോസ് (മുള്ളരിങ്ങാട്), കെ.ജി.സത്യന്‍ (പൈനാവ്), ശ്രീജ (കരിങ്കുന്നം), ഉഷാകുമാരി (രാജാക്കാട്).

സി.പി.ഐ.-ആശ ആന്റണി (ഉപ്പുതറ), എസ്.പി.രാജേന്ദ്രന്‍ (വാളാടി-വണ്ടിപ്പെരിയാര്‍), ജിജി കെ.ഫിലിപ്പ് (പാമ്പാടുംപാറ), അഡ്വ. ഭവ്യ (മൂന്നാര്‍), റീനി ബോബന്‍ (അടിമാലി).

കേരള കോണ്‍ഗ്രസ് (എം)-സെലിന്‍ മാത്യു (മുരിക്കാശ്ശേരി), രാരിച്ചന്‍ നീറണാകുന്നേല്‍ (വണ്ടന്‍മേട്), റെജി കുന്നംകോട്ട് (മൂലമറ്റം), റീനു സണ്ണി (കരിമണ്ണൂര്‍).

content highlights: ldf declares candidates for district panchayath election