thodupuzha
തിരഞ്ഞെടുപ്പില്‍ വിജയിച്ച തൊടുപുഴ നഗരസഭ രണ്ടാം വാര്‍ഡ്
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജിനി ഷിംനാസ് കുതിരയുമായി സവാരി നടത്തി വിജയാഹ്‌ളാദം പങ്കിടുന്നു

കോട്ടയം: തൊടുപുഴ നഗരസഭയില്‍ സ്വതന്ത്രരെ ഇറക്കിയുള്ള യുദ്ധവും അതിന്റെ ഫലവും ശ്രദ്ധേയമായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

പി.ജെ.ജോസഫ് എന്ന ഭീക്ഷ്മരുടെ കക്ഷിയെയും മുന്നണിയെയും പടക്കളത്തില്‍ വീഴ്ത്താന്‍ സ്വതന്ത്രരെ മുന്‍നിര്‍ത്തി പടനയിച്ച ഇടതുനീക്കം ഒരുപരിധിവരെ ലക്ഷ്യം കണ്ടു.

കക്ഷിബന്ധം ഒഴിവാക്കി നോക്കിയാല്‍ 35 അംഗ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റ ഗ്രൂപ്പ് സ്വതന്ത്രരുടേതാണ്. 14 സ്വതന്ത്രര്‍ ജയിച്ചു. അതില്‍ എട്ടുപേര്‍ എല്‍.ഡി.എഫിന്റെ പിന്തുണയിലും മൂന്നുപേര്‍ യു.ഡി.എഫിന്റെ ഭാഗമായും ഒരാള്‍ എന്‍.ഡി.എയുടെ ഒപ്പംനിന്നുമാണ് ജയിച്ചത്. രണ്ടുപേര്‍ സര്‍വതന്ത്ര സ്വതന്ത്രര്‍.

പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ച 10 പേരാണ് യു.ഡി.എഫില്‍ ജയിച്ചത്. അഞ്ചുപേര്‍ ലീഗ്, മൂന്നുപേര്‍ കോണ്‍ഗ്രസ്, രണ്ടുപേര്‍ കേരള കോണ്‍. ജോസഫ് വിഭാഗം. എല്‍.ഡി.എഫില്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ച നാലുപേരും കൗണ്‍സിലിലെത്തി. കേരള കോണ്‍ഗ്രസ് (എം) രണ്ട്, സി.പി.എമ്മും സി.പി.ഐയും ഓരോരുത്തര്‍.

34-ാം വാര്‍ഡില്‍ ജോസ്, ജോസഫ് സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ജോസ് പക്ഷത്തിന്. ഒറ്റക്കക്ഷിയായെടുത്താല്‍ ബി.ജെ.പി.യാണ് നഗരസഭയിലെ താരം. ഏഴുപേരുണ്ട്. ഒപ്പം ഒരു എന്‍.ഡി.എ. സ്വതന്ത്രനും.

thodupuzha
നഗരസഭയിലേക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ.യുടെ എട്ട് സ്ഥാനാർഥികളെയും അണിനിരത്തി നഗരത്തിലൂടെ നടന്ന വിജയാഹ്ളാദപ്രകടനം

26 സ്വതന്ത്രരെയാണ് എല്‍.ഡി.എഫ്. മത്സരിപ്പിച്ചത്. യു.ഡി.എഫ്. ഏഴും എന്‍.ഡി.എ. ആറും സ്വതന്ത്രരെ നിര്‍ത്തി.

മൂന്നു മുന്നണികളും സ്വതന്ത്രരെ നിര്‍ത്തിയ 31-ാം വാര്‍ഡില്‍ ഇടതു പക്ഷത്തുനിന്നയാള്‍ ജയിച്ചു.

പി.ജെ.ജോസഫിന്റെ മൂന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഇടത് സ്വതന്ത്രരോട് അടിയറവ് പറഞ്ഞു. ഒരാള്‍ കോണ്‍ഗ്രസ് വിമതനായ സ്വതന്ത്രനോടും. അതേസമയം, ജോസഫിന്റെ പാര്‍ട്ടിയിലെ രണ്ടുപേര്‍ ജയിച്ചതും ഇടതുസ്വതന്ത്രരെ വീഴ്ത്തിയാണ്.

അഞ്ച് മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളില്‍ ലീഗിനെ വീഴ്ത്താന്‍ സി.പി.എം. സ്വതന്ത്രരെ നിയോഗിച്ചെങ്കിലും ഒരിടത്തെ ഫലം കണ്ടുള്ളൂ.

നാലു വാര്‍ഡുകളില്‍ ബി.ജെ.പി.ക്കെതിരേയും ഇതേ പ്രയോഗം നടത്തിയെങ്കിലും വിജയിച്ചില്ല. 19-ാം വാര്‍ഡില്‍ സ്വതന്ത്രയായെത്തിയ കോണ്‍ഗ്രസ് വിമത, സി.പി.എം.

സ്വതന്ത്രയെ തറപറ്റിച്ചു. കോണ്‍ഗ്രസ് മൂന്നാമതായി. 20-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്വതന്ത്രനെതിരേ മത്സരിച്ച സി.പി.എം. സ്വതന്ത്രന്‍ മൂന്നാമതായി.

30-ാം വാര്‍ഡില്‍ സി.പി.എം. സ്വതന്ത്രന്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസാണ് മൂന്നാമതായത്. എന്‍.ഡി.എ. സ്ഥാനാര്‍ഥികളാണ് രണ്ടിടത്തും രണ്ടാമത്. 33-ാം വാര്‍ഡില്‍ സി.പി.എമ്മിന്റെയും എന്‍.ഡി.എ.യുടെയും സ്വതന്ത്രരെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു.

21-ാം വാര്‍ഡില്‍ എന്‍.ഡി.എ. സ്വതന്ത്രന്‍ ജയിച്ചത് കോണ്‍ഗ്രസിനെ രണ്ടാമതും ജോസ് കെ.മാണി വിഭാഗത്തെ മൂന്നാമതുമാക്കിയാണ്.

content highlights: idukki thodupuzha municipality election result