election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

വണ്ടിപ്പെരിയാര്‍: 1951 മേയ് 31-നാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് രൂപവത്കരിച്ചത്. 23 വാര്‍ഡുകളും നാലുവില്ലേജുകളും പഞ്ചായത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 64,000 ജനസംഖ്യ. തേയില തോട്ടത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ഭരണസമിതികള്‍ തിരഞ്ഞടുക്കുന്ന രീതിയാണിവിടെ. ട്രേഡ് യൂണിയനുകള്‍ അടിസ്ഥാനത്തിലാണ് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍പോലും.

കഴിഞ്ഞ രണ്ട തവണയും അധികാരത്തിലെത്തിയതും ഇക്കാലയളവില്‍ ചെയ്തു തീര്‍ത്ത വികസന പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ്. ഇത്തവണയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഭരണത്തുടര്‍ച്ചയില്‍ മതിമറന്ന ഇടതുപക്ഷം നാടിനെ വികസനത്തിന്റെ കാര്യത്തില്‍ 50 വര്‍ഷം പിന്നോട്ടടിച്ചതായി യു.ഡി.എഫ്. ആരോപിക്കുന്നു. ഇടതിനോട് കൂറുകാണിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 23 സീറ്റില്‍ 13 എണ്ണത്തില്‍ വിജയിച്ചാണ് ഇടതുപക്ഷം തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തിലെത്തിയത്

യു.ഡി.എഫ്. ഒന്‍പത് സീറ്റില്‍ വിജയിച്ചപ്പോള്‍ ടൗണ്‍ വാര്‍ഡില്‍ എസ്.ഡി.പി.ഐ. അട്ടിമറി വിജയവും നേടിയിരുന്നു. ബി.ജെ.പി.ക്ക് തൊളിലാളി യൂണിയന്‍ മേഖലയില്‍ സ്വാധീനമില്ലെങ്കിലും ചില പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

താരതമ്യം ചെയ്യാനാവാത്ത വികസന പ്രവര്‍ത്തനങ്ങള്‍

മുന്‍ വര്‍ഷങ്ങളുമായി താരതമ്യംചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഭരണ സമിതി കാഴ്ചവെച്ചതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറയുന്നു. മാലിന്യ സംസ്‌കരണത്തില്‍ പുതിയ ചുവടുവയ്ക്കാന്‍ കഴിഞ്ഞു. വാളാര്‍ഡി ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം അവസാന ഘട്ടത്തിലാണ്. പൂണ്ടിക്കുളം ആയുര്‍വേദ ആശുപത്രിക്ക് അധിക സൗകര്യമേര്‍പ്പെടുത്തിയത് നേട്ടമാണ്. ലൈഫ് പദ്ധതിയിലൂടെ 800 വീടുകളിലധികം നല്‍കി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണസമിതി പൂര്‍ണ വിജയമാണ്. ക്ഷീരമേഖലയിലും വിദ്യഭ്യാസ മേഖലയിലും തോട്ടം മേഖലയിലും വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന ഉറച്ചവിശ്വാസത്തോടെയാണ് ഭരണ സമിതി പടിയിറങ്ങിയത്.- ശാന്തി ഹരിദാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

ഭരണ പരാജയം

പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടു. തോട്ടം മേഖലകളില്‍ നിര്‍ജീവമായ ക്ലബ്ബുകളെ, ലൈബ്രറികളെ പരിപോഷിപ്പിക്കാന്‍ പറ്റിയില്ല. അര്‍ഹരായവര്‍ക്ക് ഗ്രാന്റുകള്‍ എത്തിക്കുന്നതില്‍ രാഷ്ട്രീയ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. പലര്‍ക്കും തുക ലഭിച്ചിട്ടില്ല. ടൗണ്‍ മാലിന്യക്കൂന്പാരമാക്കി. കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു ഭരണസമിതി. അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പകുതിയിലധികവും പാലിക്കപ്പെട്ടില്ല. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.- നെജീം തേക്കുംകാട്ടില്‍, മുന്‍ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് (ഐ.), പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി

വികസന മുരടിപ്പ്

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഭരണസമിതി വികസന മുരടിപ്പിന്റെ ഉദാഹരണമാണ്.കമ്മ്യൂണിറ്റി ഹാള്‍ ജനോപകാരപ്രദമാക്കിയില്ല. ലൈഫ് പദ്ധതിയില്‍ വ്യാപകമായ ക്രമക്കേട് നടത്തി. കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തി. കുടിവെള്ളം എത്തിക്കുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. ബി.ജെ.പി. ഇത്തവണ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കും.-വിനോദ് മോഹന്‍, ജനറല്‍ സെക്രട്ടറി, ബി.ജെ.പി. വണ്ടിപ്പെരിയാര്‍, പഞ്ചായത്ത് കമ്മിറ്റി.

content highlights: idukki local self government election vandiperiyar panchayath