നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കരുണാപുരം പഞ്ചായത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ആറാംവാര്‍ഡ്. പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും എട്ടുവീതം സീറ്റുകളില്‍ വിജയിച്ച് തുല്യതയില്‍ എത്തിയതോടെ ആര് ഭരിക്കണമെന്ന് ആറാംവാര്‍ഡിലെ വിജയിയായ എന്‍.ഡി.എ. സ്വതന്ത്രന്‍ പി.ആര്‍.ബിനു തീരുമാനിക്കും.

സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന ആറാംവാര്‍ഡില്‍ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് മറ്റൊരു സ്ഥാനാര്‍ഥി മത്സരിക്കുന്നത്. സി.പി.എമ്മിനെ ഞെട്ടിച്ച് ബിനു ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാര്‍ഡിന്റെ പുറത്തുനിന്നും സ്ഥാനാര്‍ഥിയെ എത്തിച്ചതില്‍ വാര്‍ഡിലെ സി.പി.എം. പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

കൂടാതെ ഈഴവ സമുദായത്തില്‍പ്പെട്ട വോട്ടര്‍മാര്‍ കൂടുതലുള്ള വാര്‍ഡില്‍ ബി.ഡി.ജെ.എസ്. ഉള്‍പ്പെടുന്ന എന്‍.ഡി.എ. മുന്നണിയുടെ പിന്‍തുണ ലഭിച്ചതും ബിനുവിന് അനുകൂലമായതായി വിലയിരുത്തപ്പെടുന്നു. സ്വതന്ത്രചിഹ്നത്തില്‍ മത്സരരംഗത്തെത്തിയ ബിനുവിന് എന്‍.ഡി.എ. പിന്‍തുണ കൂടിയായപ്പോള്‍ വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന പഞ്ചായത്ത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനും സ്വതന്ത്രന്റെ സഹായം വേണം. ബിനുവുമായി ഇരുമുന്നണി പ്രതിനിധികളും ചര്‍ച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം.

ശക്തമായ ഇടത് വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതിനാല്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമോ എന്നത് കണ്ടറിയണം. യു.ഡി.എഫ്. എന്ത് ഉപാധിയാണ് വെക്കുന്നതെന്നും നിര്‍ണായകമാണ്. മറിച്ച് എന്‍.ഡി.എ.സ്വതന്ത്രന്‍ എന്ന നിലയില്‍ ഇരുമുന്നണിയും പിന്‍തുണ വേണ്ടെന്നു വെച്ചാല്‍ നറുക്കെടുപ്പിലൂടെയാവും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക.

content highlights: karunapuram panchayath election result