ഉപ്പുതറ: എട്ടര കഴിഞ്ഞു. ഉപ്പുതറ ടൗണ്‍ സജീവമായിത്തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. ചില സ്ഥാനാര്‍ഥികളുമുണ്ട്. അല്പം നേരം സൊറപറച്ചില്‍, അടുത്തുള്ള പീടികയില്‍നിന്ന് ഒരു ചായ. ഇറങ്ങുകയായി. മണ്ണിന്റെ രാഷ്ട്രീയം അലയടിക്കുന്ന ഉപ്പുതറയിലെ തിരഞ്ഞെടുപ്പ് ഗോദായിലേക്ക്.

മണ്ണാണ് എല്ലാം

മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങളാല്‍ ചൂടുപിടിച്ച മണ്ണ്, ആദ്യകാല പഞ്ചായത്ത്. പ്രത്യേകതകള്‍ ഏറെയാണ് ഉപ്പുതറയ്ക്ക്. ഈ തിരഞ്ഞെടുപ്പില്‍ മണ്ണ് തന്നെയാണ് ഉപ്പുതറയിലെ ഏറ്റവും വലിയ പ്രചാരണ വിഷയം. ടൗണും സമീപമുള്ള രണ്ട് വാര്‍ഡുകളിലുമാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നത്. ഇവിടേക്ക് തന്നെയാണ് ആദ്യം പോയതും.

പട്ടയഭൂമിക്ക് കരം അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഉപ്പുതറ ടൗണ്‍, കാക്കത്തോട്, പൊരികണ്ണി വാര്‍ഡുകളിലായി ആയിരത്തോളം കുടുംബങ്ങളാണ് കഷ്ടത്തിലായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം കിട്ടി കരം അടച്ചുകൊണ്ടിരുന്ന ഭൂമിയാണ് ഇത്. തോട്ടം തരംമാറ്റിയ ഭൂമിയാണ് ഇതെന്ന രാജമാണിക്യം കമ്മിഷന്റെ റിപ്പോര്‍ട്ടോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. മൂന്ന് വാര്‍ഡുകളിലും കറങ്ങി ഉച്ചയോടെ ടൗണില്‍ തിരിച്ചെത്തി. മോളിച്ചേച്ചിയുടെ ചായപ്പീടികയില്‍ കയറി ഒരു ചായകൂടി കുടിച്ചു. അവിടെ രാഷ്ട്രീയചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. പ്രചാരണത്തിനിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. കടയുടെ മുമ്പിലെ മൂടി പോയ ഓടയില്‍ വീണ് പലര്‍ക്കും അപകടം പറ്റുന്ന കാര്യം മോളിച്ചേച്ചി അവരോട് പറയുന്നുണ്ടായിരുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കാമെന്ന് പാര്‍ട്ടിക്കാരുടെ ഉറപ്പും.

മേമാരിയുടെ ദുഃഖം

ടൗണില്‍നിന്ന് 23 കിലോമീറ്റര്‍ അപ്പുറമാണ് മേമാരി ആദിവാസിക്കുടി. അവിടെ എത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി. എട്ട് കിലോമീറ്റര്‍ ഉള്‍വനത്തിലൂടെയായിരുന്നു യാത്ര. മണ്‍ റോഡായതിനാല്‍ ഇത്ര ദൂരം ജീപ്പിലേ പോകാന്‍ കഴിയൂ. എത്തിയപ്പോഴേക്കും വൈകീട്ട് മൂന്നരയായി.

93 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മുന്നൂറോളം വോട്ടര്‍മാരുണ്ട്. നല്ലൊരു റോഡാണ് ഇവര്‍ക്ക് വേണ്ടത്. മേമാരിയില്‍ ഒരു ജീപ്പ് മാത്രമേയുള്ളൂ. ഇത് പുറത്തേക്ക് പോകുന്ന ദിവസം ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ എട്ട് കിലോമീറ്റര്‍ ചുമന്ന് കണ്ണന്‍പടിയിലേക്ക് കൊണ്ടുവരേണ്ടി വരും. വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പക്ഷേ, ഇതുവരെയും നടപടി ഉണ്ടായില്ല.

കണ്ണീരുതോരാതെ

ആറരയോടെ പുതുക്കടയിലെത്തി. ഇവിടെയാണ് അടഞ്ഞുകിടക്കുന്ന ചീന്തലാര്‍, ലോണ്‍ട്രി എസ്റ്റേറ്റിന്റെ ഹൃദയഭാഗം. ഒരുപാട് തോട്ടം തൊഴിലാളികളുടെ കണ്ണീര് വീഴുന്നയിടമാണ്. 20 വര്‍ഷമായി ഇത് അടഞ്ഞുകിടക്കുകയാണ്. ട്രേഡ് യൂണിയനുകള്‍ വീതിച്ച് നല്‍കിയ തേയിലച്ചെടികളില്‍നിന്നുള്ള കൊളുന്ത് നുള്ളിയാണ് പാവങ്ങള്‍ ഉപജീവനം നടത്തുന്നത്. ഇത്തവണയെങ്കിലും തോട്ടം തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

പറയാനുണ്ട് പലതും

ഉപ്പുതറ ടൗണിലെ ഓടകളുടെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി റോഡ് നിരപ്പില്‍ സ്ലാബുകള്‍ സ്ഥാപിച്ചാല്‍ കാല്‍നടക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് ടൗണില്‍ ചായപ്പീടിക നടത്തുന്ന മോളി ജോസഫ് പറയുന്നത്.

റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനും കഴിയും. മുഴുവന്‍ മഴവെള്ളവും റോഡിലൂടെയാണ് ഒഴുകുന്നത്. ഈ വെള്ളം ഓടയിലൂടെ ഒഴുക്കാനും നടപടി സ്വീകരിക്കണം. ടൗണില്‍ ശൗചാലയം നിര്‍മിക്കാനും വൃത്തിയായി സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് മോളി ജോസഫ് ആവശ്യപ്പെടുന്നു.

ബസ്സ്റ്റാന്‍ഡും ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളും നിര്‍മിക്കണമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ കൂട്ടുങ്കല്‍ പ്രസാദ് ആവശ്യപ്പെടുന്നത്. ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യമൊരുക്കണം. ഇപ്പോള്‍ വഴിയരികിലാണ് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. ടൗണിലേക്കുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. വഴികള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ കൂലി കൂടുതല്‍ വാങ്ങിക്കേണ്ട ഗതികേടിലാണ്. ഇത് യാത്രക്കാരുമായി തര്‍ക്കത്തിനും വാക്കേറ്റത്തിനും കാരണമാകുന്നുണ്ടെന്ന് പ്രസാദ് വിഷമത്തോടെ പറയുന്നു.