തൊടുപുഴ: കരാട്ടെ, ബോക്സിങ്, വടംലി. ഇതിലെല്ലാം റീനു കിടുവാണ്. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിലേക്കും ഇറങ്ങിയിരിക്കുകയാണ്.

കരിമണ്ണൂര്‍ ഡിവിഷനില്‍നിന്ന് ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി റീനു ജെഫിന്‍ വര്‍ഷങ്ങളായി കരാട്ടെ പരിശീലകയാണ്. ഒന്നാം ക്ലാസ് മുതലാണ് കരാട്ടെ പഠിച്ചുതുടങ്ങിയത്. 2012 ബ്ലാക്ക് ബെല്‍റ്റ് കിട്ടി. അന്ന് മുതല്‍ നിരവധി പേരെ പരിശീലിപ്പിച്ചു.

ഡോജോയില്‍ (കരാട്ടെ പരിശീലിക്കുന്ന സ്ഥലം) നില്‍ക്കുന്ന അതേ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ കന്നിയങ്കക്കാരി ഇറങ്ങിയിരിക്കുന്നത്.

ജനങ്ങള്‍ തന്നെ ജയിപ്പിക്കുമെന്ന് റീനു ഉറച്ച് വിശ്വസിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായാണ് റീനു മത്സരിക്കുന്നത്. കോടതിവിധിയിലൂടെ പാര്‍ട്ടി ചിഹ്നമായ രണ്ടില തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിയഞ്ചുകാരി.

യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയായ ജെഫിന്‍ കെ.അഗസ്റ്റിനാണ് ഭര്‍ത്താവ്. രണ്ടരവയസുകാരി അന്ന റോസ് മകളാണ്.

content highlights: karate trainer contesting from karimannur division in local body election