മാങ്കുളം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞപ്പോള്‍ ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് മത്സരിക്കുന്ന സീറ്റുകള്‍ ഒട്ടേറെ. ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭയിലും ശക്തി തെളിയിക്കാനുള്ള വാശിയിലാണ് ഇരുവിഭാഗവും.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ രണ്ടിടത്ത് ആണ് ഇരുവിഭാഗവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. മൂലമറ്റം, മുരിക്കാശ്ശേരി സീറ്റുകളില്‍. ഇതില്‍ മൂലമറ്റം കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ജയിച്ച സീറ്റാണ്. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ആയിരുന്നു. മുരിക്കാശ്ശേരിയില്‍ ഇടതുസ്വതന്ത്രന്‍ ജയിച്ചെങ്കിലും പിന്നീട് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. ഫലത്തില്‍ രണ്ട് സീറ്റും ജോസഫ് വിഭാഗത്തിന് ഒപ്പമാണ്. ഇത് തിരിച്ചുപിടിക്കാന്‍ ഉള്ള ശ്രമത്തിലാണ് ജോസ് വിഭാഗം.

തൊടുപുഴ നഗരസഭയില്‍ രണ്ട് സീറ്റിലും കട്ടപ്പന നഗരസഭയില്‍ നാലിടത്തും നേരിട്ടാണ് മത്സരം.

എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും മുഴുവന്‍ പഞ്ചായത്തുകളിലും കുറച്ചുസീറ്റുകളില്‍ ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. പഞ്ചായത്തുകളില്‍ ഒട്ടേറെ വാര്‍ഡുകളില്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍ നേരിട്ടാണ് മത്സരം. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയിട്ടുണ്ട്.

ഇടതുപക്ഷത്തിന് ഒപ്പമുള്ള ജോസ് വിഭാഗം ജില്ലയില്‍ ആകെ 200 സീറ്റുകളില്‍ ആണ് മത്സരിക്കുന്നത്. യു.ഡി.എഫിന് ഒപ്പമുള്ള ജോസഫ് വിഭാഗവും സമാന രീതിയില്‍ ശക്തമായി മത്സരരംഗത്തുണ്ട്. ഇരുവിഭാഗത്തിനും ശക്തിതെളിയിക്കാന്‍ ഉള്ള അവസരംകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. നിയമസഭയിലേക്കുള്ള വിലപേശല്‍കൂടി തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

content highlights: kerala congress jose k mani faction and joseph faction head to head in idukki