തൊടുപുഴ: ഇത്തവണത്തെ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മറ്റെന്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടാലും ഇടുക്കിയെ സ്വാധീനിക്കുക ഭൂപ്രശ്‌നങ്ങളായിരിക്കും. ഇടുക്കിയിലെ ആറ് വില്ലേജുകളിലെ പട്ടയഭൂമിക്ക് മാത്രം ബാധകമായിരുന്ന ഭൂപതിവ് ചട്ടം സംസ്ഥാനത്തെ മറ്റിടങ്ങളില്‍കൂടി നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ വിഷയത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.

ഇത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍തന്നെയാണ് യു.ഡി.എഫ്. നീക്കം. ഭൂമിപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരേ രണ്ടും കല്‍പ്പിച്ചുള്ള ആക്രമണം തുടങ്ങിക്കഴിഞ്ഞു അവര്‍. കൂടുതല്‍ ഇടങ്ങളില്‍ പട്ടയം നല്‍കിയതിന്റെ ക്രെഡിറ്റ് മുമ്പോട്ടുവെച്ച് പ്രതിരോധം തീര്‍ക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഇനിയും പട്ടയം കിട്ടാത്തയിടങ്ങളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ഭീഷണികളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

1964-ലെ ഭൂപതിവ് ചട്ടമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. ഈ നിയമമനുസരിച്ച് പട്ടയഭൂമിയില്‍ കൃഷിയും വീട് നിര്‍മാണവും മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചട്ടം നടപ്പാക്കേണ്ടിവന്നാല്‍ ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളടക്കമുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരും.

അതിനാല്‍, 1964-ലെ ചട്ടം ഭേദഗതി ചെയ്യുക മാത്രമാണ് സര്‍ക്കാരിന് മുന്‍പിലുള്ള ഏക പോംവഴി. പക്ഷേ, അതിന് ഇനി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.

മുമ്പ് തങ്ങള്‍ ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതിരുന്ന സര്‍ക്കാരിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് യു.ഡി.എഫ്. പറയുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ പുതിയ ഉത്തരവിനെക്കുറിച്ചറിഞ്ഞ പി.ജെ.ജോസഫ് ലഡു വിതരണം നടത്തിയതും സര്‍ക്കാരിനെതിരേയുള്ള ഈ അവസരം മുന്‍പില്‍ കണ്ടിട്ടാണ്.

പക്ഷേ, കുടിയേറ്റ കാലം മുതല്‍ ഉന്നയിക്കുന്ന പട്ടയപ്രശ്‌നത്തിന് കുറേയെങ്കിലും പരിഹാരം കണ്ടതിന്റെ ആശ്വാസം എല്‍.ഡി.എഫ്. ക്യാമ്പിലുണ്ട്. അന്‍പതിനായിരത്തിലേറെ പട്ടയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്‌തെന്ന് അവര്‍ പറയുന്നു. പക്ഷേ, കല്ലാര്‍കുട്ടി മേഖലയിലും അണക്കെട്ടിനോടുചേര്‍ന്നുള്ള മറ്റ് മേഖലകളിലും ഉപ്പുതറയിലെ മൂന്നുചെയിനിലും ഈ പ്രശ്‌നങ്ങള്‍ കീറാമുട്ടിയാണ്. വോട്ടുചോദിച്ചെത്തുന്നവരോട് പട്ടയപ്രശ്‌നം മാത്രമാണ് ഇവര്‍ക്ക് ഉന്നയിക്കാനുള്ളത്. അതിനൊപ്പം ചട്ടം ഭേദഗതിചെയ്ത് ജീവിക്കാനുള്ള മാര്‍ഗവും ഉണ്ടാക്കിത്തരണമെന്ന് ഇടുക്കി ഒന്നാകെ ആവശ്യപ്പെടുന്നുണ്ട്.

content highlights: issues relating land will become topics of discussion in idukki local self government election