election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

ചെറുതോണി: ജില്ലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന വാഴത്തോപ്പ് പഞ്ചായത്ത് പിടിക്കാന്‍ കടുത്ത പോരാട്ടത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും.

ഇതിനായി ഇരുഭാഗത്തും സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ അതിവേഗം ചൂടുപിടിക്കുകയാണ്. പതിനാല് വര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഒരോ പ്രാവശ്യവും ഭരണം മാറും. ആ ട്രെന്‍ഡ് മുന്നില്‍ കണ്ട് ജനസമ്മതരെ ഇറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന പഞ്ചായത്ത് ആയതിനാല്‍ നികുതിവരുമാനം കൂടിയ പഞ്ചായത്താണ്.

കൃഷിയും ക്ഷീരമേഖലയുമാണ് ജനങ്ങളുടെ പ്രധാന തൊഴിലും വരുമാനമാര്‍ഗവും. അതിനാല്‍ ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളും പോരാഴ്മകളും വോട്ടുകളെ സ്വാധീനിക്കും. 2018-ലെ പ്രളയം ഏറ്റവും കൂടുതല്‍ അനുഭവിച്ച പഞ്ചായത്തുകൂടിയാണിത്.

സ്ഥിരതയില്ല

സ്ഥിരതയില്ലാത്ത പ്രസിഡന്റ് സ്ഥാനം വികസനം അനിശ്ചതത്വത്തിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരാണ് പ്രസിഡന്റായത്. ഇത് വികസന പ്രവര്‍ത്തനത്തെ ബാധിച്ചു. ചെറുതോണി, തടിയമ്പാട്, മണിയാറംകുടി, പൈനാവ് തുടങ്ങിയ പ്രധാന ടൗണുകളില്‍ അടിസ്ഥാന ആവശ്യമായ ശൗചാലയം ഇല്ല. കുടിവെള്ളം ലഭിക്കാതെ ഗ്രാമീണര്‍ വലയുകയാണ്. മാര്‍ക്കറ്റിന് നാട്ടുകാര്‍ സ്ഥലം തടിയമ്പാട് നല്‍കിയിട്ടും പ്രയോജനപ്പെടുത്തിയില്ല. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്‌ലാറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഉണ്ടായിട്ടും ഏറ്റെടുത്ത് നടപ്പാക്കിയില്ല.-ജോര്‍ജ് പോള്‍,(എല്‍.ഡി.എഫ്.)

ആവശ്യം അറിഞ്ഞുള്ള പ്രവര്‍ത്തനം

കഴിഞ്ഞ അഞ്ച് വര്‍ഷം വാഴത്തോപ്പ് പഞ്ചായത്തിലെ ജനകീയ ആവശ്യം അറിഞ്ഞ് ഭരണം നടത്തി. ഗ്രാമീണ റോഡുകളുടെ നിര്‍മാണവും കുടിവെള്ള പദ്ധതികളും നടപ്പാക്കി. തടിയമ്പാട് കമ്യൂണിറ്റിഹാള്‍ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്ത് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടി. ഓഫീസ് പൂര്‍ണമായും സൗരോര്‍ജ വൈദ്യുതീകരണവും നടത്തി. പ്രധാന ടൗണുകള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പൊതുശ്മശാനം പുതുക്കിപ്പണിതു. പ്ലാസ്റ്റിക് ശേഖരണകേന്ദ്രം സ്ഥാപിച്ചു.-പി.ഡി.ജോസഫ്(യു.ഡി.എഫ്.)

  • ഒറ്റനോട്ടത്തില്‍
  • ആകെ വോട്ടര്‍മാര്‍-14,995
  • സ്ത്രീ-7707,
  • പുരുഷ വോട്ടര്‍മാര്‍-7248
  • ആകെ 14 വാര്‍ഡുകള്‍
  • സീറ്റുകള്‍, സംവരണം

പേപ്പാറ-എസ്.ടി.

പെരുങ്കാല-എസ്.സി.

മണിയാറംകുടി-വനിത

മുളകുവള്ളി-ജനറല്‍

മഞ്ഞപ്പാറ-ജനറല്‍

കരിമ്പന്‍-വനിത

തടിയമ്പാട്-വനിത

കേശമുനി-ജനറല്‍

വാഴത്തോപ്പ്-വനിത

താന്നികണ്ടം-വനിത

ചെറുതോണി-വനിത

ഗാന്ധിനഗര്‍-വനിത

പൈനാവ്-ജനറല്‍

മുക്കണംകുടി-ജനറല്‍

content highlights: idukki local self government election vazhathope panchayath