election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

മുട്ടം: ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്ന പഞ്ചായത്താണ് മുട്ടം. കഴിഞ്ഞ ഭരണസമിതിയില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. മുന്നണികള്‍ക്ക് ഭരിക്കാനവസരമൊരുക്കിക്കൊടുത്ത പഞ്ചായത്ത് ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ലാത്ത പഞ്ചായത്തില്‍ കഴിഞ്ഞ തവണ 13 അംഗ ഭരണസമിതിയില്‍ ആറ് സീറ്റ് വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടി. സീറ്റ് നിഷേധത്തെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച കുട്ടിയമ്മ മൈക്കിള്‍ പഞ്ചായത്ത് പ്രസിഡന്റായി. ആദ്യ ഒന്നരവര്‍ഷം യു.ഡി.എഫ്. പിന്തുണയോടെ ഭരണം തുടര്‍ന്നു. പിന്നീട് യു.ഡി.എഫുമായി അകന്ന കുട്ടിയമ്മ എല്‍.ഡി.എഫ്. പിന്തുണയോടെ വീണ്ടും പ്രസിഡന്റായി. അങ്ങനെയാണ് ഭരണകാലാവധി പൂര്‍ത്തിയാക്കിയത്. ഭരണം നേടിയെടുക്കാന്‍ ഇരുമുന്നണികളും മത്സരിക്കുമ്പോള്‍ അട്ടിമറിസാധ്യതയുമായി എന്‍.ഡി.എ.യും രംഗത്തുണ്ട്.

ഭരണനേട്ടം മുന്‍നിര്‍ത്തി എല്‍.ഡി.എഫ്.

കഴിഞ്ഞ മൂന്നരവര്‍ഷം ഭരണസമിതി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണത്തുടര്‍ച്ച ഉറപ്പിക്കാനാണ് എല്‍.ഡി.എഫ്. ശ്രമം. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന അവകാശവാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ജോസ് വിഭാഗത്തിനൊപ്പമുള്ള തിരഞ്ഞെടുപ്പ് അങ്കത്തില്‍ ഇടത് കേന്ദ്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. രണ്ട് വാര്‍ഡുകളിലാണ് ജോസ് വിഭാഗം ജനവിധി തേടുന്നത്. ബാക്കി വാര്‍ഡുകളില്‍ സി.പി.എം.-സി.പി.ഐ., ഒരു വാര്‍ഡില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും മത്സരിക്കും.

ഭരണം പിടിക്കാന്‍ യു.ഡി.എഫ്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ ഇടതിന്റെ ഭരണവീഴ്ചകള്‍ എടുത്തുപറഞ്ഞാണ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ സീറ്റ് തര്‍ക്കത്തിനുപോലും വഴികൊടുക്കാതെയാണ് സീറ്റ് നിര്‍ണയം പോലും നടന്നത്. ആറുവീതം സീറ്റുകളില്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും മത്സരിക്കും. ഒരു സീറ്റില്‍ ലീഗ് മത്സരിക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എല്ലാ സീറ്റുകളും നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ക്യാന്പ്.

അട്ടിമറിക്കാന്‍ എന്‍.ഡി.എ.

ഇരുമുന്നണികളുടെയും ഭരണത്തകര്‍ച്ചയാണ് എന്‍.ഡി.എ. തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നത്. 13 വാര്‍ഡുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഇത്തവണ ഇവര്‍ മത്സരിക്കുന്നത്. ഇതിലെല്ലാം വിജയമുറപ്പിച്ചുള്ള വോട്ടുപിടിത്തമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്. മാറ്റത്തിനൊരു വോട്ടാണ് എന്‍.ഡി.എ. ഉയര്‍ത്തിപ്പിടിക്കുന്നത്.
വികസനപാതയിലാണ്

വികസനപാതയിലാണ്

"ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുഭിക്ഷകേരളം പദ്ധതി വഴി കര്‍ഷകര്‍ക്ക് ഒട്ടേറെ പ്രയോജനം ചെയ്യുന്നതരത്തിലാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കിയത്. 2018-19-ല്‍ ഫണ്ട് മുഴുവനായും വിനിയോഗിക്കാന്‍ കഴിഞ്ഞു. കൂടാതെ ഐ.എസ്.ഒ. പുരസ്‌കാരത്തിന് പഞ്ചായത്ത് അര്‍ഹമായി. ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ്. പഞ്ചായത്ത്, 2020-21 ശുചിത്വ പദവി എന്നിവ പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. ഒരു വാര്‍ഡില്‍തന്നെ നാല് പച്ചത്തുരുത്തുകളുള്ള ജില്ലിയിലെ ഏക പഞ്ചായത്ത് എന്ന ബഹുമതി കരസ്ഥമാക്കി. ലൈഫ് പദ്ധതി പ്രകാരം 32 കുടുംബങ്ങള്‍ക്ക് വീടുവെച്ചു."-കുട്ടിയമ്മ മൈക്കിള്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

പദ്ധതി ഒരുക്കുന്നതില്‍ പരാജയം

ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്ത് പൂര്‍ണമായും പരാജയപ്പെട്ടു. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. യു.ഡി.എഫ്. നിര്‍മാണം പൂര്‍ത്തിയാക്കിയ കാര്‍ഷിക വിപണനകേന്ദ്രം തുറക്കാന്‍ നടപടിയായില്ല. ഇത് ഭരണപരാജയമാണ്. മലങ്കര പുനരധിവാസം പൂര്‍ത്തിയാക്കാനോ മലങ്കര ടൂറിസം പദ്ധതി പൂര്‍ത്തിയാക്കാനോ ഭരണസമിതിക്കായിട്ടില്ല. മാലിന്യസംസ്‌കരണത്തില്‍ പരാജയമാണ്. എല്ലാ സീറ്റുകളിലും യു.ഡി.എഫിന് വിജയസാധ്യതയേറെയാണ്.-ബേബി വണ്ടനാലിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

അടിസ്ഥാനസൗകര്യം പോലുമില്ല

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ മുന്നണികളാണ് മുട്ടത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് ഭരണസമിതികള്‍. ഇത്തവണ പഞ്ചായത്തില്‍ കരുത്ത് തെളിയിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും.-പി.സി.വേണുഗോപാലന്‍, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

content highlights: idukki local self governmeny election muttam panchayath