idukki
തൊണ്ടിക്കുഴ യു.പി. സ്‌കൂളിലെ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തിലെ തിരക്ക്

തൊടുപുഴ: വൈദ്യുതിയുടെ നാട്ടില്‍ ഹൈവോള്‍ട്ട് പോളിങ്. കോവിഡ് മാനദണ്ഡങ്ങളുണ്ടെങ്കിലും അതെല്ലാം മറികടന്ന് ജനാധിപത്യത്തെ ആഘോഷിക്കാന്‍ ജനം പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നതിലും വേഗത്തില്‍ പോളിങ് നിരക്കും ഉയര്‍ന്നു.

പലയിടത്തും ഏറെ വൈകിയാണ് പോളിങ് അവസാനിച്ചത്. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളുമെല്ലാം പാലിച്ച് നടന്ന തിരഞ്ഞെടുപ്പ് പൊതുവെ സമാധാരപരമായിരുന്നു. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് യന്ത്രങ്ങള്‍ തകരാറിലായത് പോളിങ് മന്ദഗതിയിലാക്കി.

കുതിച്ചുയര്‍ന്ന്

തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കുറില്‍തന്നെ പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നു. വോട്ടിങ് ആരംഭിച്ച് രാവിലെ ഏഴുമണിക്കുതന്നെ പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയെത്തി. ഒരുമണിക്കൂറിനുള്ളില്‍ പോളിങ് ആറു ശതമാനത്തിലേക്കെത്തി.

ജനം കൂട്ടത്തോടെ ഒഴുകിയെത്തിയതോടെ ഓരോ മണിക്കൂറിലും പോളിങ് ശതമാനം ഉയര്‍ന്നു. രാവിലെ 11 മണിക്കിടെ മാത്രം രണ്ട് ലക്ഷത്തിനു മുകളില്‍ വോട്ടര്‍മാരാണ് ബൂത്തിലെത്തിയത്. ഒരു മണിക്കുതന്നെ വോട്ടിങ് ശതമാനം 50 പിന്നിട്ടു. ഉച്ചയ്ക്കുശഷം കുറച്ചുസമയം മന്ദഗതിയിലായെങ്കിലും വൈകീട്ടോടെ വീണ്ടുമത് കുതിച്ചുയര്‍ന്നു. വോട്ട് ചെയ്യാത്തവരെ തേടി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി.

വിദൂര ഗോത്രമേഖലയായ ഇടമലക്കുടിയില്‍ രണ്ടുമണിവരെ 13 ബൂത്തുകളിലായി 61.9 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വൈകീട്ട് നാലരയോടെ പോളിങ് ശതമാനം 70 കടന്നു. തീരെ പ്രതീക്ഷിച്ചില്ലെങ്കിലും വൈകീട്ട് കോവിഡ് രോഗികളും പി.പി.ഇ. കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇക്കുറി 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 904670 വോട്ടര്‍മാരില്‍ 674052 പേര്‍ കോവിഡ് ഭീതിയെയും മറികടന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തി.

കഴിഞ്ഞ തവണ ഇത് 78.33 ശതമാനമാണ്. അതിനുതൊട്ടുമുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ 77.51 ശതമാനവും രേഖപ്പെടുത്തി. 76.98 ശതമാനം പുരുഷ വോട്ടര്‍മാരും 72.11 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു.

കഴിഞ്ഞ രണ്ടു തവണത്തെക്കാളും വോട്ടിങ് ശതമാനം കുറവാണെങ്കിലും കോവിഡ് സാഹചര്യത്തില്‍ മികച്ച പോളിങ്ങാണിതെന്ന് വിലയിരുത്തപ്പെടുന്നു.

നിര്‍ണായക പോരാട്ടം നടക്കുന്ന തൊടുപുഴ നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്- 82.11. കട്ടപ്പന നഗരസഭയില്‍ 74.57 ശതമാനം പേര്‍ വോട്ട് ചെയ്യാനെത്തി.

ഒരാള്‍ മാത്രം

തൊടുപുഴ: ജില്ലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വോട്ട് ചെയ്തു. തൊടുപുഴ, അടിമാലി എന്നിവിടങ്ങളില്‍ രണ്ടുവീതവും അഴുതയില്‍ ഒരാളും ഉള്‍െപ്പടെ അഞ്ചുപേര്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ തൊടുപുഴയിലെ ഒരു വോട്ടര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

content highlights: idukki polling percentage