election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കുമാരമംഗലം: മിക്കപ്പോഴും യു.ഡി.എഫിനെ പിന്‍തുണയ്ക്കുന്ന പഞ്ചായത്താണ് കുമാരമംഗലം. എല്‍.ഡി.എഫിനും ബി.ജെ.പിക്കും ശക്തികേന്ദ്രങ്ങളുണ്ട്. കടുത്ത മത്സരം തന്നെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ജനകീയ ജനപക്ഷ മുന്നണി എന്ന പേരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.

ഭരണത്തുടര്‍ച്ച തേടി

ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് തന്നെയാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. എന്നാല്‍, വിമതരും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സര രംഗത്ത് എത്തിയത് മുന്നണിയെ കുഴയ്ക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ കോണ്‍ഗ്രസിന്റേയും കേരള കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.

എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് ഏഴിടത്തും ലീഗും ജോസഫ് വിഭാഗവും മൂന്നിടത്തുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സ്വതന്ത്രരായി ജയിച്ചവരുടെ പിന്‍തുണയോടെ എട്ട് വാര്‍ഡുകള്‍ മുന്നണി നേടിയിരുന്നു. കേരള കോണ്‍ഗ്രസ്-മൂന്ന്, ലീഗ്-രണ്ട്, കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ തവണ യു.ഡി.എഫ്. നേടിയത്. ഇതുകൂടാതെ ഓരോ സ്വതന്ത്രര്‍ കോണ്‍ഗ്രസിനും ലീഗിനും പിന്‍തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച ഒരേയൊരാള്‍ ഇത്തവണ പാര്‍ട്ടിയുമായി തെറ്റി എന്‍.ഡി.എ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

ഭരണം പിടിച്ചെടുക്കാന്‍

ഇത്തവണ ഭരണം ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ജോസ് കെ.മാണി വിഭാഗം മുന്നണിയിലേക്ക് വന്നതും കോണ്‍ഗ്രസിലെ പ്രശ്നങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കൂടാതെ വളരെ നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനും കഴിഞ്ഞു.

സി.പി.എമ്മാണ് ഏഴിടത്ത് മത്സരിക്കുന്നത്. സി.പി.ഐ. മൂന്നിടത്തും ജോസ് കെ.മാണി വിഭാഗം രണ്ടിടത്തും ജനാധിത്യ കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കും.

ശക്തി കൂട്ടാന്‍

കഴിഞ്ഞ തവണ രണ്ട് സീറ്റുകളാണ് ബി.ജെ.പി. നേടിയത്. ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്.

ഒമ്പതിടത്ത് മത്സരിക്കുന്നുണ്ട്. ഇതില്‍, അഞ്ചിടത്ത് ബി.ജെ.പിയും രണ്ടിടത്ത് ബി.ഡി.ജെ.എസും മത്സരിക്കും. സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന് പിന്തുണയും നല്‍കിയിട്ടുണ്ട്.

വികസനത്തിന്റെ കാലം

ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ഐ.എസ്.ഒ. അംഗീകാരം, ശുചിത്വ പദവി, ബാലസൗഹൃദ പഞ്ചായത്ത്, കായകല്‍പ്പ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിച്ചു.-നിസാര്‍ പഴേരി, (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്)

അച്ചാര്‍ യൂണിറ്റ് പോലുമില്ല

വികസന മുരടിപ്പാണ് പഞ്ചായത്തില്‍. കാര്‍ഷിക പ്രാധാന്യമുള്ള പഞ്ചായത്തില്‍ യു.ഡി.എഫ്. ഭരണസമിതി അതിനായി ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായി ഒരു യൂണിറ്റ് പോലും ഉണ്ടാക്കാനായില്ല. റോഡിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്നങ്ങള്‍ വേറെ. ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാം. ഇത്തവണ എല്‍.ഡി.എഫ്. വരും. വികസന പദ്ധതികളൊക്കെ നടപ്പാക്കും- എം.എം.മാത്യു, (സി.പി.എം. പഞ്ചായത്ത് സെക്രട്ടറി)

ഒന്നും ചെയ്യുന്നില്ല

പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. ജനങ്ങള്‍ ദുരിതത്തിലാണ്. എന്‍.ഡി.എ. അധികാരത്തില്‍ എത്തിയാല്‍ പഞ്ചായത്ത് ഇതുവരെ കാണാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. കേന്ദ്ര പദ്ധതികള്‍ കൃത്യമായി നടപ്പാക്കും.-പി.ആര്‍.രമേശ്, (ബി.ജെ.പി.)

content highlights: idukki local self government kumaramangalam panchayath